GeneralNEWS

ബീന ടീച്ചറിന് ബി.ഉണ്ണികൃഷ്ണന്റെ മറുപടി

മഹാരാജാസ് കോളേജ് ചുമരെഴുത്ത് വിവാദം ഫേസ് ബുക്ക് എഴുത്തും, മറുപടിയുമായി ചൂടു പിടിച്ച് മുന്നേറുകയാണ്. മലയാള സിനിമാ സംവിധായകൻ ബി.ഉണ്ണികൃഷ്ണനും, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ബീനയും തമ്മിലാണ് ഈ വിഷയത്തിൽ ഫേസ് ബുക്ക് എഴുത്തുകളിലൂടെ കൊമ്പ് കോർക്കുന്നത്. ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർത്ഥികളുടെ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ബി.ഉണ്ണികൃഷ്ണനാണ് ഇവർ തമ്മിലുള്ള സൈബർ പോരിന് തുടക്കം കുറിച്ചത്. തന്റെ അച്ഛൻ ഒരു പഴയ കോളേജ് പ്രിൻസിപ്പലാണ്, ഇത് കേട്ടപ്പോൾ അദ്ദേഹത്തിന് പോലും പുച്ഛം തോന്നി, എന്നിങ്ങനെ വിശദമായിട്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ്.

“താങ്കളുടെ അച്ഛൻ പ്രിൻസിപ്പൽ ആയിരുന്ന സ്വകാര്യ കോളേജിന്റെ ഭിത്തിയിൽ ഇത്തരം എഴുത്തുകൾ വന്നിരുന്നെങ്കിൽ അത് കണ്ടില്ല എന്ന് നടിക്കുമോ” എന്നായിരുന്നു അതിന് പ്രിൻസിപ്പലിന്റെ മറുപടി. ഇതിനു മറുപടിയായി ബി.ഉണ്ണികൃഷ്ണൻ കൊടുത്ത പോസ്റ്റിൽ, സ്ഥലം കമ്മീഷണർക്ക് മഹാരാജാസ് കോളേജിന്റെ പ്രിൻസിപ്പൽ അധികാരം കൂടെ കൊടുക്കണമെന്നും, അല്ലെങ്കിൽ ബീന ടീച്ചർക്ക് പോലീസ് അധികാരിയുടെ അധിക ചുമതല കൂടി നൽകണം, എന്നാണ് പറഞ്ഞിട്ടുള്ളത്. ബി.ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാ:-

“മഹാരാജാസിലെ ചുവരെഴുത്ത്‌ വിഷയത്തിൽ ഞാൻ ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിന്‌ കോളേജ്‌ പ്രിൻസിപ്പൽ ബീന റ്റീച്ചർ ഫെയ്സ്ബുക്കിലൂടെ തന്നെ ഒരു മറുകുറിപ്പ് എഴുതിയിട്ടുണ്ട്‌. ആ കുറുപ്പിൽ നിന്നും എനിക്ക്‌ പുതിയ ചിലകാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു; തെറ്റു ചെയ്യുന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരാൽ തിരുത്തപ്പെടുന്ന ഒരു സ്ഥലമല്ല, കലാലയം. മറിച്ച്‌, കുട്ടികളുടെ ഭാഗത്ത്‌ നിന്ന് അരുതാത്തതെന്തെങ്കിലും ഉണ്ടായാൽ അതിനെ ഒരു കുറ്റകൃത്യവും ക്രമസമാധാന പ്രശ്നവുമായി കണ്ട്‌, പോലീസിൽ അറിയിച്ച്‌, വർഷങ്ങൾ കഴിഞ്ഞാലും വിടുതൽ ലഭിക്കാത്ത വകുപ്പുകൾ അവർക്കുമേൽ ചാർത്തി, അവരുടെ ജീവിതത്തെയാകെ ക്ഷുദ്രമാക്കുക എന്നതാണ്‌ ഒരു പ്രധാന അദ്ധ്യാപികയുടെ ധർമ്മം. ബീന റ്റീച്ചറിൽ നിന്ന് കിട്ടിയ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ട്‌, ബഹുമാനപ്പെട്ട കേരള സർക്കാർ മുമ്പാകെ ഞാനൊരപേക്ഷ സമർപ്പിക്കുന്നു: എത്രയും പെട്ടെന്ന്, എറണാകുളം സിറ്റി പോലിസ്‌ കമ്മീഷണറിന്‌ മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പലിന്റെ അധിക ചുമതലകൂടി നൽകണം. അയ്യോ, അങ്ങിനെ സംഭവിച്ചാൽ, ബീന റ്റീച്ചർ? പ്രധാന അധ്യാപിക എന്ന നിലയിലുള്ള അവരുടെ കർമ്മകുശലത നമ്മുക്കിനിയും ആവശ്യമുള്ള സ്ഥിതിക്ക്‌, ഞാൻ സർക്കാർ മുമ്പാകെയുള്ള എന്റെ അപേക്ഷ തിരുത്തുന്നു: മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പലിന്‌ ഒരു പോലിസധികാരിയുടെ അധികചുമതല കൂടി നൽകണം. പ്രധാന അധ്യാപിക എന്നതിനേക്കാൾ അവർ ശോഭിക്കുക ആ റോളിലായിരിക്കും എന്ന് എനിക്കുറപ്പുണ്ട്‌.”

shortlink

Related Articles

Post Your Comments


Back to top button