നൂറുകോടിയിലധികം കളക്ഷന്‍ നേടി മോളീവുഡിന്റെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച, മലയാളത്തിന്റെ വിസ്മയം മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്. ആക്ഷന്‍രംഗങ്ങളും സാങ്കേതികത്തികവും കൊണ്ട് മലയാളക്കരയിലെ തിയേറ്ററുകളില്‍ പുലിമുരുകന് സൃഷ്ടിച്ച ആരവം നൂറ്റിയന്പത് ദിവസം പിന്നിടുകയാണ്.
പുലിമുരുകന്റെ അണിയറക്കഥകള്‍ മാത്രമല്ല വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ പുലിമുരുകനെപ്പറ്റി ഒരു സമ്പൂര്‍ണ പുസ്തകം ഇറങ്ങാന്‍ പോകുന്നു. പേര് പുലിമുരുകന്; ബോക്സ് ഓഫീസിലൊരു ഗര്‍ജ്ജനം. മാധ്യമപ്രവര്‍ത്തകനായ ടി അരുണ്‍ കുമാര്‍ എഴുതുന്ന പുസ്തകത്തെപ്പറ്റിയുള്ള വിവരം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
മോഹന്‍ ലാലിന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമൊക്കെ അഭിമുഖങ്ങള്‍ കോര്‍ത്തിണക്കി മൂന്നു ഭാഗങ്ങളായിട്ടാണ് പുസ്തകം ഒരുക്കിയിരിക്കുന്നതെന്ന് ടി അരുണ്‍ കുമാര്‍ ഒരു മധ്യമത്തോട് പറഞ്ഞു.
സംവിധായകന് വൈശാഖുമായുള്ള ദീര്‍ഘസംഭാഷണത്തില്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ താന്‍ നേരിട്ട വെല്ലുവിളികളും സമ്മര്‍ദ്ദങ്ങളുമൊക്കെ സംവിധായകന് വായനക്കാരോട് സംവദിക്കുന്നു. പുലിയുടെ ചലനങ്ങള്‍ ക്യാമറയിലൊതുക്കാന്‍ ഇരുപതുദിവസത്തോളം തായ്ലന്ഡിലെ കാടുകളില്‍ കഴിഞ്ഞതും പാതിവഴിയില്‍ പടം വഴിമുട്ടുമെന്ന നിലവന്നതും അഥവാ ചിത്രം പുറത്തിറങ്ങി പരാജയപ്പെട്ടാല്‍ സിനിമ ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതുമൊക്കെ വൈശാഖ് തുറന്നു പറയുന്നു.
മോഹന്‍ ലാലിന്റെയും നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടത്തിന്റെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണന്റെയും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനിന്റെയും കാമറാമാന് ഷാജി കുമാറിന്റെയുമൊക്കെ സംഭാഷണങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകമിറങ്ങും.
Post Your Comments