സദാചാര ഗുണ്ടായിസവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് മലയാളത്തിലെ ഒരു പ്രമുഖ യുവ നടിക്ക് നേരെ ആക്രമണം ഉണ്ടായത് കേരളം ഞെട്ടലോടെയാണ് കണ്ടത്. കൊച്ചിയില്‍ യുവ നടിക്കുണ്ടായ ആക്രമണത്തില്‍ കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പ്രതികരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തെ പറ്റി പറഞ്ഞാല്‍ സ്ത്രീകളുടെ സുരക്ഷ ഒരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. ഇപ്പോള്‍ ഒരു നടി. എന്നാല്‍ ഇതു മാത്രമല്ല ദിനംപ്രതി ഇത് പോലെ എത്രയോ കേസുകള്‍ നടക്കുന്നുണ്ട്. പക്ഷേ പലരും അവരുടെ ഭാവിയെ ഓര്‍ത്ത് അല്ലെങ്കില്‍ ഒരു ചീത്തപേര് ഉണ്ടാവുമെന്നുള്ള ഭയത്താല്‍ പുറത്തുപറയുന്നില്ലായെന്നു ചിത്ര അഭിപ്രായപ്പെടുന്നു. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് ചിത്ര ഇത് വ്യക്തമാക്കുന്നത്.
ഇപ്പോഴത്തെ കാലത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു പോലെ ജോലി ചെയ്യുന്ന സമയമാണ്. ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്താല്‍ മാത്രമേ ഒരു കുടുംബം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കു. വീട്ടില്‍ അമ്മയും പെങ്ങളുമുള്ള ആള്‍ക്കാരിത് ചെയ്യും എന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലയെന്നു ഗായിക പറയുന്നു.
100 ശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ നടക്കുന്നത്. ഇന്നത്തെ കുട്ടികളെന്താണ് ഇങ്ങനെ വഴിമാറി പോകുന്നതെന്ന് താനും ഒരുപാട് ചിന്തിക്കാറുണ്ട്. ഒരു സെലിബ്രിറ്റിയെ പോലും കടത്തികൊണ്ട് പോകാനുള്ളൊരു ധൈര്യം ഉണ്ടാകുന്നു.
ഇന്ത്യ വിട്ട് പോയി ജീവിക്കുന്നവരൊന്നും ഇത്രയും വലിയ കുറ്റങ്ങള്‍ ചെയ്യാറില്ല. കാരണം ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക് അവിടെ കടുത്ത ശിക്ഷകളാണ് നല്‍കുന്നത്. നമ്മുടെ നിയമത്തില്‍ ഇങ്ങനത്തെ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഇല്ലാത്തതു മൂലമാണ് ഇവിടെ ഇതെല്ലാം നടക്കുന്നതിനു പ്രധാന കാരണമായി എല്ലാരും പൊതുവേ പറയുന്നത്. ശക്തമായ ഒരു നിയമം വരേണ്ടിയിരിക്കുന്നു.
ഇങ്ങനെ ചെയ്യുന്നവരോട് തനിക്ക് പറയാന്‍ ഒന്നേ ഉള്ളുവെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു മുന്‍പ് വീട്ടിലുള്ള അമ്മയേയും പെങ്ങള്മാരെയും ഓര്ക്കുവെന്നും ചിത്ര പറയുന്നു.
Post Your Comments