CinemaMovie Reviews

അന്തിക്കാടുകാരന്‍റെ ഈ ചിത്രവും ഒരേ റൂട്ടിലെ മറ്റൊരു സുവിശേഷമോ? (‘ജോമോന്റെ സുവിശേഷങ്ങള്‍’ നിരൂപണം)

പ്രവീണ്‍. പി നായര്‍ 

കുടുംബ സദസ്സുകള്‍ക്ക് ആസ്വദിക്കാവുന്ന തരത്തില്‍ കഥാസന്ദര്‍ഭങ്ങളെ ലളിതമായി സ്ക്രീനില്‍ അവതരിപ്പിക്കാറുള്ള സത്യന്‍ അന്തിക്കാട്‌ എല്ലാ കലണ്ടര്‍ വര്‍ഷത്തിലും പ്രേക്ഷകരുമായി  ഒരു ചിത്രം പങ്കുവെയ്ക്കാറുണ്ട്. തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തിയേറ്റര്‍ അധികൃതര്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കൊടിപിടിച്ചതോടെ 2016-ല്‍ സത്യന്‍ അന്തിക്കാടിന് ചിത്രമൊന്നുമില്ലാതെ പോയി. 2016ന്‍റെ അവസാന മാസം പുറത്തിറങ്ങേണ്ടിയിരുന്നുന്ന ചിത്രം 2017ന്‍റെ തുടക്കത്തില്‍ പ്രദര്‍ശനത്തിനെത്തിയാതോടെ മഴ പെയ്തു മാനം തെളിഞ്ഞ അവസ്ഥയാണ് മലയാള സിനിമ വ്യവസായത്തിന്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാട്‌ പുതുതലമുറയുടെ ഇഷ്ട നായകനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഇന്ന് പ്രദര്‍ശനത്തിനെത്തി.

Jomontesuvisheshangal 1

ഒരേ റൂട്ടിലോടുന്ന ബസ്സിനോട്‌ തന്‍റെ സിനിമകളെ ഉപമിക്കുന്നവര്‍ക്ക് മറുപടി നല്‍കാനൊന്നുമല്ല സത്യന്‍ അന്തിക്കാട്‌ ദുല്‍ഖറിനെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന കാര്യം സിനിമ ആരംഭിക്കുമ്പോള്‍ തന്നെ ഓരോരുത്തര്‍ക്കും മനസിലാകും. ഒരേ റൂട്ടിലോടുന്ന ബസ്സില്‍ ദുല്‍ഖറിനെ പ്രധാനയാത്രക്കാരനാക്കി സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക്  ഡബിള്‍ ബെല്ലടിച്ചു. തിരക്കഥാകൃത്തുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ സത്യന്‍ അന്തിക്കാട് ഒരു കാലത്ത് പേന എടുക്കാന്‍ നിര്‍ബന്ധിതനായി. അങ്ങനെ എഴുതിയതാണ് രസത്രന്തം, വിനോദയാത്ര, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട് തുടങ്ങിയ ചിത്രങ്ങളൊക്കെ. തന്‍റെ പേന പങ്കുവെയ്ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകര്‍ക്ക് കല്ല്‌ കടിയായി തോന്നുന്നുണ്ട് എന്ന തോന്നല്‍ ഉള്ളത് കൊണ്ടാകാണം സത്യന്‍ അന്തിക്കാട് പേന താഴെവെച്ച് ഇക്ബാല്‍ കുറ്റിപ്പുറം എന്ന തിരക്കഥാകൃത്തിനൊപ്പം ഒന്നിച്ചത്. 2014 -ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഈ അന്തിക്കാടുകാരന്‍ പറഞ്ഞ ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയതാണ്. ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’യുടെ രചന നിര്‍വഹിച്ചത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു. തൊട്ടടുത്ത വര്‍ഷമായ 2015-ല്‍ രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘എന്നും എപ്പോഴും’ എന്ന ചിത്രവും  സാമ്പത്തിക വിജയം കൈവരിച്ചിരുന്നു. സ്വന്തം രചനയില്‍ വിശ്വാസക്കുറവ് ഉള്ളതുകൊണ്ട് മാത്രമായിരിക്കില്ല ഈ ഗ്രാമീണ സംവിധായകന്‍ തൂലിക ചലിപ്പിക്കാത്തത്. മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ സിനിമകള്‍ക്ക് അവതരണ ഭംഗി നല്‍കിയ സത്യന്‍ അന്തിക്കാടിന് ഒരുപാട്  ആത്മ വിശ്വാസം നല്‍കുന്നത് മറ്റുള്ളവരുടെ രചനകള്‍ സിനിമ ആക്കുമ്പോഴാകാം.

hr
ഒരേ റൂട്ടിലോടിയ രസതന്ത്രവും ഇന്നത്തെ ചിന്താവിഷയവും, വിനോദയാത്രയുമൊക്കെ വിജയ ചിത്രങ്ങളാണ് പിന്നെ എന്തിനു സത്യന്‍ അന്തിക്കാട് ബസ്സ്‌ മാറ്റി ഓടിക്കണം. റൂട്ടില്‍ നിന്ന് മാറ്റി മാറ്റി ബസ്‌ ഓടിക്കുന്ന സിനിമയിലെ മറ്റു സൂത്രധാന്മാരൊക്കെ ഒരു ഹിറ്റ് ഉണ്ടാക്കാന്‍ വേണ്ടി വിയര്‍പ്പൊഴുക്കുമ്പോള്‍ വഴി മാറ്റിപ്പിടിക്കാതെ തന്നെ സത്യന്‍ അന്തിക്കാട് ബോക്സ്‌ ഓഫീസ് വിജയചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. കുടുംബത്തിന്റെ ചുറ്റുപാടില്‍  നിന്ന്കൊണ്ട് അശ്ലീലത്തിന്റെ ദുര്‍ഗന്ധം ഇല്ലാത്ത അച്ചടക്ക സിനിമകള്‍ പങ്കുവെയ്ക്കുന്ന അന്തിക്കാട് ചിത്രങ്ങള്‍ ഇനി എത്ര തവണ ഒരേ റൂട്ടിലോടിയാലും ടിക്കറ്റ് എടുക്കാന്‍ ഇവിടെ ആളുണ്ടാകും.ആളുണ്ടാകുന്നിടത്തോളം കാലം കുഞ്ഞുണ്ണി മാഷും കുട്ടികളും പോലെ സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്‍റെ പ്രേക്ഷകരുമായി ഇത് വഴി കടന്നു പോകുക തന്നെ ചെയ്യും.

jo 3
‘ഇനി ജോമോന്റെ സുവിശേഷങ്ങളിലേക്ക്’
സ്ഥിരം ക്ലീഷേ സംഭവങ്ങളിലേക്കാണ് സത്യന്‍ അന്തിക്കാട് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങളിലൂടെ കഥാനായകനെക്കുറിച്ചുള്ള മുന്നറിയിപ്പ് തരുന്നതും, പള്ളിയില്‍വെച്ച് നായകന്‍ പ്രണയിനിയെ കണ്ടെത്തുന്നതുമടക്കം സര്‍വത്ര ക്ലീഷേ മയമാണ് ജോമോന്റെ സുവിശേഷങ്ങളില്‍ ഉള്ളത്. എന്നിരുന്നാലും പ്രേക്ഷക മനസ്സുകളെ ആലോങ്കലപ്പെടുത്തുന്ന തിരക്കഥയല്ല ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെത്. ഒരു വാണിജ്യ സിനിമയില്‍ വേണ്ടുന്ന തരത്തിലുള്ള ക്ലീഷേ  സന്ദര്‍ഭങ്ങളാണ് ഇക്ബാല്‍ കുറ്റിപ്പുറം സിനിമയില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. ഇമോഷണല്‍ സീനുകളില്‍ കയ്യടക്കമുള്ള സംഭാഷണം രചിക്കാന്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന് പ്രത്യേക മിടുക്കുള്ളതിനാല്‍ സിനിമയിലെ അത്തരം രംഗങ്ങളൊന്നും കല്ല്‌ കടിയാകുന്നില്ല. ജോമോനെ മുന്‍ നിര്‍ത്തി കോമഡി ട്രാക്കിലാണ് സിനിമയുടെ ആദ്യഭാഗ സഞ്ചാരം. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാതെ ഒരു ശരാശരി പരുവത്തിലായിരുന്നു ജോമോന്റെ ആദ്യ ഭാഗം പറഞ്ഞു നിര്‍ത്തിയത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഭൂരിഭാഗം രംഗങ്ങളും മറ്റൊരു ലോക്കെഷനിലേക്ക് കൂട് മാറിയപ്പോള്‍ ഇക്ബാല്‍ കുറ്റിപ്പുറം എന്ന സ്ക്രീന്‍ റൈറ്ററുടെ ഗ്രാഫ് ഉയരുന്നതായി ശരിക്കും അനുഭവപ്പെട്ടു. സത്യന്‍ അന്തിക്കാടിന്റെ ചിത്രീകരണ രീതിയും ഈ സന്ദര്‍ഭങ്ങളിലൊക്കെ വേറിട്ട്‌ നിന്നു. പതിവ് രീതിയില്‍ തന്നെ സത്യന്‍ അന്തിക്കാട് ജോമോന്റെ സുവിശേഷങ്ങള്‍ പറഞ്ഞവസനിച്ചപ്പോള്‍ ഈ സത്യന്‍ ചിത്രവും മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലേക്ക്  സേഫ് ആയി ലാന്ഡ് ചെയ്യുമെന്ന് ഉറപ്പായി.

Untitled-1 copy
അണിയറയിലെ താരങ്ങള്‍
മേക്കിങ്ങില്‍ സത്യന്‍ അന്തിക്കാട് പുത്തന്‍ ശൈലി രൂപപ്പെടുത്തിയില്ലെങ്കിലും ഇന്നത്തെ തലമുറയിലെ ടെക്നീഷ്യന്‍മാര്‍ക്കൊപ്പം സഞ്ചരിക്കാന്‍  പരിശ്രമിക്കുന്നുണ്ട് സത്യന്‍ അന്തിക്കാടിലെ സൂത്രധാരന്‍, പഴയൊരു സംവിധായകന്‍റെ ഫോണ്‍ കോള്‍ ഇന്നത്തെ താരങ്ങളുടെ മൊബൈലിലേക്ക് വരികയാണെങ്കില്‍ അത് സത്യന്‍ അന്തിക്കാടിന്റെ മാത്രമേ ആകാവൂ എന്ന് യുവ നിരയിലെ നടന്മാര്‍ ചിന്തിക്കുന്നിടത്താണ് സത്യന്‍ അന്തിക്കാടിലെ സംവിധായകന്‍ തലയുയര്‍ത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പതിവ് സത്യന്‍ സ്റ്റൈലില്‍  ആയിരുന്നപ്പോള്‍ തുടര്‍ന്ന് വന്ന ഗാനങ്ങള്‍ സത്യന്‍ അന്തിക്കാട്തന്നെ  ചിത്രീകരിച്ചതാണോയെന്നു അത്ഭുതം തോന്നി അത്രത്തോളം വേറിട്ട ശൈലിയാണ് തുടര്‍ന്നു വന്ന ഗാനങ്ങളില്‍ സത്യന്‍ അന്തിക്കാട് സ്വീകരിച്ചത്.പരിചയ സമ്പന്നരായ നിരവധി സംവിധായകര്‍ സിനിമ പിടിക്കാനാകാതെ പതുങ്ങി ഇരിക്കുമ്പോള്‍ മലയാള സിനിമയിലേക്ക് പറന്നിറങ്ങി ഹിറ്റുകള്‍ കൊയ്യുന്ന അന്തിക്കാടുകാരാ നിങ്ങള്‍ക്കിനിയും നിവര്‍ന്നു നിന്ന് സിനിമ പിടിക്കാം.

jo 4

 

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥ ഗംഭീരം 

 

ചിത്രം ക്ലീഷേ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതാകട്ടെ , കഥാ സന്ദര്‍ഭങ്ങള്‍ പലയാവര്‍ത്തി കണ്ടതാകട്ടെ എന്ത് തന്നെയായാലും ഇക്ബാലിന്റെ രചന അത്രത്തോളം മികച്ചതായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിലെ എഴുത്തിലെ കയ്യടക്കം അതി ഗംഭീരം. വാണിജ്യ സിനിമയ്ക്ക് ഉതകുന്ന ഒരു തിരക്കഥ പളിപ്പോകാതെ എങ്ങനെ ഗംഭീരമായി സൃഷ്ടിക്കാം എന്ന് പഠിക്കണമെന്ന് തോന്നിയാല്‍ സധൈര്യം ജോമോന്റെ സുവിശേഷങ്ങള്‍ മറിക്കാം.

jomo n 2

 

ജോമോനെ ജോറാക്കി ദുല്‍ഖര്‍

 

ദുല്‍ഖര്‍ സല്‍മാന്‍ ജോമോന്‍ എന്ന കഥാപത്രത്തെ ഏച്ചു കെട്ടലുകളില്ലാതെ ഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സത്യന്‍ അന്തിക്കാട് ട്രാക്കിലേക്ക് വീണ അഭിനയം. ദുല്‍ഖര്‍ സല്‍മാനെന്ന മലയാളത്തിലെ മുന്‍നിര ആക്ടറെ സംബന്ധിച്ചു ജോമോന്‍ എന്ന കഥാപാത്രം ഒരു പൊന്‍തൂവലാണ്. സ്വാഭാവിക അഭിനയം പഠിക്കാന്‍ സത്യന്‍ അന്തിക്കാട് നല്‍കിയ പൊന്‍തൂവല്‍. തമാശ രംഗങ്ങളില്‍ അഭിനയിക്കുമ്പോഴുണ്ടാകുന്ന  മുകേഷിന്റെ കോമഡിയിലെ കൃത്യത വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണ്. അത് വളരെ ഭംഗിയായി ആവര്‍ത്തിക്കപ്പെടുകയാണ് ജോമോന്റെ സുവിശേഷങ്ങളില്‍. ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ മുകേഷിലെ നടന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നുണ്ട്. ചിത്രത്തിലെ നായികമാരായി എത്തിയ അനുപമ പരമേശ്വരനും, ഐശ്വര്യാ രാജേഷും അവരുടെ വേഷങ്ങള്‍ ഒതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മുത്തു മണിയും, ഇന്നസെന്റും ഒഴികെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ പുതുതായി എത്തിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിച്ചു.

സിനിമയില്‍ വേണ്ടാതിരുന്നവ 
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥ മികവ് പുലര്‍ത്തിയെങ്കിലും ചിത്രത്തിലെ ചില പരാമര്‍ശത്തോട് വിയോജിക്കുന്നു. ഒരാളുടെ  രൂപത്തെ കളിയാക്കി ചിരി ഉണ്ടാക്കുന്നതിനോട് യോജിക്കാനാകില്ല. മമ്മൂട്ടി അഭിനയിച്ച മുന്‍കാല ചിത്രം ‘സൂര്യമാനസ’ത്തിലെ കഥാപാത്രമായ ‘പുട്ടുറുമിസീ’നെ ചിത്രത്തിലെ ഒരു കഥാപാത്രത്തോട് സാദൃശ്യപ്പെടുത്തി പ്രേക്ഷകരില്‍ ചിരിയുണ്ടാക്കാന്‍ ശ്രമിച്ചത് നിലവാരമില്ലായ്മ തന്നെയായിരുന്നു.
ജോമോന്‍ പ്രണയിക്കുന്നത് വലിയ സമ്പത്തുള്ള വീട്ടിലെ  കുട്ടിയെ ആണെന്ന്  അറിയുമ്പോള്‍ വീട്ടുകാര്‍ വട്ടം കൂടിയിരുന്നു സപ്പോര്‍ട്ട് ചെയ്യുന്നതും, അവളെ കെട്ടാന്‍ നിനക്ക്  മടിയാണെങ്കില്‍   നീയൊരു അനാഥക്കുട്ടിയെ കല്യാണം കഴിക്കൂ എന്ന് ജോമോന്റെ സഹോദരി പുശ്ചത്തോടെ പറയുന്നതും കയ്പുള്ള രംഗചിത്രീകരണമായി തോന്നി.  ഇതൊക്കെ ജീവിതത്തില്‍ പല മനുഷ്യരും പറയാറുള്ളതാണെങ്കിലും ഇത്തരം പൊങ്ങച്ച വിവരണങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കുന്നത് കാണുമ്പോള്‍ പ്രതിഷേധത്തോടെ പ്രതികരിക്കാന്‍ തോന്നും.
രണ്ടാം പകുതിയിലാണ് എസ്.കുമാറിന്റെ ക്യാമറ കാര്യമായി പ്രവര്‍ത്തിച്ചത് . വിഷ്വല്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ രണ്ടാം പകുതിയില്‍ എസ്.കുമാറിന്റെ ക്യാമറ കാഴ്ചകള്‍ക്ക് മാര്‍ക്ക് ഏറെയാണ്. ചിത്രത്തിലെ വിദ്യാ സാഗറിന്റെ ഗാനങ്ങള്‍ അസാധ്യമായി തോന്നിയില്ലെങ്കിലും സമീപകാലത്ത് ഇറങ്ങിയ വിദ്യാജി ഈണങ്ങളില്‍ ഏറ്റവും മികച്ചത് ജോമോന്റെ സുവിശേഷങ്ങളിലെ ഗാനമായിരുന്നു. ഗാനമൊരുക്കുന്നതിലെ മിടുക്ക് പശ്ചാത്തല ഈണങ്ങളില്‍ കൈവരിക്കാത്ത വിദ്യാ സാഗര്‍ ജോമോന്റെ സുവിശേഷങ്ങളിലൂടെ ആ കുറവ് നികത്തിയിട്ടുണ്ട്.

ഒരേ റൂട്ടിലോടുന്ന ബസ്സില്‍ നിരന്തരം ആളുണ്ടാകുകയും ആ സിനിമാ യാത്ര വിജയമായി പര്യവസാനിക്കുകയും ചെയ്‌താല്‍ അദ്ദേഹം എങ്ങനെ റൂട്ട് മാറി ഓടും. ജോമോന്റെ സുവിശേഷങ്ങളുമായി സത്യന്‍ അന്തിക്കാട്‌ യാത്ര തുടങ്ങി കഴിഞ്ഞു, തിയേറ്ററിനു പുറത്തു സ്ത്രീ പ്രേക്ഷകരടക്കമുള്ളവര്‍ യാത്ര ചെയ്യാന്‍ കാത്തു നില്‍ക്കുന്നു.
അവസാന വാചകം
സത്യന്‍ അന്തിക്കാടിനെ തിരുത്താന്‍ നടക്കുന്ന സിനിമാ പ്രേമികളെ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു, നിങ്ങള്‍ക്ക് രാജനികാന്തിനെയും, വിജയ്‌യെയും തിരുത്താമോ അവര്‍ എത്ര വര്‍ഷമായി ഒരേ റൂട്ടിലോടുന്നു..

shortlink

Related Articles

Post Your Comments


Back to top button