മലയാള ചലച്ചിത്ര വ്യവസായത്തിൽ നിലവിലുള്ള പ്രശ്നങ്ങൾക്കും, സമസ്യകൾക്കും വ്യക്തമായ പരിഹാരങ്ങളുമായി സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ രംഗത്ത്. സമഗ്രമായ നിയമ നിർമ്മാണത്തിലൂടെ നമ്മുടെ ചലച്ചിത്ര മേഖലയെ പരിശുദ്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. ഈ വിഷയവുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ കമ്മിഷൻ മുന്നോട്ടു വച്ച് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി ജനുവരി 25’ന് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ നഷ്ടത്തിലാണ് എന്ന വാർത്ത അവിശ്വസനീയമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 14 തിയറ്ററുകളിൽ നിന്നായി സർക്കാരിന് 4.75 കോടി രൂപ ലഭിച്ചെന്നും, നടൻ ദിലീപിന്റെ തിയറ്ററുകൾ ലാഭത്തിലാണെന്നും പറഞ്ഞ മന്ത്രി, ഈ ഒരു സാഹചര്യത്തിൽ ബാക്കിയുള്ള തിയറ്ററുകൾ എങ്ങനെ നഷ്ടത്തിലായി എന്നും ചോദിച്ചു. പല തരം കണക്കുകൾ സൂക്ഷിച്ച് സർക്കാരിനെ കബളിപ്പിക്കാനാണ് പല തിയറ്ററുകളും ശ്രമിക്കുന്നത്. അത് കാരണം സർക്കാരിന് വിനോദ നികുതിയിൽ വൻനഷ്ടം വന്നു. ഇനി ഇത്തരം കള്ളത്തരങ്ങൾ ഒരിക്കലും അനുവദിക്കില്ല എന്നും ബാലൻ പറഞ്ഞു.
ഓൺലൈൻ ടിക്കറ്റ് സംവിധാനം നിർബന്ധമാക്കുന്നതിലൂടെ കള്ളകണക്കുകൾക്ക് അവസാനമാകുമെന്ന് പറഞ്ഞ മന്ത്രി, ഗ്രാമങ്ങളിൽ കൂടുതൽ തിയറ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. കിഫ്ബിയിൽ നിന്നും 100 കോടി രൂപ അനുവദിച്ച് കിട്ടിയത് ഉപയോഗിച്ച് പരമാവധി നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments