പ്രവീണ്‍.പി നായര്‍
മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി.കഴിഞ്ഞ വര്‍ഷത്തെ അവസാന മോഹന്‍ലാല്‍ ചിത്രമാകേണ്ടിയിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.സിന്ധുരാജ് രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോഫിയ പോള്‍ ആണ്.
രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്ന രീതിയിലും കുടുംബ ചിത്രമെന്ന രീതിയിലും ശ്രദ്ധ നേടിയ ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു. രണ്ടാം വരവില്‍ മലയാളത്തിന്റെ താരരാജവിനൊപ്പം ചേര്‍ന്ന് വലിയൊരു ബോക്സ്ഓഫീസ് വിജയം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിബു ജേക്കബ് കളത്തിലിറങ്ങിയത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഉലഹന്നാന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്റെ കുടുംബജീവിതം രസകാഴ്ചകളോടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്. ഭാര്യ ആനിയമ്മ മക്കളായ ജെനി,ജെറി എന്നിവരടങ്ങുന്നതാണ് ഉലഹന്നാന്റെ കുടുംബം. വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥ ദാമ്പത്യത്തിന്റെ സ്നേഹ ജാലകം തുറന്നിട്ട് വായനക്കാരോട് അടുക്കുമ്പോള്‍ അതേ ആസ്വാദനം സമ്മാനിച്ച് മുന്തിരിവള്ളികളും പ്രേക്ഷകര്‍ക്കിടയില്‍ തളിര്ക്കപ്പെടുകയാണ്.
ഉലഹന്നാന്റെയും ആനിയമ്മയുടെയും ജീവിതത്തിലേക്ക് മാത്രമല്ല ക്യാമറ തിരിയുന്നത്. ഒന്നിലേറെ കുടുംബബന്ധങ്ങളുടെ ഗൗരവമുള്ളതും രസമുള്ളതുമായ മൂഹൂര്ത്തങ്ങളിലേക്കാണ് ജിബു ജേക്കബ്ബും കൂട്ടരും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഫാമിലി ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ജിബു ജേക്കബ് മനോഹരമായൊരു കുടുംബ ചിത്രവുമായി എത്തിയത്. മുന്തിരിയേക്കാള്‍ മധുരതരമായ ‘പ്രണയം’ എന്ന മനുഷ്യ വികാരം പ്രേക്ഷകരിലേക്ക് ലയിപ്പിക്കാന്‍ സംവിധായകന് പരിശ്രമിച്ചപ്പോള്‍ മുന്തിരിവള്ളികള്‍ എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടമുള്ള നല്ലൊരു സിനിമാ അനുഭവമായി മാറി.
വളരെ ലളിതമായ എം.സിന്ധുരാജിന്റെ രചന മുന്തിരിവള്ളികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്കാന് പ്രേരിപ്പിക്കുന്നു. ഒന്നിലധികം ദാമ്പത്യത്തിന്റെ സ്നേഹകാഴ്ചകളും നര്മകാഴ്ചകളും വളരെ പക്വമായ രചനാ ശൈലിയോടെ അവതരിപ്പിച്ച സിന്ധുരാജിന്റെ തിരക്കഥ മനോഹരവും, മധുരതരവും ആയിരുന്നു.
അവതരിപ്പിച്ച വിഷയം അലസമായി കൈകാര്യം ചെയ്തിരുന്നേല്‍ ഇവിടെ അടയാളമാകാതെ പോകുമായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം. ഓരോ സീനുകളും വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ച ജിബു ജേക്കബ് തന്നെയാണ് ഈ സിനിമയുടെ ആറാം തമ്പുരാന്. സിനിമയില്‍ ക്യാമറ മാത്രം കൈകാര്യം ചെയ്തു പരിചയമുള്ള ജിബു ക്യാമറാമാനെക്കൂടി കൈകാര്യം ചെയ്യേണ്ട സംവിധായക ജോലി ഭംഗിയോടെ നിര്‍വഹിച്ചിട്ടുണ്ട്.
പഴയതും പുതിയതുമായ മോഹന്‍ലാലിനെ കാണണമെങ്കില്‍ മുന്തിരിവള്ളികള്‍ക്ക് ടിക്കറ്റ് എടുക്കൂ. എത്രകണ്ടാലും മടുക്കാത്ത നുറുങ്ങു ലാല്‍ തമാശകള്‍ ഒരു ആസ്വാദകന്റെ ലഹരിയാണ്.ഉലഹന്നാനിലൂടെ ആ ലഹരി ഇന്ന് വേണ്ടുവോളം അസ്വാദിച്ചു. ഒരു മുന്തിരിനീരിനും നല്കാന് കഴിയാത്ത അതിമധുരമാണ് ലാല്‍ നടനം.
‘പ്രേം നസീറിന് ഷീല പോലെയാണ് മോഹന്‍ലാലിന് മീന’ മലയാള സിനിമയില്‍ ഇനിയങ്ങോട്ട് അങ്ങനെയൊരു ചൊല്ലുവേണം.ഇവര്‍ ഒന്നിച്ച് നില്ക്കുമ്പോള് തന്നെ ഓരോ സീനുകള്‍ക്കും അത്രത്തോളം പൂര്‍ണ്ണത കൈവരുന്നുണ്ട്. ആനിയമ്മ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി മീന അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്, ദൃശ്യത്തിലെ കഥാപാത്രത്തേക്കാള്‍ മികവാര്‍ന്ന പ്രകടനം മുന്തിരിവള്ളികളില്‍ മീന കാഴ്ച വയ്ക്കുന്നുണ്ട്. അനൂപ് മേനോന് ചെയ്ത ‘വേണുക്കുട്ടന്‍’ എന്ന കഥാപാത്രവും സിനിമയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഐമ സന്തോഷ്, അലന്‍സിയര്‍, ശ്രിന്ധ വഹാബ്,സനൂപ് സന്തോഷ്, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍,കലാഭവന്‍ ഷാജോണ്‍ അങ്ങനെ ആരൊക്കെ മുന്തിരി വള്ളികളില്‍ എത്തിയോ അവരെല്ലാം വളരെ നിലാവരമുള്ള പ്രകടനം കാഴ്ചവെച്ചു.
ടെക്നിക്കല്‍ വിഭാഗത്തില്‍ പ്രമോദ് പിള്ളയുടെ ക്യാമറയും സിനിമയ്ക്ക് കത്രികവെച്ച എഡിറ്റര്‍ സൂരജും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. എം.ജയചന്ദ്രനും ബിജിബാലും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ ബിജിബാലിന്റെ പശ്ചാത്തല ഈണം പല സന്ദര്‍ഭങ്ങളിലും വേറിട്ട് നിന്നു.
അവസാന വാചകം
മലയാള സിനിമയില്‍ പണിയറിയാവുന്ന സൂത്രധാരന്മാര് അന്‍പത് കഴിഞ്ഞ മോഹന്‍ലാലിനെ ഉപയോഗിച്ച് തുടങ്ങി. മോഹന്‍ലാല്‍ എന്ന നടന്റെ വരാനിരിക്കുന്ന കാലം എന്നെ അത്ഭുതപ്പെടുത്തുന്നു. അതിലളിതം,അതിമധുരം ഈ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് കുടുംബസമേതം ധൈര്യമായി ടിക്കറ്റ് എടുക്കാം…
Post Your Comments