സമീപകാലത്തായി തമിഴില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമാണെന്ന വാദവുമായി തമിഴ് സിനിമകളുടെ വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ്, സൂര്യ, ജയം രവി തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയതെന്നും നിര്‍മ്മാതാവിന് താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ചിത്രങ്ങള്‍ വിജയമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സമയത്ത് ഇളയ ദളപതി വിജയുടെ ഭൈരവ വിതരണത്തിനെടുത്ത വകയില്‍ കോടികളുടെ ബാധ്യതയുണ്ടെന്ന വിമര്‍ശനവുമായി കൊയമ്പത്തൂരിലെ വിതരണക്കാരന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യം രംഗത്ത്. വിജയ് ചിത്രം വിതരണത്തിനെടുത്ത വകയില്‍ തനിക്കുണ്ടായ നഷ്ടം 1.64 കോടി രൂപയില്‍ അധികമാണെന്നും സുബ്രഹ്മണ്യം പറയുന്നു.
സിനിമ വിജയിച്ചുവെന്ന് കാണിച്ച് നായകനായ വിജയ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ താനിന്ന് സാമ്പത്തിക ബാധ്യത കാരണം സ്വന്തം മാല വില്‍ക്കേണ്ട അവസ്ഥയിലാണ്. തന്റെ 1.64 കോടി രൂപയാണ് വെള്ളത്തിലായത്. ഇത് ദു:ഖകരമാണ്. ഇതൊന്നും വിജയിനെപ്പോലെയുള്ള ഒരു താരത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ലയെന്നും അദ്ദേഹം പറയുന്നു.
നിര്‍മാതാക്കളും സംവിധായകരും പറയുന്ന കള്ളക്കണക്ക് മാത്രമേ താരങ്ങള്‍ക്ക് അറിയൂ. താരങ്ങൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിദേശങ്ങളിലെയും വിതരണക്കാരെ നേരിട്ട് വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് വിജയുടെ പിആര്‍ഒ റിയാസ് പ്രതികരിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്ക് മാല നല്‍കിയത് സിനിമയുടെ വിജയത്തിന്റെ ഭാഗമായല്ലയെന്നും ചിത്രം യാഥാർഥ്യമാക്കാൻ കഠിന പ്രയത്‌നം നടത്തിയ അണിയറ പ്രവര്‍ത്തകരെ ആദരിക്കുക മാത്രമാണ് വിജയ് ചെയ്തതെന്നും റിയാസ് പറഞ്ഞു.
Post Your Comments