“സന്ദേശം” എന്ന പൊളിറ്റിക്കൽ സറ്റയർ സിനിമയിൽ മാളയുടെ കഥാപാത്രം പറയുന്നുണ്ട്, “ഏറു തുടങ്ങിയപ്പോൾ ജാഥ അക്രമാസക്തമായി. പക്ഷെ എല്ലാ അക്രമങ്ങളും എന്റെ നേരെയായിരുന്നു എന്ന് മാത്രം”. ഏതാണ്ട് അതു പോലെ ഒരു അക്രമത്തിന് നമ്മുടെ ഈ കൊച്ചു കേരളത്തിലെ (ഈ പറയുന്ന അത്ര കൊച്ചല്ല എന്നത് നഗ്ന സത്യം) സിനിമാ വ്യവസായത്തിൽ തുടക്കം കുറിച്ചിരിക്കുകയാണ്. വിശദീകരിക്കാം. മലയാള സിനിമ (വേറൊരു ഭാഷയും ബാധകമല്ല, നോട്ട് ദി പോയന്റ്) പ്രദർശിപ്പിക്കുന്ന തീയറ്ററുകളുടെ ഉടമകൾക്ക് ഒരു സുപ്രഭാതത്തിൽ വലിയൊരു പൂതി! സിനിമ നിർമ്മിക്കാനായി പണം മുടക്കുന്ന നിർമ്മാതാവിനും വിതരണക്കാരനും ഒപ്പം കളക്ഷന്റെ പകുതി തുക അവർക്കും വേണമെന്ന്. എങ്ങനെയുണ്ട് ആഗ്രഹം? ചന്തയിൽ സാധനങ്ങൾ വിൽക്കാനായി കട വാടകയ്ക്കെടുത്താൽ ഉടമസ്ഥന് വാടകയല്ല വേണ്ടത്, മറിച്ച് അവ വിറ്റു കിട്ടുന്ന തുകയുടെ നേർപകുതി വേണമത്രേ! അങ്ങനെയൊരു വ്യത്യസ്തമായ നയത്തിലാണ് കേരളാ കോണ്ടംഫെഡറേഷൻ ഓഫ് പടം പ്രദർശിപ്പിക്കൽ സംഘടന! കൂട്ടുപിടിക്കാൻ കഴിയുന്ന അത്രയും പേരെ, വിതരണക്കാരന്റെ ഓഫീസിലെ സ്റ്റാഫിനെ മുതൽ ഇങ്ങു കോർപ്പറേഷനിലെ ഏമാന്മാരെ വരെ ചാക്കിലാക്കി, പരമാവധി പിടുങ്ങിയിട്ടും തീരാത്ത, ഒടുങ്ങാത്ത ആർത്തിയുടെ പുതിയ വഴി.
സിനിമയുടെ ചിത്രീകരണം നമസ്തേ എന്ന് തുടങ്ങുന്ന ദിവസം മുതൽ ഒടുവിൽ യൂ.എഫ്.ഓ, ക്യൂബ്, പി.എക്സ്.ഡി തുടങ്ങിയ പ്രദർശന സഹായികളുടെ യന്ത്രത്തിൽ പടം കയറ്റി വയ്ക്കുന്ന സമയം വരെ നെല്ലിപ്പലകയിൽ ഇരുന്ന നാണയം പോലും എടുത്ത് പണം മുടക്കി, കഷ്ടപ്പെട്ട്, നടുവൊടിഞ്ഞ് ഒരു വിധത്തിൽ ഒരു സിനിമ തയ്യാറാക്കി വച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് നിർമ്മാതാക്കൾ. അവരെ തീയറ്ററിലോട്ട് എത്തിക്കുന്നത് വിതരണക്കാരും. ഈ ചക്രത്തിൽ മൂന്നാമത് വരുന്ന ഇടനിലക്കാർ മാത്രമാണ് തീയറ്റർ ഉടമകൾ. ആദ്യത്തെ രണ്ടുപേരുടെയും വിൽപ്പന ചരക്ക് വിറ്റഴിക്കാൻ വേണ്ടി സൗകര്യം ഒരുക്കിക്കൊടുക്കുന്ന ഒരു സ്ഥലം, അത്രേയുള്ളൂ. അതിന് കാലാകാലങ്ങളായി പല രീതിയിലുള്ള ഉടമ്പടികൾ ഉണ്ടായിട്ടുണ്ട്. ആർക്കും നഷ്ടം വരണ്ട എന്ന രീതിയിൽ ഓരോരുത്തരും ചേർന്നെടുത്ത തീരുമാനങ്ങൾ. പക്ഷെ ഇപ്പോൾ എന്താണ് ആവശ്യം? 50 – 50 തന്നെ വേണം ! ആഴ്ചക്കണക്കിൽ തീരുമാനിച്ചിരുന്ന കളക്ഷൻ അനുപാതത്തിൽ ആദ്യത്തേതിൽ കിട്ടുന്നതിന്റെ പകുതിയും തീയേറ്ററിന് തന്നെ വേണം എന്ന്. ഏത് വ്യവസായത്തിലാണ് ഇങ്ങനെയൊരു വിചിത്രമായ നിയമം നടക്കുക? വാടക സംവിധാനത്തിൽ നടന്നു പോകേണ്ട ഒരു പ്രക്രിയയിൽ ഷെയർ സംവിധാനം വന്നതും പോരാഞ്ഞിട്ട്, അത് പകുതിയ്ക്ക് പകുതി വേണം എന്ന വാദം എന്തു തരം സ്വഭാവ ദൂഷ്യത്തിന്റെ ലക്ഷണമാണ്?
ഒന്നുമല്ല. ബന്ധപ്പെട്ട സംഘടനയിലെ തലപ്പത്തിരിക്കുന്ന വ്യക്തികളുടെ ഏകാധിപത്യ ഭരണ സ്വഭാവമാണ് ഈ കാണുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം. തീയറ്റർ ഉടമകൾക്ക് മാത്രം വെള്ളം കുടിക്കാതെയും, ആഹാരം കഴിക്കാതെയും ജീവിക്കാനുള്ള വരം വാ കീറിയ ദൈവം കൊടുത്തിട്ടില്ലല്ലോ. പടം ഓടിച്ച്, കളക്ഷൻ കിട്ടിയാലല്ലേ അവർക്കും, അവരെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികൾക്കും ജീവിതം സാധ്യമാകൂ. അപ്പോൾ പിന്നെ ഇമ്മാതിരി അനിശ്ചിതകാല സമരപരിപാടികളുമായി മുന്നോട്ടു പോയാൽ ജീവിതം എങ്ങനെ സാധ്യമാകും? സംഘടന എന്ന് പറയുന്നത് ബന്ധപ്പെട്ടവരുടെയും, അതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നവരുടെയും ക്ഷേമത്തിനുള്ളതാണ്. അല്ലാതെ ഈ പറഞ്ഞവരുടെ അന്നം മുടക്കാനുള്ളതല്ല. നേതാക്കളുടെ തോന്നിയവാസത്തിന് റാങ് മൂളി നിൽക്കുന്നു എന്നതാണ് കേരളത്തിലെ തീയറ്റർ ഉടമകളുടെ ഭാഗത്ത് നിന്നും സംഭവിക്കുന്ന ഏറ്റവും വലിയ പിഴവ്.
കേരളത്തിലെ എല്ലാ തീയറ്റർ ഉടമകളും കൊടിയ സമ്പന്നരല്ല. ഇക്കൂട്ടരിൽ കഷ്ടപ്പാട് അനുഭവിക്കുന്നവർ ഒരുപാടുണ്ട്. തീയറ്റർ ആണ് ജീവനോപാധിയെങ്കിൽ, അവിടെ സിനിമ ഓടി പണം വന്നേ തീരൂ. എങ്കിലേ ജീവിക്കാൻ കഴിയൂ. അതിന് തടസ്സം നിൽക്കുന്ന സംഗതികൾ സമയാസമയത്തെ നയങ്ങളാൽ തിരുത്തി മാറ്റി മുന്നേറിയെ പറ്റൂ. ഇനിയെങ്കിലും സ്വന്തം ഭാഗത്ത് നിന്നും ചിന്തിച്ചു തുടങ്ങട്ടെ ബന്ധപ്പെട്ടവർ. നേതൃത്വത്തിന്റെ പിടിവാശിയിൽ എരിഞ്ഞു തീരണോ, അതോ സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കരാറുകളിൽ ഏർപ്പെട്ട് മുന്നോട്ട് നീങ്ങണോ, ചിന്തിക്കൂ. ഏകാധിപതികളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി സ്വന്തം ജീവിതമാകുന്ന ഇരിക്കും കൊമ്പിനെ വെട്ടിക്കളയരുത്. ശ്രദ്ധിക്കൂ. പ്രതികരിക്കൂ. പരിഹരിക്കപ്പെടാൻ കഴിയാത്തതായി ഈ ലോകത്ത് ഒരു പ്രശ്നവും ഇല്ല.
Post Your Comments