സിനിമ സമരത്തെത്തുടര്‍ന്ന് റിലീസ് വൈകിയ മോഹന്‍ലാല്‍ ചിത്രം ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’,സത്യന് അന്തിക്കാട് ദുല്‍ഖര്‍ ടീമിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ ചിത്രങ്ങള്‍ ജനുവരി 19-നു റിലീസ് ചെയ്യും. സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ അംഗങ്ങള്‍ക്കും ബീ ക്ലാസ് പ്രദര്‍ശന ശാലകള്‍ക്കും മള്‍ട്ടി പ്ലെക്സുകള്കും റിലീസ് നല്‍കാനാണ് നിര്‍മ്മാതക്കളുടെയും വിതരണക്കാരുടെയും തീരുമാനം. കഴിഞ്ഞ ദിവസം ‘ഭൈരവ’ ഇത്തരത്തില്‍ റിലീസ് ചെയ്ത് കേരളത്തില്‍ നിന്ന് മികച്ച കളക്ഷന്‍ നേടിയ സാഹചര്യത്തിലാണ് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ വിലക്ക് ലംഘിച്ചു കേരളത്തിലെ ചില എ ക്ലാസ് തിയേറ്ററുകള്‍ കഴിഞ്ഞ ദിവസം ‘ഭൈരവ’ പ്രദര്‍ശിപ്പിച്ചിരുന്നു. നാലു മലയാള ചിത്രങ്ങളുടെ റിലീസാണ് സിനിമാ പ്രതിസന്ധി കാരണം മുടങ്ങിയത്. ‘എസ്ര’, ‘ഫുക്രി’ എന്നീ ചിത്രങ്ങളുടെ റിലീസ് തീയതികളും ഉടന്‍ പ്രഖ്യാപിക്കും.
Post Your Comments