അരയന്നങ്ങളുടെ വീട് ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ സിനിമകള്‍ ചിത്രീകരിച്ച ആഡംബരവീട് അഗ്നിക്കിരയായി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആയിരുന്ന പരേതനായ വിഎച്ച്എം റഫീക്കിന്റെ ഉടമസ്ഥതയിലുള്ള പള്ളുരുത്തിയിലെ വീടാണ് കത്തിനശിച്ചത്. അരയന്നങ്ങളുടെ വീട്, ബാംബൂ ബോയ്സ് എന്നീ ചിത്രങ്ങള്‍ക്ക് ഈ വീട് ലൊക്കേഷന്‍ ആയിരുന്നു. ഈ രണ്ട് സിനിമകളുടെയും നിര്‍മ്മാതാവും റഫീക്കായിരുന്നു.
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിച്ചത്. കൊതുക് തിരിയില്‍ നിന്നാണ് തീപിടിച്ചതെന്ന് സെക്യൂരിറ്റി ജീവനക്കാരന് പൊലീസിന് മൊഴി നല്കി. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ജീവനാശം ഉണ്ടായില്ല.
അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ റഫീക്കിന്റെ മകന് റെനീഷിന്റെ കുടുംബം കാക്കനാട്ടെ വീട്ടിലായിരുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ഗാന്ധിനഗര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമനസേന മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്. 50 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സിനിമാ നിര്‍മ്മാതാവും മുന്‍ നഗരസഭാ കൗണ്‍സിലറും തുറമുഖ തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറിയുമായിരുന്നു വി.എച്ച്.എം.റഫീക്ക്. മധുരക്കമ്പനി റോഡിലെ 7000 സ്ക്വയര്‍ ഫീറ്റിലാണ് ഇരുനില വീട് നിര്‍മിച്ചിരുന്നത്. റഫീക്കിന്റെ മകന് റെനീഷിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ വീട്.
Post Your Comments