ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി.ജോൺ നിർമ്മിച്ച് മണിരത്നം സംവിധാനം ചെയ്ത് 1984’ൽ റിലീസായ ചിത്രമാണ് “ഉണരൂ”. മോഹൻലാൽ, സുകുമാരൻ, രതീഷ്, ബാലൻ.കെ.നായർ, സബിത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മണിരത്നത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു “ഉണരൂ”. ആദ്യത്തെ ചിത്രമായ “പല്ലവി അനുപല്ലവി” (കന്നഡ) കണ്ട് അതിൽ സംതൃപ്തി തോന്നിയ എൻ.ജി.ജോൺ തനിക്കു വേണ്ടി ഒരു മലയാള സിനിമ ചെയ്യാനായി മണിരത്നത്തെ ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് “ഉണരൂ” തുടങ്ങുന്നത്.
നടൻ സുകുമാരൻ ആദ്യമായാണ് ജിയോ മൂവീസിന്റെ ഒരു സിനിമയിൽ അഭിനയിക്കുന്നത്. സുകുമാരന്റെ അഭിനയവും ഉച്ചാരണവും ഒരു പ്രത്യേക രീതിയിലാണല്ലോ. പക്ഷെ, സംവിധായകൻ മണിരത്നത്തിന് അതു പോരാ. വീണ്ടും വീണ്ടും പറഞ്ഞു കൊടുത്ത് സീനിന്റെ ഉദ്ദേശവും പോക്കും എല്ലാം വിശദമായി പറഞ്ഞു കൊടുത്ത് താൻ ആഗ്രഹിച്ച തരത്തിലുള്ള അഭിനയവും, ഉച്ചാരണവും, മോഡുലേഷനും സുകുമാരനിൽ നിന്നും മണി വാങ്ങിയെടുത്തു. ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സുകുമാരൻ നിർമ്മാതാവ് എൻ.ജി.ജോണിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു,
“സാർ ഇദ്ദേഹം അസാമാന്യ കഴിവുള്ള ഒരു ഡയറക്ടറാണ്. ആദ്യം ഞാന്‍ അല്‍പ്പം നീരസം കാണിച്ചു നോക്കി. പക്ഷെ വിജയിച്ചില്ല. അദ്ദേഹം ഉദ്ദേശിച്ചതു തന്നെ എന്നെക്കൊണ്ട് ചെയ്യിച്ചെടുത്തു. നോക്കിക്കൊള്ളൂ ഇദ്ദേഹം ഭാവിയില്‍ ഇന്ത്യയിലെ ഒരു വലിയ ഡയറക്ടറാകും”.
സുകുമാരന്‍ ആ പറഞ്ഞത് ഭാവിയില്‍ വലിയൊരു സത്യമായി മാറി. ഇന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് മണിരത്നം.
(ആശയം കടപ്പാട് :- “സിനിമയും ഞാനും 70 വർഷങ്ങൾ” എന്ന എൻ.ജി.ജോണിന്റെ ആത്മകഥാപുസ്തകം, ഡി സി ബുക്സ്)
Post Your Comments