പ്രിയദർശന്റെ “കാക്കക്കുയിൽ” എന്ന സിനിമയുടെ ഷൂട്ട് ഹൈദ്രാബാദിലെ ഒരു സ്റ്റുഡിയോ ഫ്ലോറിൽ നടക്കുകയാണ്. മോഹൻലാലും, മുകേഷും ചേർന്നുള്ള കോമ്പിനേഷൻ രംഗങ്ങൾ എടുക്കുകയാണ്. ഇടയ്ക്ക്, കുറെ നേരം നീണ്ട ബ്രേക്ക് കിട്ടിയപ്പോൾ , മോഹൻലാൽ മുകേഷിനോട് പറഞ്ഞു,
“ടാ…അപ്പുറത്തെ ഫ്ലോറിൽ എന്റെയൊരു സുഹൃത്തിന്റെ പടം ഷൂട്ട് നടക്കുകയാണ്. തെലുങ്കാണ്. നിനക്കറിയാം, ആള് ഇവിടത്തെ സൂപ്പർ സ്റ്റാറാണ്…”
“എന്നാപ്പിന്നെ വാ, ലവനെ പോയി കണ്ടുകളയാം…” എന്ന് മുകേഷ് പറഞ്ഞു.
അങ്ങനെ രണ്ടു പേരും ചേർന്ന് തെലുങ്ക് പടത്തിന്റെ സെറ്റിൽ ചെന്നു. മോഹൻലാലിനെ കണ്ട പാടെ, ടേക്ക് നടക്കുകയായിരുന്ന ഒരു സീനിൽ സ്വയം കട്ട് പറഞ്ഞിട്ട് ആ തെലുങ്ക് സൂപ്പർ സ്റ്റാർ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ഓടി വന്നു. അവിടെ ഷൂട്ടിംഗ് ബ്രേക്കായി. സംവിധായകനും, നിർമ്മാതാവും ഉൾപ്പെടെ ഒരു സംഘം, മോഹൻലാലിന്റെയും, മുകേഷിന്റെയും പിന്നാലെ കൂടി. ഒരുപാട് നേരത്തെ സൽക്കാരത്തിനു ശേഷം, ഇരുവരും തിരികെ പോരാൻ തുടങ്ങിയപ്പോഴാണ് മുകേഷിന് പ്രിയദർശന്റെ കോൾ വന്നത്. ഷൂട്ട് തുടങ്ങാൻ വൈകും എന്ന് പറയാനാണ് അദ്ദേഹം വിളിച്ചത്. അത് കേട്ടപ്പോൾ , മോഹൻലാൽ പറഞ്ഞു, “എന്നാപ്പിന്നെ നമുക്ക് ഇവിടിരിക്കാം, ഇവരുടെ ഷൂട്ടിംഗ് കാണാം”. മുകേഷും റെഡി.
വീണ്ടും ഇരുവരും, തെലുങ്ക് പടത്തിന്റെ സെറ്റിൽ എത്തി. നേരത്തെ നടന്നതിന്റെ ആവർത്തനം. എല്ലാവരുടെയും ശ്രദ്ധ മോഹൻലാലിലും, മുകേഷിലും മാത്രമായി. ഷൂട്ടിങ്ങിന് തടസ്സം വരാതിരിക്കാനായി, അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ട്, ഒരൽപ്പം ദൂരെ മാറിയിരുന്ന്, മോഹൻലാലും, മുകേഷും ആ ഷൂട്ട് കാണാൻ തീരുമാനിച്ചു. സമയം കടന്നു പോയി. ഏതാണ്ട് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും, അവിടെ ഒന്നും നടക്കുന്ന ലക്ഷണമില്ല. ഒടുവിൽ ഒരു സഹസംവിധായകൻ വന്ന് മുകേഷിനെ വിളിച്ച് ദൂരെ മാറ്റി നിർത്തി പറഞ്ഞു…
“സാർ, തെറ്റിദ്ധരിക്കരുത്. താങ്കളും, മോഹൻലാൽ സാറും ഇവിടെ നിന്ന് പോകണം. എന്നാലേ ഷൂട്ട് നടക്കൂ. പ്ലീസ്”
മുകേഷ് അന്തം വിട്ടു പോയി. പുള്ളിയോട് അതെന്താ കാരണം എന്ന് ചോദിച്ചു. അതിന് അയാളുടെ മറുപടി ഇപ്രകാരമായിരുന്നു…
“അയ്യോ…വേറൊന്നും വിചാരിക്കല്ലേ സാർ…മോഹൻലാൽ സാർ ഇവിടെ ഇരുന്നാൽ തനിക്ക് അഭിനയിക്കാൻ പറ്റില്ല എന്നാണ് നമ്മുടെ സ്റ്റാർ പറയുന്നത്. അദ്ദേഹത്തിന് മോഹൻലാൽ സാറിന്റെ മുന്നിൽ അഭിനയിക്കാനുള്ള ആത്മവിശ്വാസം ഇല്ല. എത്ര ചെയ്താലും അത് ശരിയാവില്ല എന്നാണ് പറയുന്നത്. ആള് മോഹൻലാൽ സാറിന്റെ ഏറ്റവും വലിയ ആരാധകനാണ്. ചിലപ്പോൾ അതാവാം കാരണം. സാർ ഒന്ന് സഹകരിക്കണം. പ്ലീസ്”
ഇത് കേട്ടതും, മുകേഷ് മെല്ലെ തിരിഞ്ഞ്, അവിടെ കസേരയിൽ ഇരിക്കുന്ന മോഹൻലാലിനെ ഒന്ന് നോക്കി. “എന്തോന്നെടെയ്” എന്ന ഭാവത്തിൽ മുകേഷിനോട് അദ്ദേഹം കൈ ആംഗ്യം കാണിച്ചു. “ഹേയ് ഒന്നുമില്ല” എന്ന് തിരികെ തലയാട്ടിക്കാണിച്ച മുകേഷ് കുറച്ച് നേരം മോഹൻലാലിനെ തന്നെ നോക്കി നിന്നു. തെല്ലൊരു അഹങ്കാരത്തോടെ, ലാലിന്റെ കയ്യും പിടിച്ച് ആ സ്റ്റുഡിയോ ഫ്ലോർ വിട്ട് വെളിയിൽ പോകുമ്പോൾ, ആ സഹസംവിധായകന്റെ വാക്കുകൾ അപ്പോഴും മുകേഷിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു…
“അദ്ദേഹത്തിനു മോഹൻലാൽ സാറിന്റെ മുന്നിൽ അഭിനയിക്കാനുള്ള ആത്മവിശ്വാസം ഇല്ല. എത്ര ചെയ്താലും അത് ശരിയാവില്ല എന്നാണ് അദ്ദേഹം പറയുന്നത്”
Post Your Comments