സർജിക്കൽ ആക്രമണങ്ങളും, പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യയിൽ നിരോധനങ്ങളും വന്നതോടെ ആദ്യം നിലച്ചത് പാകിസ്ഥാനിലെ സിനിമാതീയറ്റർ വ്യവസായമാണ്. കാരണം അവിടെ സ്ഥിരമായി പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളിൽ ഏറിയപങ്കും ഇന്ത്യൻ സിനിമകളാണ്. ഈയടുത്ത കാലത്ത് ഇൻഡോ-പാകിസ്ഥാൻ ബന്ധം തീരെ മോശമായ സാഹചര്യത്തിൽ പാകിസ്ഥാനിലെ ഫിലിം എക്സിബിറ്റേഴ്‌സും, സിനിമാ തീയറ്റർ മുതലാളിമാരും ചേർന്ന് ഒന്നടങ്കം തീരുമാനമെടുത്തിരുന്നു ഇന്ത്യൻ സിനിമകൾ ഇനി മുതൽ പ്രദർശിപ്പിക്കണ്ട എന്ന്. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിന് മാറ്റമുണ്ടായിരിക്കുകയാണ്.
എല്ലാ വിലക്കുകളും നീക്കി ഡിസംബർ 19 മുതൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കാനുള്ള അനുവാദം നൽകിയിരിക്കുകയാണ് ബന്ധപ്പെട്ടവർ. പാകിസ്ഥാനിലെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ചെയർമാൻ സൊറൈഷ് ലഷരി ഒരു പ്രസ്സ് മീറ്റിങ്ങിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യൻ സിനിമകളുടെ പ്രദർശനം തടഞ്ഞതിലൂടെ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെന്നും, സിനിപ്ലെക്‌സും, മൾട്ടിപ്ളെക്സുമൊക്കെ പണിയാനായി നിക്ഷേപം നടത്തിയവർക്ക് ഇനിയും ഇത് സഹിക്കാൻ പറ്റില്ലെന്നും ലഷരി അഭിപ്രായപ്പെട്ടു.
നിരോധനം വന്നതിനു ശേഷം റിലീസായ ഇന്ത്യൻ സിനിമകൾ ഇന്ത്യയിൽ പോലും അത്ര വലിയ വിജയം കണ്ടില്ല എന്നത് പാകിസ്ഥാൻ തീയറ്റർ മുതലാളിമാർക്ക് ഒരു ആശ്വാസമാണെങ്കിലും, അമീർ ഖാന്റെ “ദങ്കൽ” എന്ന സിനിമ എന്തു വില കൊടുത്തും പാകിസ്ഥാനിൽ പ്രദർശിപ്പിക്കണം എന്ന വാശിയാണ് ഈ നയം മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
Post Your Comments