
“ചൈന ടൌണ്‍” എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുന്ന സമയം. മോഹൻലാൽ, ജയറാം, ദിലീപ്, ഹിന്ദി നടൻ പ്രദീപ് റാവത്ത് എന്നിവർ സെറ്റിലുണ്ട്. ദൂരദർശനിലെ പ്രശസ്തമായ “മഹാഭാരതം” സീരിയലിൽ അശ്വത്ഥാമാവിന്‍റെ വേഷം ചെയ്തതിലൂടെ ഏവർക്കും സുപരിചിതനായ നടനാണ് പ്രദീപ് റാവത്ത്. “ഗജിനി” എന്ന സിനിമയിലെ , തമിഴ്-ഹിന്ദി പതിപ്പുകളിൽ വില്ലൻ വേഷം ചെയ്തതും പ്രദീപ് തന്നെയാണ്. അതു കൊണ്ട് തന്നെ സെറ്റിൽ പ്രദീപിന് എല്ലാവരും പ്രത്യേക ബഹുമാനം കൊടുത്തിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്ന് എടുത്തു പറഞ്ഞ പ്രദീപ് , ജയറാമിനെയും ദിലീപിനെയും വളരെ അടുത്ത് പരിചയപ്പെടുകയും ചെയ്തു. മലയാളം മഹത്തായ ഭാഷയാണെന്നും ഏതു ഭാഷയും വളരെ എളുപ്പം മനസ്സിലാക്കുന്ന വ്യക്തിയാണ് താനെന്നും സംവിധായകരായ റാഫിയോടും മെക്കാർട്ടിനോടും അയാൾ തുറന്നു പറഞ്ഞു. ആ കേട്ടതിൽ മോഹൻലാലും, ജയറാമും, ദിലീപും, റാഫിയും, മെക്കാർട്ടിനും എല്ലാവരും തികച്ചും ഹാപ്പി.
ആദ്യമായി സെറ്റിൽ വന്ന ദിവസം താൻ അഭിനയിക്കാൻ പോകുന്ന സീനിലെ ഡയലോഗ് കാണാതെ പഠിക്കാനുള്ള തീവ്രമായ ശ്രമത്തിലായിരുന്നു പ്രദീപ് റാവത്ത്. ദിലീപിന്‍റെ മുഖത്ത് നോക്കി ദേഷ്യത്തോടെ “ഒപ്പിടൂ” എന്ന് പറയുന്നതാണ് ആശാന്‍റെ ആദ്യത്തെ ഡയലോഗ്. “ഒപ്പിടൂ” എന്ന് പലവട്ടം പല രീതിയിൽ പറഞ്ഞ്, വ്യക്തമാക്കി,ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്ന പ്രദീപ് ഒടുവില്‍ ടേക്കിന് റെഡിയായി. ക്യാമറ പല റേഞ്ചിൽ സഞ്ചരിച്ച് ഒടുവിൽ പ്രദീപിന്‍റെ ക്ലോസ് അപ്പിൽ എത്തുന്ന സമയത്ത് ആള് “ഒപ്പിടൂ” എന്ന് പറയണം. സംവിധായകർ “ആക്ഷൻ” പറഞ്ഞു. ക്യാമറ കറങ്ങിത്തിരിഞ്ഞ് പ്രദീപിന്‍റെ മുഖത്ത് എത്തി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആശാൻ പറഞ്ഞതെന്താണെന്ന് അറിയാമോ ?
“തുപ്പിടൂ” !
സംവിധായകർ കട്ട് പറയുന്നതിന് മുൻപ് തന്നെ, ദിലീപ് അവിടെ കമഴ്ന്നു കിടന്ന് ചിരിക്കുകയായിരുന്നു. മോഹൻലാലും ജയറാമും ബാക്കിയുള്ളവരും അന്തം വിട്ടു നിന്നു. പിന്നീട് ഒരുപാട് കഷ്ടപ്പെട്ട് ആ ഒരു സീൻ പൂർത്തിയായി. അടുത്തത് പ്രദീപിന് നീണ്ട സംഭാഷണമുള്ള ഒന്നാണ്. “ഒപ്പിടൂ” എന്ന ഒരു വാക്ക് പറയാൻ ക്രൂവിനെ മുഴുവൻ വെള്ളം കുടിപ്പിച്ച അയാൾ എങ്ങനെ നീണ്ട വാചകങ്ങൾ പറയും? അതും മോഹൻലാലിന്‍റെ മുഖത്ത് നോക്കിയാണ് അത് പറയേണ്ടതും. ഫ്രെയ്മിൽ മോഹൻലാൽ പുറം തിരിഞ്ഞാണ് നിൽക്കുന്നതെങ്കിലും, ഒറ്റ ഷോട്ടിൽ തന്നെ പ്രദീപ് ആ ഡയലോഗ് ഡെലിവറി പൂർത്തിയാക്കണം. പക്ഷെ, സംവിധായകൻ റാഫിയുടെ ബുദ്ധി കാരണം ആ സീൻ തരക്കേടില്ലാതെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. എങ്ങനെയാണെന്ന് അറിയണ്ടേ ?
പ്രദീപിന്‍റെ നോട്ടം എത്തുന്ന സ്ഥലത്തെല്ലാം ഡയലോഗ് എഴുതിയ പേപ്പറുകളും പിടിച്ച് സെറ്റിലെ ഓരോരുത്തരും നിന്നു എന്നതാണ് വാസ്തവം! അതും പോരാഞ്ഞിട്ട് , റാഫി എന്താണ് ചെയ്തതെന്നറിയാമോ? മോഹൻലാലിന്‍റെ നെഞ്ചിലും(പകുതിയോളം ഷേവ് ചെയ്തിട്ട്), നെറ്റിയിലും, കവിളിലുമൊക്കെ, മാർക്കർ പേന കൊണ്ട് ചില വാക്കുകൾ എഴുതി വച്ചു ! ഇതൊക്കെ സഹിച്ച് അനങ്ങാതെ നിന്നു കൊടുത്ത സാക്ഷാൽ മോഹൻലാലിനെ ആലോചിച്ച് ജയറാമിനും, ദിലീപിനുമൊക്കെ അന്ന് ചിരിയടക്കാൻ കഴിഞ്ഞില്ല എന്നാണ് കേൾക്കുന്നത്.
Post Your Comments