പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ പൾസർ സുനിയെ തപ്പി പൊലീസ് പരക്കം പായുമ്പോൾ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പള്‍സര്‍ സുനി എന്ന പേരില്‍ പ്രചരിക്കുന്നത് റിയാസ് ഖാന് എന്നാ ചെറുപ്പക്കാരന്റെ ചിത്രമാണ്. അതിനു കാരണം ഈ കേസിന് പിന്നില്‍ മലയാള സിനിമയിലെ ഒരു പ്രമുഖനാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്. അതിനെക്കുറിച്ച് റിയാസ് ഖാന് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയോട് പ്രതികരിക്കുന്നു.
പള്‍സര്‍ സുനി എന്ന വ്യക്തിയെ തനിക്ക് അറിയില്ല. ഈ സംഭവത്തിനു മുന്‍പ് അങ്ങനെ ഒരു പേരും കേട്ടിട്ടില്ല. എന്നാല്‍ അയാളുടെ പേരില്‍ നവമാധ്യമങ്ങള്‍ അടക്കം ചില ഓണ്‍ലൈന്‍ പത്രങ്ങളിലും പ്രചരിക്കുന്നത് തന്റെ ചിത്രമാണ്. രൂപ സാമ്യം അല്ല തന്റെ ചിത്രം ഉപയോഗിക്കാന്‍ കാരണം. താന്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സ് അസോസിയേഷന് സംഘടനയുടെ മുന്പില് ദിലീപ് എന്ന പേരുള്ളതാണ് ഇതിനു കാരണം. ആലപ്പുഴയിലെ ദിലീപ് അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എടുത്ത ഒരു ചിത്രം അതും ദിലീപിനൊപ്പം നില്ക്കുന്ന ചിത്രം തന്റെ എഫ് ബി പേജില്‍ റിയാസ് പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് നവ മാധ്യമങ്ങളില്‍ കൂടി പള്‍സര്‍ സുനി എന്ന പേരില്‍ പ്രചരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ പത്രവും ഈ ചിത്രം കൊടുത്ത് വാര്‍ത്ത നല്കി. ഇത് ശരിയല്ല. പള്‍സര്‍ സുനി എന്ന വ്യക്തിയുടെ വാര്‍ത്ത നല്കിയവര് ചിത്രത്തെ ക്കുറിച്ചും വ്യക്തമായി അന്വേഷിക്കാതെ നല്‍കിയത് ശരിയല്ല. സിനിമയിലെ ചില സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരുവാക്കാനായി തന്റെ ചിത്രത്തെ കൂട്ടു പിടിക്കുകയും അതിനു ചില മാധ്യമങ്ങള്‍ പിന്തുനല്കുന്നതുമാണ് നടന്നത്.
ഇതില്‍ മറ്റൊരു വിരോധാഭാസം നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ സിനിമാ താരങ്ങള്‍ എല്ലാം പങ്കെടുത്തുകൊണ്ട് കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തുവെന്നതാണ്. മറ്റൊരു കാര്യം അദ്ദേഹത്തിനെതിരെ പരസ്യമായും അല്ലാതെയും നടക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അദ്ദേഹത്തിനു പിന്തുണയുമായി രംഗത്തെത്തുകയോ സംസരിക്കുകയോ ചെയ്യാത്തത് വളരെ ദുഖകരമാണ്. ചിലര്‍ ഈ പ്രശ്നത്തെ മുതലാക്കികൊണ്ട് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നത്. താനും അതിനു ഇരയാകുകയാണ്.
ഈ വാര്‍ത്ത കൊടുത്ത എഡിറ്റര്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും ക്ഷമാപണം നടത്തുകയോ തെറ്റ് തിരുത്തുകയോ ചെയ്തില്ല. ഇത് പത്ര ധര്‍മ്മമാണോ? കൂടാതെ തന്റെ പേരില്‍ ഈ വിഷയത്തെ വര്‍ഗ്ഗീതയുമായി കൂടികലര്ത്താനും ചിലര്‍ ശ്രമിക്കുന്നു.
ഈ വിഷയത്തില്‍ തനിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിയില്‍ കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു. നിയമപരമായി ഈ വിഷയത്തെ നേരിട്ടുകൊണ്ട് മുന്നോട്ട് പോകുവാനാണ് തീരുമാനം. അങ്ങനെ തിരുവനന്തപുരം സിറ്റികമ്മീഷണറെ നേരില്‍ കാണുകയും സൈബര്‍ സെല്ലില്‍ കേസ് നല്‍കുകയും ചെയ്തു. സത്യം എല്ലാവരും അറിയട്ടെ. അതാണ് വേണ്ടത്.
Post Your Comments