മലയാളികള്‍ക്ക് ഇപ്പോള്‍ എന്തും ട്രോളാണ്. അതില്ലാത്തൊരു ദിവസം തന്നെ ഇല്ല. നല്ലതായാലും ചീത്തയായാലും എന്തിനോടും സോഷ്യല്‍ മീഡിയ ഇപ്പോള്‍ പ്രതികരിക്കുന്നത് ട്രോളിലൂടെയാണ്. ആ ട്രോളുകള്‍ പരിശോധിച്ചാല്‍ കാണുന്നത് അതിലെ നായകന് കൂടുതലും സലീം കുമാര്‍ തന്നെയായിരിക്കും.
ഗൗരവപരമായ കാര്യങ്ങളെപ്പോലും കോമഡിവൽക്കരിക്കാൻ സമൂഹമാധ്യമം ഉപയോഗിക്കുന്ന ട്രോളുകളിലെ സ്ഥിരം മുഖമാകുന്ന നടന്മാരിലൊരാളാണ് സലിം കുമാർ. സിനിമകളിൽ നിന്നു വിട്ടുനിന്ന കാലത്തും തന്നെ ചേർത്തുപിടിച്ച ട്രോളന്മാരോട് സലിംകുമാറിന് ഒരു പ്രത്യേക സ്നേഹവും നന്ദിയുമുണ്ട്. അത് തുറന്നു പറയുകയാണ് സലീം കുമാര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
”പല സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിലും വരുന്ന ട്രോളുകളിൽ എന്റെ മുഖം കാണാറുണ്ട്, അത് ഒത്തിരി സന്തോഷിപ്പിക്കുന്നുണ്ട്. കാരണം എനിക്കിത്രയും വികാരങ്ങളുണ്ടെന്ന് മനസിലാക്കിത്തന്നത് ട്രോളന്മാരാണ്. മാത്രമല്ല ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നു വിട്ടുനിന്ന മൂന്നരക്കൊല്ലം ഞാൻ സജീവമായി ഇവിടെയുണ്ടെന്നപ്രതീതി ഉണ്ടാക്കിയതും ട്രോളന്മാരാണ്. മൂന്നരവർഷത്തെ എന്റെ ഗ്യാപ് പ്രേക്ഷകർക്കു തോന്നിക്കാതിരുന്നത് ട്രോളന്മാര് തന്നെയാണ്, യാതൊരു ലാഭവുമില്ലാത്ത കലയാണത്. സിനിമയിൽ ഇല്ലാതിരുന്ന സമയത്തും ഞാൻ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു.”
ഒരു പരിചയം പോലുമില്ലാത്ത ആളുകളിൽ നിന്ന് ഒരു കലാകാരൻ എന്ന നിലയ്ക്ക് തനിക്കു കിട്ടുന്ന ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി സലിം കുമാർ പറഞ്ഞു.
ചതിക്കാത്ത ചന്തുവിലെയും കല്ല്യാണരാമനിലെയും പുലിവാൽക്കല്ല്യാണത്തിലെയും മീശമാധവനിലെയുമൊക്കെ സലിംകുമാർ കഥാപാത്രങ്ങളും സംഭാഷണങ്ങളുമാണ് ട്രോളിലെ താരങ്ങള്‍.
Post Your Comments