മലയാളത്തില്‍ ക്രിസ്മസ് റിലീസുകള്‍ ഉണ്ടാകുമെന്ന് സൂചന. ഡിസംബര്‍ 16 മുതല്‍ ആരംഭിച്ച സിനിമാ സമരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കി റിലീസ് പ്രശ്നത്തില്‍ പരിഹാരം ഉണ്ടാകുമെന്നാണ് സൂചന. സിനിമാ മന്ത്രി എ കെ ബാലന്‍ പാലക്കാട് വടക്കാഞ്ചേരിയില്‍ വൈകിട്ട് മൂന്നിന് സിനിമാ സംഘടനകളുമായി ചര്‍ച്ച നടത്തും. ക്രിസ്മസ് സീസണിലുളള റിലീസുകള്‍ മുടക്കിയുള്ള സമരം ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സൂചന.വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷന്‍, നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ക്രിസ്മസ് റിലീസുകള്‍ തടസ്സപ്പെടാതെ തിയറ്റര്‍ വിഹിത തര്‍ക്കത്തില്‍ പരിഹാരം തേടാനുള്ള നിര്‍ദേശമായിരിക്കും മന്ത്രി എ കെ ബാലന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘടനയ്ക്ക് മുന്നില്‍ വയ്ക്കുക എന്നാണ് അറിയുന്നത്. തിയറ്റര്‍ വിഹിതത്തില്‍ 50-50 അനുപാതത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.
സര്‍ക്കാര്‍ ഇടപെടല്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്നും, 13 വര്‍ഷമായി നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ ചെറിയൊരു മാറ്റം വേണമെന്ന ആവശ്യത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഒരുമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments