നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്ത് തിരിച്ചെത്തിയ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഹൌ ഓള്‍ഡ് ആര് യു ചിത്രത്തിലെ വേഷത്തിലെ പോലെ സ്ത്രീ കേന്ദ്രിതമായ കഥാപാത്രങ്ങളിലേക്ക് താരം തളച്ചിടപ്പെട്ടോയെന്നു സംശയം തോന്നിക്കുന്ന തരത്തിലായിരുന്നു പിന്നീടുവന്ന കഥാപാത്രങ്ങളെല്ലാം. അതിനെ തുടര്‍ന്ന് നായികാ പ്രാധാന്യമുള്ളതും സ്ത്രീയുടെ കരുത്തിനെ വ്യക്തമാക്കുന്നതുമായ സിനിമകളില്‍ മാത്രമേ മഞ്ജു അഭിനയിക്കൂ എന്നൊരു പ്രചാരണവും ഉണ്ടായി. എന്നാലിത് താന്‍ ബോധപൂര്‍വം ചെയ്യുന്നതല്ലെന്നും തന്നെ തേടി വരുന്ന കഥാപാത്രങ്ങളിലേറെയും അത്തരത്തിലാണെന്നും മഞ്ജു പറയുന്നു
ഇപ്പോഴും താന്‍ കേള്‍ക്കുന്ന 90 ശതമാനം തിരക്കഥകളിലും ഇത്തരം കഥാപാത്രങ്ങളാണ്. ഇതു മനസിലാക്കി സ്ത്രീപക്ഷ സിനിമ എന്നു പറഞ്ഞുവരുന്നവരെ ഒഴിവാക്കുകയാണ് താനിപ്പോള്‍ ചെയ്യുന്നതെന്നും മഞ്ജു വ്യക്തമാക്കി. തനിക്ക് തന്നെ ഇത് കേട്ട് മടുത്തുവെന്നും അപ്പോള്‍ പ്രേക്ഷകരുടെ അവസ്ഥ എന്താകുമെന്നുമാണ് മഞ്ജു ഒരഭിമുഖത്തില്‍ ചോദിക്കുന്നത്.
ആറാം തമ്പുരാനിലേതു പോലുള്ള വേഷങ്ങള്‍ ഇനി സംഭവിക്കുമോയെന്നറിയില്ല. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ തയാറാണ്. ചില നായകന്മാരെ പോലെ എല്ലാ ചിത്രത്തിലും തനിക്കായിരിക്കണം എറ്റവും പ്രാധാന്യമെന്ന തോന്നലില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ട് ചിത്രങ്ങള്‍ മാത്രമാണ് മഞ്ജുവിന്റേതായി തിയറ്ററുകളിലെത്തിയത്. തനിക്ക് കേട്ട് തൃപ്തിയാകുന്ന ചിത്രങ്ങള്‍ മാത്രമാണ് ഇനി ഏറ്റെടുക്കുകയെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സൈറാ ബാനുവിനു ശേഷം പുതിയ ചിത്രങ്ങള്‍ മഞ്ജു കരാറായിട്ടില്ല.
Post Your Comments