2008’ൽ “സുബ്രഹ്മണ്യപുരം” എന്ന ക്ലാസ്സിക് തമിഴ് ചിത്രത്തിന്റെ സംവിധാനം, നിർമ്മാണം, പ്രധാന വേഷം എന്നിവ നിർവഹിച്ച് ഉഗ്രനൊരു തുടക്കം കുറിച്ച കലാകാരനാണ് ശശികുമാർ. അതിനുശേഷം “ഈശൻ” (2010) എന്നൊരു ചിത്രം കൂടെ ചെയ്തെങ്കിലും അത് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് വന്നില്ല. പിന്നീട് ശശികുമാർ അഭിനയം മാത്രമായി തുടർന്നു. ഇപ്പോഴിതാ ഒളിഞ്ഞും, തെളിഞ്ഞും കേട്ടിരുന്ന ഒരു വാർത്തയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പുള്ളിക്കാരൻ.
സൂപ്പർ സ്റ്റാർ വിജയ് നായകനായി ഒരു ചിത്രം ശശികുമാർ സംവിധാനം ചെയ്യും എന്നതായിരുന്നു ആ വാർത്ത. സംഗതി തമിഴ് സിനിമാ ലോകം മുഴുവൻ പറന്നെങ്കിലും, ഇതുവരെയും ബന്ധപ്പെട്ടവരിൽ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പ് ലഭിച്ചില്ലായിരുന്നു. “ബെല്ലേ വെള്ളയതേവാ” എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിങ്ങിൽ ശശികുമാർ ഇതിനെക്കുറിച്ച് അഭിപ്രായം പറയുകയുണ്ടായി
ഇളയദളപതി വിജയ് നായകനാകുന്ന ഒരു ചിത്രം താൻ സംവിധാനം ചെയ്യുമെന്നും, എന്നാൽ ആളുകൾ പറയുന്നതു പോലെ അതിന്റെ തിരക്കഥയൊന്നും തയ്യാറായിട്ടില്ല എന്നാണ് ശശികുമാർ പറയുന്നത്. സമീപഭാവിയിൽ തന്നെ ആ ചിത്രം നടക്കുമെന്നും, അതിൽ താൻ അഭിനേതാവായി ഉണ്ടാകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അത് പൂർണ്ണമായും ഒരു വിജയ് ചിത്രമായിരിക്കും എന്ന് ശശികുമാർ ഉറപ്പിച്ച് പറയുന്നു. നവാഗതനായ സോലൈ പ്രകാശ് സംവിധാനം നിർവ്വഹിക്കുന്ന “ബെല്ലേ വെള്ളയതേവാ” ഈ ക്രിസ്മസിന് റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.
Post Your Comments