CinemaFilm Articles

ഇനിയുമേറെ സഞ്ചരിക്കാനുള്ള മലയാളത്തിന്‍റെ അതുല്യ നടന് ഗ്രേറ്റ്‌ ഫാദറിന്‍റെ പ്രേക്ഷക വിധി നിര്‍ണായകം!(movies special)

മലയാള സിനിമയില്‍ ഏകദേശം ഒരേ കാലയളവില്‍ കടന്നുവന്ന അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നാല്‍പ്പത് വര്‍ഷത്തോടടുക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി വിജയങ്ങളും പരാജയങ്ങളും ഇരുവര്‍ക്കും സംഭവിച്ചിട്ടുണ്ട്. സമീപകാലത്തായി മമ്മൂട്ടിയുടെ കാര്യങ്ങള്‍ അത്ര ശുഭമല്ല. മോഹന്‍ലാല്‍ മലയാളത്തില്‍ ഹാട്രിക് വിജയങ്ങളുടെ തേരിലേറി സഞ്ചരിക്കുമ്പോഴും മമ്മൂട്ടിയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ മികച്ചൊരു ചിത്രം അടുത്തെങ്ങും ഇറങ്ങിയിട്ടില്ല. കലാമൂല്യം കൈവരിച്ച ‘പത്തേമാരി’യും, ‘മുന്നറിയിപ്പും’ ഒഴിച്ചാല്‍ മമ്മൂട്ടിയുടെ സിനിമാ കരിയറിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല.ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ ചിത്രത്തിലെ നായകനായി മോഹന്‍ലാല്‍ വിലസുമ്പോഴും മമ്മൂട്ടിക്കൊരു ഹിറ്റ് ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. ‘പുലിമുരകനൊ’പ്പം ഇറങ്ങിയ ‘തോപ്പില്‍ ജോപ്പന്‍’ സാമ്പത്തികമായി നേട്ടം കൈവരിച്ചെങ്കിലും നല്ലൊരു വിനോദ സിനിമയെന്ന പേര് പ്രേക്ഷകരില്‍ നിന്ന് സ്വന്തമാക്കാന്‍ ചിത്രത്തിനായില്ല. ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് കുതിക്കുന്ന മോഹന്‍ലാല്‍ യുദ്ധഭൂമിയിലെ ധീരനായി മേജര്‍ രവിക്കൊപ്പം വേനലവധിക്കെത്തുമ്പോള്‍ മമ്മൂട്ടി നവാഗത സംവിധായകനായ ഹനീഫ് അദേനിക്കൊപ്പമാണ് കൈകോര്‍ക്കുന്നത്. യുവാക്കളെ ലക്ഷ്യമിടുന്ന ‘ഗ്രേറ്റ്‌ ഫാദര്‍’ മമ്മൂട്ടിയിലെ നടനെ മാസ്സായി അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഡേവിഡ് നൈനാന്‍’ എന്ന കഥാപാത്രത്തെ കിടിലന്‍ ഗെറ്റപ്പോടെ അവതരിപ്പിക്കാനാണ് മമ്മൂട്ടിയുടെ പരിശ്രമം. സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കാത്ത പ്രമേയമാണെങ്കില്‍ ഗ്രേറ്റ്‌ ഫാദറിന് ബോക്സ് ഓഫീസില്‍ കാര്യമായ പുരോഗതി നേടിയെടുക്കാന്‍ കഴിയാതെ വന്നേക്കാം. സിനിമ മികച്ചതാണെങ്കില്‍ യുവാക്കളുടെ തള്ളിക്കയറ്റം ഗ്രേറ്റ്‌ ഫാദറിനെ ഹിറ്റ് ലിസ്റ്റില്‍ എത്തിക്കും.
ഗ്രേറ്റ്‌ ഫാദറിന്‍റെ പ്രേക്ഷക വിധിയെ ആശ്രയിച്ചാകും മമ്മൂട്ടിയുടെ താരമൂല്യവും ഇനിയുള്ള ഭാവി സിനിമാ ജീവിതവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുക.

സൂപ്പര്‍ താരങ്ങളുടെ ഒന്‍പത് സിനിമകള്‍ പരാജയപ്പെട്ടാലും പത്താമത്തെ സിനിമ വിജയിച്ചാല്‍ അവര്‍ പിന്നെയും സൂപ്പര്‍ സ്റ്റാര്‍ തന്നെയെന്ന ശ്രീനിവാസന്‍റെ പരിഹാസ പാരമാര്‍ശത്തിനൊന്നും ഇനിയിവിടെ യാതൊരു പ്രസക്തിയുമില്ല. മമ്മൂട്ടി സിനിമകളുടെ പരാജയങ്ങള്‍ അദ്ദേഹത്തിന്‍റെ താരമൂല്യത്തെ പിന്നിലേക്ക്‌ നിര്‍ത്തുകയാണ്. തോല്‍വിയിലേക്ക് വീണ്ടും ഇറങ്ങിയാല്‍ മമ്മൂട്ടിയിലെ നടന് ഒരിക്കലും പരിഹരിക്കപ്പെടാന്‍ കഴിയാത്ത ക്ഷീണമായി ഗ്രേറ്റ്‌ ഫാദര്‍ അവശേഷിക്കും, മറിച്ച് വിജയത്തിന്‍റെ തേരിലേറിയാല്‍ മലയാളത്തിന്‍റെ മഹാനടന് താരമൂല്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഇനിയുമേറെ ദൂരം പോകാം…

shortlink

Related Articles

Post Your Comments


Back to top button