തീയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മുഴുവന്‍ തിയേറ്ററും അടച്ചിടുമെന്നു സൂചന. ജനുവരി 10 ന് നടക്കുന്ന എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം ഉണ്ടാകും. കൊച്ചിയില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പറഞ്ഞു.
പുതിയ അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശനത്തിന് ഇല്ലാത്തത് തീയറ്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിട്ടുണ്ട്. പൊങ്കലിനുള്ള തമിഴ് ചിത്രങ്ങള്‍ മാത്രമാണ് ഇനി തീയേറ്ററുകളില്‍ എത്താനുള്ളത്. ഈ സാഹചര്യത്തില്‍ തിയ്യറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാലാണ് അടച്ചിടാന്‍ തീരുമാനിക്കുന്നത്.
നിലവില്‍ പ്രദര്‍ശനത്തിനുള്ള അന്യഭാഷാ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ക്രിസ്മസിന് മുന്‍പ് ആരംഭിച്ച സിനിമാ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആദ്യം വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. തീയറ്ററുടമകളും നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
തീയറ്റര്‍ വിഹിതത്തെ ചൊല്ലി എ ക്ലാസ് തീയറ്ററുടമകളും നിര്‍മാതാക്കളും തമ്മില്‍ തുടരുന്ന തര്‍ക്കം മൂലം പുതിയ സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. സാംസ്കാരിക മന്ത്രി എ.കെ.ബാലന്റെ അഭ്യര്‍ഥന അവഗണിച്ചു മുന്നോട്ടുപോകുന്ന തീയറ്റര്‍ ഉടമകള്‍ക്കെതിരെ കര്‍ശന നിലപാടിലേക്കു നീങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാരംഗത്തെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് അറിയിക്കും. മുഖ്യമന്ത്രിയുടെ യോഗം സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments