GeneralNEWS

നിങ്ങള്‍ക്ക് എത്ര മുസ്തഫമാരെ അറിയാം? പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി എഴുതിയ രസകരമായ അനുഭവം വായിക്കാം

സ്വാഭാവിക നര്‍മങ്ങള്‍ മലയാള സിനിമയില്‍ മനോഹരമായി എഴുതി ചേര്‍ക്കുന്ന എഴുത്തുകാരനാണ്‌ രഘുനാഥ് പലേരി.അത് കൊണ്ട് തന്നെയാണ് പൊന്മുട്ടയിടുന്ന താറാവും, മേലെ പറമ്പിലെ ആണ്‍വീടുമൊക്കെ പലയാവര്‍ത്തി നമുക്ക് കാണാന്‍ തോന്നുന്നത്.

തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലും നര്‍മം തുളുമ്പുന്ന ഹൃദയ സ്പര്‍ശിയായ അനുഭവങ്ങള്‍ രഘുനാഥ് പലേരി പങ്കുവെയ്ക്കാറുണ്ട്‌.

രഘുനാഥ് പലേരി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട രസകരമായ അനുഭവ കഥ വായിക്കാം

മുസ്തഫക്ക് എന്നും പഴംപൊരിയുടെ മണമാണ്.
എനിക്കൊരുപാട് മുസ്തഫമാരുണ്ട്. പഴയന്നൂരിലെ മുസ്തഫ. മീൻകാരൻ മുസ്തഫ. കോളേജിൽ പരിചയപ്പെട്ട, ലാബ് കണ്ടാൽ തലചുറ്റുന്ന മുസ്തഫ. കല്ല്യാണം കഴിച്ചാതാണെന്നറിയാതെ സുനൈനയെ പ്രേമിച്ച മുസ്തഫ. ബാപ്പയോട് മിണ്ടാതെ മൂന്നു വർഷത്തോളം പിണങ്ങി നടന്ന് പെട്ടെന്നൊരു ദിവസം ബാപ്പയെ പൊന്നുപോലെ പരിചരിക്കാൻ തുടങ്ങിയ മുസ്തഫ.
അവരിൽ പലരും ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ കഴിയോ എന്നും അറിയില്ല. എന്നാൽ അവർക്കിടയിലെങ്ങും പെടാതെ നിൽക്കുന്നൊരു യമണ്ടൻ മുസ്തഫയാണ് ഈ മുസ്തഫ. ഇതുപോലൊരെണ്ണം ലോകത്തിൽ എവിടെയും ഇല്ല. എന്റെ ജീവിതത്തിൽ അല്ലാതെ.
കോഴിക്കോട് നടക്കാവ് സർക്കാർ യുപി സ്‌ക്കൂളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. മുസ്തഫക്ക് എല്ലാ ക്ലാസും ഓർമ്മയുണ്ട്. എനിക്കാകെ നാലും അഞ്ചും ക്ലാസുകളേ ഓർമ്മയുള്ളു. മുസ്തഫ എന്നേക്കാൾ നന്നായി പഠിക്കും. ഫുൾ ജോളി. രസികൻ. നിരീക്ഷകൻ. മനുഷ്യസ്‌നേഹി. സമൂഹസ്‌നേഹി. അങ്ങിനെ ഒരുപാട് സ്‌നേഹി. മുസ്തഫ ക്ലാസിൽ ഉണ്ടെങ്കിൽ എനിക്കൊരു ഹരമാണ്. കറുത്ത് കുറുതായി മുല്ലപ്പൂ പല്ലുകളുള്ള മുസ്തഫയുടെ മുഖം നിറയെ ചിരിയാണ്. നല്ല മാർക്ക് കിട്ടുമ്പോഴും നല്ല തല്ല് വാങ്ങുമ്പോഴും ആ ചിരിയിൽ യാതൊരു വ്യത്യാസവും വരാറില്ല. അതാണ് മുസ്തഫ. ആ മുസ്തഫയുടെയും എന്റെയും നാലാംക്ലാസ്. ആമിന ടീച്ചറാണ് ക്ലാസ് ടീച്ചർ. ടീച്ചർക്ക് ഏത് നേരവും കേട്ടെഴുത്താണ്. ടീച്ചർ പറയുന്ന പത്ത് വാക്കുകൾ സ്ലേറ്റിൽ കാണാതെ എഴുതണം. എഴുതിക്കഴിഞ്ഞ സ്ലേറ്റ് ടീച്ചറുടെ മേശമേൽ അട്ടിക്ക് വെക്കണം. ടീച്ചർ അതീന്ന് ഒരോ സ്ലേറ്റായി എടുക്കും. കേട്ടെഴുത്ത് നോക്കും. തെറ്റും ശരിയും ചോക്കിൽ വരക്കും. പിന്നെ സ്ലേറ്റ് ഉയർത്തി പിടിച്ച് ചോദിക്കും.
*ഇതാർതേ ദാ…?*
സ്ലേറ്റ് കാണുന്ന ഉടമസ്ഥക്കുട്ടി എഴുന്നേറ്റു നിൽക്കും. തെറ്റുണ്ടെങ്കിൽ ഓരോ തെറ്റിന് ഓരോ അടി. ഇല്ലെങ്കിൽ സ്ലേറ്റ് ഫ്രീ. അങ്ങിനങ്ങിനെ കുട്ടികൾ ഒന്നും രണ്ടും അടി വാങ്ങി കടന്നു പോയി. സ്ലേറ്റ് ഉയർന്നുകൊണ്ടിരുന്നു. ഓരോ സ്ലേറ്റ് കാണുമ്പോഴും ഭയം കാരണം അതെല്ലാം എന്റേതാണെന്ന് എനിക്ക് തോന്നും. അങ്ങിനെയിരിക്കേ മാർക്കിട്ട് ടീച്ചർ ഒരു സ്ലേറ്റ് ഉയർത്തി.
*ഇതാർതേ ദാ…?*
ആരും എഴുന്നേറ്റില്ല. കുറച്ചു നേരം സ്ലേറ്റിലേക്ക് നോക്കിയപ്പോൾ എനിക്കുറപ്പായി അതെന്റേതാണെന്ന്. ഞാൻ എഴുന്നേറ്റു. ടീച്ചർ അരികിലേക്ക് വിളിച്ചു. പത്തിൽ എട്ടും തെറ്റ്. അശേഷം സ്‌നേഹമില്ലാതെ ആമിന ടീച്ചർ എനിക്കിട്ട് എട്ടടി. ന്റമ്മോ. കൈയ്യിൽ തീപ്പിടിച്ചു.. കരഞ്ഞ് ബെഞ്ചിൽ വന്ന് ഇരുന്ന എന്നെ മുസ്തഫ സ്‌നേഹത്തോടെ തടവി. സാരമില്ലെന്ന് പറഞ്ഞു.
“നാലിൽ സ്‌ക്കെയിലോണ്ടാ മോനേ അടി. അഞ്ചിലുള്ളോർക്ക് ചൂരലാ. അത് നീ അറിയോ..?”
മുസ്തഫ അത് നേരത്തെ അറിഞ്ഞിട്ടുണ്ട്.
തെല്ലിട കഴിഞ്ഞില്ല, ടീച്ചർ മറ്റൊരു സ്ലേറ്റ് പൊക്കി.
*ഇതാർതേ ദാ…?*
ചോദ്യം ഉയർന്നു. അപ്പോഴും ആരും എഴുന്നേറ്റില്ല. നോക്കി ഇരുന്നപ്പോ എനിക്ക് തോന്നി, അതാണ് എന്റെ സ്ലേറ്റെന്ന്. ഞാൻ വീണ്ടും എഴുന്നേറ്റു. അമ്പരന്ന ആമിന ടീച്ചർ അരികിലേക്ക് വിളിച്ചു. നോക്കുമ്പോൾ അതിൽ എല്ലാം ശരി. അപ്പോ നേരത്തെ കിട്ടിയ സ്റ്റേറ്റ് ആര്‌ടേതായിരുന്നു..? അത് മുസ്തഫയുടെ സ്റ്റേറ്റാണ്..!!!
ആകെ പരവശയായ ആമിന ടീച്ചർ മുസ്തഫയെ അരികിലേക്ക് വിളിച്ചു. എല്ലാം ശരിക്ക് എഴുതിയ എനിക്കിട്ട് എട്ടടി തന്നു കഴിഞ്ഞിരിക്കുന്നു. എട്ടും തെറ്റിയ മുസ്തഫ അടി വാങ്ങാതെ നിൽക്കുന്നു. മുസ്തഫക്കിട്ട് ടീച്ചർ അടിക്കാൻ ഒരുങ്ങിയതും മുസ്തഫ ടീച്ചറോട് കുട്ടിത്തത്തോടെ കാര്യം പറഞ്ഞു.
*എന്റടി രഘു വാങ്ങിലേ. ഇനിം എന്തിനാ അടിക്കണേ..?*
സങ്കടം വന്നതും ആമിന ടീച്ചർ എന്നെ പിടിച്ച് മടിയിലേക്ക് ചായ്ച്ചു. ടീച്ചറും ഞാനും കരഞ്ഞു. ടീച്ചർ എന്നെ തടവി. ഉമ്മ തന്നു. എട്ടും തെറ്റിയ മുസ്തഫ സംഭവം മുഴുവൻ കണ്ടു നിന്നു. അന്നു മുതൽ ആമിന ടീച്ചർ അടി നിർത്തി. അന്നു മുതൽ മുസ്തഫക്ക് കേട്ടെഴുത്തിൽ തെറ്റും വരാറില്ല. എപ്പോഴും എല്ലാം ശരി. ഒരു ദിവസം ആമിന ടീച്ചർ മുസ്തഫയെ അഭിനന്ദിച്ചു.
*ഇപ്പോ എല്ലാ കേട്ടെഴുത്തും ശരിയാണല്ലൊ മുസ്തഫാ.?*.
മുസ്തഫ സത്യം പറഞ്ഞു.
*കഷ്ടപ്പെട്ട് പഠിക്ക്യാ ടീച്ചറേ. തെറ്റിയാ ടീച്ചറ് രഘൂനെ മടീല് കെടത്തൂലേ..!!*
……………………….

shortlink

Related Articles

Post Your Comments


Back to top button