ഷാരൂഖ് ഖാന് ചിത്രം റായിസും ഹൃത്വിക് റോഷന്റെ കാബിലും ചിത്രീകരണം തുടങ്ങിയ സമയം മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു . ഒരേ ദിവസം റിലീസിനെത്തുന്നതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ ശക്തമായി നടക്കുകയും ചെയ്തു. ഈ സമയത്ത് റായീസ്-കാബില്‍ ഏറ്റുമുട്ടലിന് രാഷ്ട്രീയമായ ഒരു മാനം നല്‍കുകയാണ് ബി.ജെ.പി. നേതാവ്. ഷാരൂഖ് ഖാന് നായകനായ റയീസ് നമ്മുടെ രാജ്യത്തിന്റേതല്ലെന്നാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്ജീയയുടെ അഭിപ്രായപ്രകടനം. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ജനുവരി 25 നാണ് ഹൃത്വിക് റോഷന്റെ കാബിലുമായാണ് റയീസ് തിയേറ്ററില്‍ ഏറ്റുമുട്ടുന്നത്. ഷാരൂഖ് ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശവും ചിത്രത്തില്‍ പാക് താരം മാഹിറാ ഖാന്റെ സാന്നിധ്യവുമാണ് ബി.ജെ.പി. നേതാവിന്റെ ഈ അഭിപ്രായാ പ്രകടനത്തിന് കാരണമെന്ന് കരുതാം.
പുറത്തിറങ്ങുന്നതിന് മുന്‍പുതന്നെ ഷാരൂഖ് ചിത്രം റയീസ് മോശമാണെന്ന് ട്വിറ്ററിലൂടെ വിജയവര്‍ജിയ വിലയിരുത്തുന്നു. റയീസ് നമ്മുടെ രാജ്യത്തിന്റെ ചിത്രമല്ല, നമ്മള് യഥാര്‍ഥ രാജ്യസ്നേഹിയാണെങ്കില്‍ കാബിലിനെ പിന്തുണയ്ക്കണമെന്നും വിജയവര്ജീയ ട്വിറ്ററില്‍ കുറിച്ചു.
ഉറി ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ മുംബൈയില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര നവനിര്‍മാണ സേനാ. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിന് മുന്‍പായി ഷാരൂഖ് മഹാരാഷ്ട്ര നവനിര്‍മാണ സേനാ തലവന്‍ രാജ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു.
ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ മാഹിറയെ പങ്കെടുപ്പിക്കില്ലെന്നും പാക് താരങ്ങളെ ഭാവിയില്‍ തന്റെ ചിത്രങ്ങളുടെ ഭാഗമാക്കില്ലെന്നുമുള്ള ഷാരൂഖിന്റെ ഉറപ്പിന്മേലാണ് സേന റയീസിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ചത്.
Post Your Comments