CinemaGeneralNEWS

സൂര്യകിരീടം വീണുടഞ്ഞു…. ഗിരീഷ് പുത്തഞ്ചേരി ഒരോര്‍മ്മ

പാട്ടുകളെ പ്രണയിക്കാത്തവര്‍ അപൂര്‍വ്വം. മലയാളിയുടെ മനസ്സില്‍ ഋതുഭേതങ്ങള്‍‌ ചാലിച്ച വരികളിലൂടെ സ്ഥാനം പിടിച്ച ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. മലയാളികള്‍ക്ക് എന്നെന്നും മനസിൽ സൂക്ഷിക്കാനുള്ള മനോഹരവരികൾ അദ്ദേഹം സമ്മാനിച്ചു. ഈണങ്ങള്‍ക്കതീതമായി അർഥങ്ങൾ തീർത്ത വരികൾ ബാക്കിയാക്കി ഗിരീഷ് പുത്തഞ്ചേരി 2010 ഫെബ്രുവരി 10ന് യാത്രയായി.

സിനിമയില്‍ ഗാനങ്ങള്‍ ഇന്ന് വെറും അലങ്കാരം മാത്രമായി മാറുമ്പോള്‍ കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വരികള്‍ എഴുതാനുള്ള സാമര്‍ഥ്യവും ചാരുതയും ഗിരീഷ് പുത്തഞ്ചേരിയ്ക്കുണ്ടായിരുന്നു. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ അവസാനത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.

കമലിന്റെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിന്റെ റെക്കോഡിങ് സമയത്തു വിദ്യാസാഗര്‍ ചിട്ടപ്പെട്ടുത്തിയ ഈണവുമായി ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ ചേര്‍ന്ന് പോകുന്നില്ല. വരികള്‍ മാറ്റേണ്ടി വരുമെന്ന് സംശയത്തില്‍ നില്‍ക്കുമ്പോള്‍ ‘വേണ്ട ഈ വരി തന്നെ കിടക്കട്ടെ. ഞാന്‍ ഈണമൊന്ന് മാറ്റിപ്പിടിച്ചുനോക്കാം. ഇത്രയും നല്ല വരികള്‍ കണ്ടിട്ട് നാളുകുറേയായി’യെന്നു വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടത്‌ ഈ കലാകാരന്‍റെ ജീവിതത്തിലെ ഒരു മനോഹര നിമിഷം. അതുപോലെ ആദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു സൗഭാഗ്യമാണ് ദില്‍സേയിലെ ജിയാ ചലെയിലെ മലയാളം വരികള്‍. ഈ വരികള്‍ക്കുവേണ്ടി ഗിരീഷിനെ സാക്ഷാല്‍ എ. ആര്‍. റഹ്മാന്‍ സമീപിച്ചു. അന്നദ്ദേഹം ഒരേ സമയം നാലിലധികം ചിത്രങ്ങള്‍ക്ക് പാട്ടെഴുതുന്നു. കൂടാതെ പിറ്റേന്നു റെക്കോർഡ് ചെയ്യാന്‍ വരികള്‍ വേണമെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ എ. ആര്‍. റഹ്മാനെ കാത്തു നിന്ന് ഗാനം ഏല്‍പ്പിക്കാതെ താന്‍ എഴുതിയ വരികള്‍ മണിരത്‌നത്തിന്റെ സഹായിയെ ഏല്‍പിച്ച് കോഴിക്കോട്ടേയ്ക്ക് മടങ്ങി. അന്ന് റഹ്മാനെ കാത്തുനിന്നു കാണാത്തതില്‍ അദ്ദേഹത്തിനു കുറ്റബോധവുമുണ്ടായിരുന്നു. എന്നാല്‍ പിന്നീടവര്‍ നല്ല സുഹൃത്തുക്കളായി.

ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ഗിരീഷ്‌ പുത്തഞ്ചേരിക്ക് ലഭിച്ചു. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്- മായാമയൂരം, ഹരിമുരളീരവം- ആറാം തമ്പുരാന്‍, ഗോപികേ ഹൃദയമൊരു വെണ്‍ശംഖുപോലെ -നന്ദനം, ഒരു രാത്രി കൂടി -സമ്മര്‍ ഇന്‍ ബത്‌ലഹേം, കരിമിഴിക്കുരുവിയെ കണ്ടില്ല -മീശ മാധവന്‍, കണ്ണാടിക്കൂടും കൂട്ടി… (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി (രസികന്‍), ജൂണിലെ നിലാമഴയില്‍- നമ്മള്‍ തമ്മില്‍, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാന്‍- ഇവര്‍ വിവാഹിതരായാല്‍…തുടങ്ങി പ്രണയത്തിന്റെ കൈലാസയാത്രയില്‍ സഹയാത്രികരായ വരികള്‍ ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

വിഷാദത്തിന്റെ കണ്ണീര്‍നനവ് ആര്‍ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില്‍ നിന്നുമുണ്ടായി. ഇന്നലെ എന്റെ നെഞ്ചിലെ- ബാലേട്ടന്‍, അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു- മാടമ്പി. തലമുറകള്‍ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ -കന്മദം, ഒരു കിളി പാട്ടു മൂളവേ- വടക്കുംനാഥന്‍, തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്‌കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു.

അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

shortlink

Related Articles

Post Your Comments


Back to top button