കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി ആ സംഭവത്തെ അതിജീവിച്ച് സിനിമയിലും ജീവിതത്തിലും മടങ്ങിയെത്തിയതിനെയും ഇനി സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച നടന് പൃഥ്വിരാജിനെയും അഭിനന്ദിച്ച് മഞ്ജു വാരിയര്‍.
വേദനിപ്പിക്കപ്പെടുകയും മുറിവേല്‍ക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരാള്‍ക്ക് സമൂഹത്തിന് നല്കാവുന്ന ഏറ്റവും നല്ല സന്ദേശമാണിതെന്നും ഒപ്പം നിന്ന് അഭിനയത്തിലേക്ക് കൈപിടിച്ചു കയറ്റിയ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മഞ്ജു ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മഞ്ജുവിന്റെ പോസ്റ്റ് പൂര്‍ണ്ണ രൂപം
അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു.
Post Your Comments