CinemaGeneralNEWS

അടൂർ കമ്മിറ്റി റിപ്പോർട്ടിലെ 21 പേജുകള്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? വിമര്‍ശനവുമായി ഡോക്ടര്‍ ബിജു

ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാ സമരം മലയാളത്തിലെ മുഖ്യാധാര സിനിമകള്‍ക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചത്. ഇത്തരത്തിലൊരു പ്രതിസന്ധി സിനിമയില്‍  ഉണ്ടാകാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അതില്‍പ്പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ് സംവിധായകനായ ഡോക്ടര്‍ ബിജു വിമര്‍ശനവുമായി അവതരിച്ചിരിക്കുന്നത്. രണ്ടര വർഷം മുൻപ് സമർപ്പിച്ച അടൂർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെപ്പറ്റി സർക്കാരിന് ആലോചിക്കാൻ ഇത്തരമൊരു സിനിമ സമരം വേണ്ടിവന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുകയാണ് ഡോക്ടര്‍ ബിജു. 21 പേജുള്ള അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നാലു പേജില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ബിജു പറയുന്നു. 17 മുതല്‍ 20 വരെയുള്ള ഈ നാല് പേജുകളില്‍ സിനിമ ഒരു വ്യവസായം എന്ന നിലയിൽ കണക്കാക്കിയുള്ള നിർദ്ദേശങ്ങളാണ് ഉള്ളതെന്നും അതില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ബിജു കുറ്റപ്പെടുത്തി. സിനിമ ഒരു കലയും സംസ്കാരവും കൂടിയാണെന്നും അതിനെ ആ രൂപത്തിൽ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും സർക്കാരിന് ബാധ്യത ഉണ്ടെന്നും ഉറപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ആണ് ബാക്കിയുള്ള 21 പേജുകളില്‍ ഉള്ളതെന്നും ആ പേജുകള്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നും ഡോക്ടര്‍ ബിജു ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഡോക്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

സിനിമാ തിയറ്റർ സമരം ശക്തമാകുകയും മുഖ്യധാരാ സിനിമകളുടെ റിലീസ് അനിശ്ചിതമാകുകയും ചെയ്ത ഒരു സാഹചര്യം വേണ്ടിവന്നു രണ്ടര വർഷം മുൻപ് സമർപ്പിച്ച അടൂർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെപ്പറ്റി സർക്കാരിന് ആലോചിക്കാൻ . സാരമില്ല രണ്ടര വർഷം പിന്നിട്ടെങ്കിലും മുഖ്യ ധാരാ സിനിമയ്ക്ക് ഒരു അമാന്തം ഉണ്ടായപ്പോൾ ആ റിപ്പോർട്ട് പരിഗണിക്കാം എന്ന് ആലോചിച്ചുവല്ലോ . തീർച്ചയായും നല്ല കാര്യം തന്നെയാണ് .പക്ഷെ അപ്പോഴും ചില കാര്യങ്ങളിൽ ഒരു സംശയം അത് കൂടിയൊന്ന് ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട് ..വാർത്തകളിൽ നിന്നും മനസ്സിലാകുന്നത് സിനിമാ നിർമാണ വിതരണ സമ്പ്രദായത്തിൽ കാര്യങ്ങൾ നിശ്ചയിക്കുന്നതിനായി അടൂർ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള സിനിമാ റെഗുലേറ്ററി ആക്ടിനെ പറ്റിയാണ് പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത് എന്നാണ് . അതായത് അടൂർ കമ്മിറ്റി റിപ്പോർട്ടിലെ ഒരു കാര്യത്തെ പറ്റി മാത്രം , മുഖ്യധാരാ സിനിമയുടെ റിലീസുകൾ തടസ്സമുണ്ടാകാതെ സുഗമമായി നടപ്പിലാക്കാനുള്ള സിനിമാ റെഗുലേറ്ററി അതോറിറ്റി എന്ന ഒരേ ഒരു കാര്യം മാത്രമാണ് ഈ റിപ്പോർട്ട് മുൻനിർത്തി സർക്കാർ രണ്ടര വർഷത്തിന് ശേഷവും ചർച്ച ചെയ്യുന്നത് . ഇപ്പോഴത്തെ മലയാള സിനിമയുടെ പ്രദർശന സംവിധാനത്തിലെ അപാകതകൾ കണക്കിലെടുക്കുമ്പോൾ തീർച്ചയായും സ്വീകരിക്കേണ്ട ഒരു നടപടി തന്നെയാണ് ഇത് . തിയറ്ററുകളുടെ നിലവാരം , ഗ്രെയ്‌ഡിങ് , ഓൺലൈൻ ടിക്കറ്റിങ് സംവിധാനം എന്നീ കാര്യങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ സ്വീകരിക്കുന്ന ഈ നടപടികൾ സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറെ ആവശ്യമായ ഒന്ന് തന്നെയാണ് , ഈ കാര്യത്തിൽ മുൻകൈ എടുക്കുന്ന സർക്കാരിനെ അഭിനന്ദിക്കേണ്ടതുമുണ്ട് . അതോടൊപ്പം സർക്കാരിന്റെ അടിയന്തര ശ്രദ്ധ മറ്റൊരു കാര്യത്തിൽ കൂടി ഉണ്ടാവേണ്ടതുണ്ട് .
അടൂർ കമ്മിറ്റി റിപ്പോർട്ട് എന്നത് 25 പേജുകൾ ഉള്ള ഒരു റിപ്പോർട്ടാണ്. അതിൽ പേജ് നമ്പർ 17 മുതൽ 20 വരെയുള്ള വെറും 4 പേജുകളിൽ മാത്രമാണ് സിനിമ ഒരു വ്യവസായം എന്ന നിലയിൽ കണക്കാക്കിയുള്ള സിനിമാ റെഗുലേറ്ററി അതോറിറ്റി പോലെയുള്ള നിർദ്ദേശങ്ങൾ ഉള്ളത് . സർക്കാർ ഇപ്പോൾ ആ 4 പേജിലുള്ള നിർദ്ദേശങ്ങൾ മാത്രമാണ് ചർച്ചയ്ക്ക് എടുക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതും. അടൂർ കമ്മിറ്റി റിപ്പോർട്ടിലെ ബാക്കി 21 പേജിലെ നിർദ്ദേശങ്ങൾ എന്ത് ചെയ്യും? . മുഖ്യധാരാ സിനിമകൾക്ക് വേണ്ടുന്ന കാര്യമല്ല ആ 21 പേജുകളിൽ ഉള്ളത് . സിനിമ ഒരു വ്യവസായം ആണ് എന്നുറപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അല്ല ആ 21 പേജുകളിൽ ഉള്ളത് . സിനിമ ഒരു കലയും സംസ്കാരവും കൂടിയാണെന്നും അതിനെ ആ രൂപത്തിൽ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും സർക്കാരിന് ബാധ്യത ഉണ്ടെന്നും ഉറപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ആണ് ആ 21 പേജിലുള്ളത് . അത് കൊണ്ട് തന്നെ ആ 21 പേജ് സർക്കാരിന്റെ കണ്ണിൽ ഇതേവരെയും പെട്ടിട്ടില്ല എന്നതാണ് വസ്തുത .ഏതായാലും ആ 21 പേജിലുള്ള പ്രധാനപ്പെട്ട ഭാഗങ്ങൾ രണ്ടര വർഷം കഴിയുമ്പോളും യാതൊരു വിധ ചർച്ചകൾക്കോ നടപടികൾക്കോ ഇടയായിട്ടില്ല എന്നതിനാൽ വെറുതെ ഒന്ന് ഓർമപ്പെടുത്തിയേക്കാം .
പേജ് 4 മുതൽ 9 വരെ – ചലച്ചിത്ര മേള, ജെ സി ഡാനിയേൽ പുരസ്ക്കാരം എന്നിവയെ സംബന്ധിച്ച ശുപാർശകൾ
പേജ് 10 മുതൽ 11 വരെ – സംസ്ഥാന ചലച്ചിത്ര അവാർഡ് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശ ..
പേജ് 12 – 13 – കലാമൂല്യ സിനിമകൾക്കുള്ള സബ്‌സിഡി നിർദ്ദേശങ്ങൾ
പേജ് 14 – 16 – ചലച്ചിത്ര അക്കാദമി , കെ എസ് എഫ് ഡി സി , ക്ഷേമനിധി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്
പേജ് 21 – 25 ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം , ചലച്ചിത്ര മേള തിയറ്റർ സമുച്ചയം എന്നീ കാര്യങ്ങൾ ..
ഈ കാര്യങ്ങൾ വ്യവസായത്തിന് സ്കോപ്പുള്ള ഒന്നും അല്ലാത്തതിനാൽ സർക്കാർ സ്വാഭാവികമായും അതിന് ശ്രദ്ധ നൽകിയിട്ടില്ല . സിനിമ ഒരു കലാ സാംസ്കാരിക ഇടമായി നിലനിർത്താൻ സബ്‌സിഡിയും തിയറ്റർ പ്രദർശന സമ്പ്രദായവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ദീർഘ വീക്ഷണത്തോടെ ആർജ്ജവത്തോടെ നടപ്പാക്കുകയും അതിന്റെ ഫലമായി തുടർച്ചയായി ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ശ്രെദ്ധേയമായ കലാ മൂല്യ സിനിമകൾ നിരന്തരം നിർമ്മിക്കപ്പെടുവാനുള്ള സാഹചര്യം സൃഷ്ടിച്ചു നൽകിയ മാറാത്ത പോലെയുള്ള സംസ്ഥാനത്തെ നമ്മുടെ സർക്കാർ സമയം കിട്ടിയാൽ ഒന്ന് നോക്കി കാണേണ്ടതാണ് . ഒരു സർക്കാർ എങ്ങനെയാണ് സിനിമയെ ഒരു സാംസ്കാരികവും കലാമൂല്യവുമായ സൃഷ്ടി എന്ന നിലയിൽ പിന്തുണയ്ക്കുന്നത് എന്നതിന് മറാത്തി ഉൾപ്പെടെ പല ഭാഷാ സിനിമകളും നമുക്ക് മാതൃകകൾ കാട്ടി തരുന്നുണ്ട് . പക്ഷെ കേരളം അത്തരം ഒരു സാംസ്കാരിക ദൗത്യത്തോട് പുറം തിരിഞ്ഞു തന്നെ നിൽക്കുകയാണ് ഇപ്പോഴും .
അതേ പോലെ രണ്ടു വർഷം മുൻപ് നൽകിയ മറ്റൊരു അനൗദ്യോഗിക റിപ്പോർട്ടും സർക്കാരിന്റെ മേശപ്പുറത്ത് ഉണ്ട് . ഇപ്പോഴത്തെ സിനിമാ മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ആ റിപ്പോർട്ട് ചുമതലയേറ്റത്തിന്റ്റെ പിറ്റേ ആഴ്ച തന്നെ നല്കിയതുമാണ് . ആ റിപ്പോർട്ട് തയ്യാറാക്കിയ 5 അംഗങ്ങളിൽ ഒരാൾ ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആണ് കമൽ , മറ്റൊരാൾ ഇപ്പോൾ കെ എസ് എഫ് ഡി സി ചെയർമാൻ ആണ് ലെനിൻ രാജേന്ദ്രൻ . 24 പേജുള്ള ആ റിപ്പോർട്ടിൽ പറയുന്നത് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മെച്ചപ്പെട്ട സംഘാടനം , മേളയോടനുബന്ധമായി ഫിലിം മാർക്കറ്റ്ആരംഭിക്കേണ്ടതിന്റെ നിർദ്ദേശങ്ങൾ , കലാമൂല്യ സിനിമകൾക്കുള്ള സബ്‌സിഡി നിർദ്ദേശങ്ങൾ എന്നിവ ആണ് . മുഖ്യ ധാരാ സിനിമകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ഇല്ല എന്നതിനാൽ ഈ റിപ്പോർട്ടും മേശമേൽ സുഖമായി ഉറങ്ങുന്നുണ്ടാവാം .. 25 പേജുള്ള അടൂർ കമ്മിറ്റി റിപ്പോർട്ടിലെ 17 മുതൽ 20 വെരെയുള്ള സിനിമാ വ്യവസായത്തെ പറ്റി ചർച്ച ചെയ്യുന്ന ആ ഭാഗം മാത്രം പരിഗണിച്ചാൽ മതിയോ .. കല , സംസ്കാരം എന്ന നിലയിൽ സിനിമയെ നില നിർത്താനും പിന്തുണയ്ക്കാനുമുള്ള ബാധ്യത സർക്കാരിനില്ലേ.. സർക്കാരിന് മുന്നിലുള്ള രണ്ടു റിപ്പോർട്ടുകളിലും കലാമൂല്യ സിനിമകളുടെ നില നില്പിനും പിന്തുണയ്ക്കുമായുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പേജുകൾ എന്തുകൊണ്ടാണ് മാറി മാറി വരുന്ന സർക്കാരുകൾക്ക് മുൻപിൽ അപ്രസക്തമായിപ്പോകുന്നത് . സിനിമ വ്യവസായം മാത്രം ആണോ . അതിനപ്പുറത്ത് സിനിമ യുടെ കലാ സാമൂഹിക സാംസ്കാരിക അസ്തിത്വം സംബന്ധിച്ചിടത്തോളം അപ്രസക്തമായി.

shortlink

Related Articles

Post Your Comments


Back to top button