മലയാളത്തില്‍ താരാരാധനയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. ഭാഷയ്ക്കും ദേശത്തിനും അതീതമായി ധാരാളം ആരാധകര്‍ അദ്ദേഹത്തിനുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂപ്പര്‍താരം മോഹന്‍ലാലിന്റെ പോളിഷ് ആരാധകന്‍ ബര്‍ടോസ് ഷാര്‍നോട്ട് ആണ് വാര്‍ത്തയില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്‍ കാണാന്‍ ബര്‍ടോസ് ഷാര്‍നോട്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ച് പോയതാണ് ഇപ്പോള്‍ വാര്‍ത്ത. പോളണ്ടിലെ സ്വിഡ്‌നിക്കയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള വാഴ്‌സയില്‍ എത്തിയാണ് ഷാര്‍നോട്ട പുലിമുരുകന്‍ കണ്ടത്. മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനാണ് ഷാര്‍നോട്ട. അംഗപരിമിതനായ ഷാര്‍നോട്ട വീല്‍ചെയറിലാണ് ലാല്‍ ചിത്രം കാണാന്‍ വാഴ്‌സയില്‍ എത്തിയത്.
മോഹന്‍ലാലിന്റെ ആരാധകനെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ ഷാര്‍നോട്ട പോളണ്ടിലെ യാഗിലോനിയന്‍ സര്‍വകലാശാലയില്‍ മലയാള സിനിമയെക്കുറിച്ച് ക്ലാസെടുത്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഷാര്‍നോട്ട ക്ലാസെടുത്തത്. ഭാഷയുടെ അതിര്‍വരമ്പ് മറികടന്ന് പോളിഷ് പ്രേക്ഷകര്‍ മഹേഷിന്റെ പ്രതികാരം ശരിക്കും ആസ്വദിക്കുകയായിരുന്നു.
2015ല്‍ ഷാര്‍നോട്ട ഇന്ത്യയില്‍ മോഹന്‍ലാലിനെ കാണാന്‍ വേണ്ടി മാത്രം എത്തിയിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം തന്റെ ഇഷ്ടതാരത്തെ കണ്ടത്. മോഹന്‍ലാലിന്റെ വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയത് ഷാര്‍നോട്ടയാണ്. മമ്മൂട്ടിയെയും മറ്റ് മലയാള താരങ്ങളെയും ആരാധിക്കുന്ന ഷാര്‍നോട്ട തമിഴ്, ഹിന്ദി ചിത്രങ്ങളും കാണുമെങ്കിലും മലയാളത്തോട് ഇഷ്ടം കൂടുതലുണ്ട്.
Post Your Comments