മലയാള സിനിമയിൽ നിലവിലുള്ള ഏറ്റവും മികച്ച രണ്ടു സംവിധായകരാണ് ലാൽജോസും, റോഷൻ ആന്‍ഡ്രൂസും. സംവിധായകന്‍ കമലിന്‍റെ കീഴില്‍ ഏറെക്കാലം വിദ്യ അഭ്യസിച്ച ഇവര്‍ ശരിയായ സമയം വന്നപ്പോഴാണ് സ്വതന്ത്ര സംവിധായകരായി മാറിയത്. 1998’ൽ മമ്മൂട്ടി നായകനായ “മറവത്തൂർ കനവ്” എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് ലാൽജോസ് തുടക്കം കുറിച്ചത്, 2005’ൽ “ഉദയനാണ് താരം” എന്ന മോഹൻലാൽ ചിത്രത്തത്തിലൂടെ റോഷൻ ആൻഡ്രൂസും.
സിനിമയിൽ തുടക്കം കുറയ്ക്കുന്നതിന് സമാനമായൊരു പദ്ധതിയുണ്ടായിരുന്നു ഇരുവർക്കും. ശ്രീനിവാസൻ തിരക്കഥയെഴുതി എസ്.കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചു വേണം തുടക്കം കുറിക്കാൻ എന്ന സ്‌പെഷ്യൽ പദ്ധതി! പദ്ധതിയെക്കാളുപരി രണ്ടുപേരുടെയും സ്വപ്നമായിരുന്നു അത്. ശ്രീനിവാസൻ, എസ്.കുമാർ എന്നീ അസാമാന്യ പ്രതിഭകൾക്ക് അവർ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിലുള്ള അപാരമായ കഴിവാണ് ലാൽജോസിനും റോഷൻ ആൻഡ്രൂസിനും അങ്ങനെയൊരു ചിന്തയുണ്ടാകാൻ കാരണം. പക്ഷെ ലാൽജോസിന് മാത്രം തന്റെ ആഗ്രഹം പൂർണ്ണമായും സാധിക്കാൻ കഴിഞ്ഞില്ല.
“മറവത്തൂർ കനവ്” എന്ന ചിത്രത്തിന്റെ പ്ലാനിംഗ് നടക്കുമ്പോൾ തന്നെ ശ്രീനിവാസന്റെ തിരക്കഥ, എസ്.കുമാറിന്റെ ക്യാമറ എന്നീ ആവശ്യങ്ങൾ ലാൽജോസ് നിർമ്മാതാവായ സിയാദ് കോക്കറിനോട് പറഞ്ഞിരുന്നു. അതിൽ ശ്രീനിവാസന്റെ തിരക്കഥ എന്നത് സാധ്യമായി. പക്ഷെ ക്യാമറയുടെ കാര്യം കുഴപ്പത്തിലായി. കാരണം, നിർമ്മാതാവ് സിയാദ് കോക്കറിന് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിപിൻ മോഹനെ കൊണ്ടു തന്നെ ക്യാമറ വർക്ക് ചെയ്യിപ്പിക്കണം എന്നത് നിർബന്ധമായിരുന്നു. വിപിൻ മോഹന് വാക്ക് കൊടുത്തു പോയതു കൊണ്ട് അതിലൊരു മാറ്റം നടക്കില്ല എന്ന് സിയാദ് കോക്കർ ലാൽ ജോസിനോട് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ലാൽജോസിന് തന്റെ ആദ്യ ചിത്രത്തിൽ എസ്.കുമാർ ക്യാമറ ചലിപ്പിക്കണം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. കാര്യം ഇതൊക്കെയായിരുന്നെങ്കിലും “മറവത്തൂർ കനവ്” മികച്ച വിജയം നേടി.
നേരെ മറിച്ച്, ആഗ്രഹിച്ച എല്ലാ ഘടകങ്ങളും കൃത്യമായി ഒത്തു വന്നതിനാൽ റോഷൻ ആൻഡ്രൂസിന് തന്റെ സ്വപ്നം പോലെ തന്നെ കാര്യങ്ങൾ നടന്നു. “ഉദയനാണ് താരം” എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ശ്രീനിവാസനായിരുന്നു, ക്യാമറ എസ്.കുമാറും. ചിത്രം മെഗാഹിറ്റായി മാറുകയും ചെയ്തു.
Post Your Comments