ഇന്ത്യന്‍ സിനിമാലോകംകണ്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ചലച്ചിത്ര നടന് ഓം പുരി. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ഓം പുരി ബോളിവുഡിലെ ഏറ്റവും മികച്ച സ്വഭാവ നടനെന്ന വിശേഷണത്തിന് കൂടി അര്‍ഹനാണ്. ഹരിയാനയിലുള്ള അംബാലയിലായിരുന്നു ഓം പുരി ജനിച്ചത്. 1976-ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം ‘ഘാഷിരാം കോട്വൽ’ എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഓം പുരി പിന്നീടു ചരിത്രതാളുകളിലേക്കാണ് നടന്നു കയറിയത്. തുടക്കകാലത്ത് വാണിജ്യ സിനിമകളില്‍ ശ്രദ്ധപതിപ്പിച്ച ഓം പുരി പിന്നീട് കലാമൂല്യമുള്ള ചിത്രങ്ങളിലേക്ക് കൂടുമാറി. 1980കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1980കള്‍ക്ക് ശേഷം അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഓം പുരി ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു ഒഴിച്ചുനിര്‍ത്താനാകാത്ത നടനായി വളരുകയായിരുന്നു.
ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992) തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊപ്പം ചില ഹോളിവുഡ് സിനിമകളിലും, ബ്രിട്ടീഷ് സിനിമകളിലും,പാകിസ്ഥാന് സിനിമയിലും ഓംപുരി അഭിനയിച്ചു. ദേശീയ പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1990-ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. 1982-ല്‍ പുറത്തിറങ്ങിയ ‘ആരോഹണ്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനും, 1984 -ല്‍ പുറത്തിറങ്ങിയ ‘ആർദ് സത്യ’ എന്ന ചിത്രത്തിലെ അഭിനയത്തിനും ഓംപുരിക്ക് ദേശീയ അംഗീകാരം ലഭിക്കുകയുണ്ടായി.
ഹാസ്യനടനെന്ന നിലയിലും ഇന്ത്യന്‍ സിനിമാ ലോകത്തിനു മികച്ച സംഭാവനകള്‍ നല്കിയ നടനാണ് ഓം പുരി . ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോമഡി നടനായും ഓംപുരി പ്രേക്ഷക പ്രീതി നേടിയെടുത്തു.
സംവത്സരങ്ങള്‍,പുരാവൃത്തം,സമീപകാലത്ത് ഇറങ്ങിയ ആടുപുലിയാട്ടം തുടങ്ങിയ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ഇന്ത്യന്‍ പ്രേക്ഷക സമൂഹത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത നാമധേയമാണ് ഓം പുരിയുടേത്. ഇന്ത്യയിലെ നിരവധി ഭാഷകളില്‍ അത്ഭുതമാര്‍ന്ന വേഷങ്ങള്‍ കെട്ടിയാടിയ അഭിനയ കുലപതിക്ക് പ്രണാമം…..
Post Your Comments