NEWSNostalgia

“ഇലവങ്കോട് ദേശം പരാജയപ്പെടാൻ കാരണം മമ്മൂട്ടി”, കെ.ജി.ജോർജ്ജ്

മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ സംവിധായകരുടെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ ഏറ്റവും മുകളിൽ ഒരു പേരുണ്ടാവും, കെ.ജി.ജോർജ്ജ്. സിനിമ കൺസീവ് ചെയ്യുന്നതിൽ കെ.ജി.ജോർജ്ജ് സ്വീകരിച്ചിരുന്ന വ്യത്യസ്തമായ രീതികൾ ഇന്നും പലർക്കും അസാധ്യമാണ്. 41 വർഷങ്ങളുടെ നീണ്ട കാലയളവിൽ വെറും 19 ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. നല്ലത് അല്ലെങ്കിൽ മനസ്സിന് ഇണങ്ങുന്നത് മാത്രമേ ചെയ്യൂ എന്ന കെ.ജി.ജോർജ്ജിന്റെ നിശ്ചയദാർഢ്യത്തെയാണ് അത് സൂചിപ്പിക്കുന്നത്. 1998’ൽ പുറത്തിറങ്ങിയ “ഇലവങ്കോട് ദേശം” ആണ് കെ.ജി.ജോർജ്ജ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. “ഇലവങ്കോട് ദേശം” കനത്ത പരാജയമായിരുന്നു. അതിനെക്കുറിച്ച്, “ഫ്‌ളാഷ്ബാക്ക് എന്റെയും സിനിമയുടെയും” എന്ന തന്റെ ആത്മകഥയിൽ കെ.ജി.ജോർജ്ജ് ഇപ്രകാരം എഴുതിയിരുന്നു,
“പ്രധാന വേഷത്തിൽ അഭിനയിച്ച മമ്മൂട്ടി എന്ന താരത്തിന്റെ രീതികൾ എനിക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. അതുവരെ എനിക്ക് അറിയാവുന്ന മമ്മൂട്ടിയായിരുന്നില്ല അത്. അല്ലെങ്കിൽ എന്റെ ആദ്യകാല ചിത്രങ്ങളിൽ അഭിനയിക്കാനെത്തിയ ആളായിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് അത് പ്രധാന കാരണമായി. സംവിധായകനെന്ന നിലയിൽ എന്റെ സങ്കൽപ്പങ്ങൾക്കിണങ്ങുന്ന വിധത്തിലുള്ള സംഭാവനയാണ് ഏതൊരു അഭിനേതാവിൽ നിന്നും ഞാൻ പ്രതീക്ഷിക്കുക. അഭിനേതാവ് സ്വന്തം താൽപര്യങ്ങൾക്കും, ഇമേജിനും ഗുണകരമായി മാത്രം ക്യാമറയ്ക്കു മുന്നിൽ നടിക്കാൻ തുടങ്ങുന്നിടത്ത് സംവിധായകന്റെ സിനിമ അവസാനിക്കുന്നു. അത് സിനിമയ്ക്ക് ഗുണകരമാകില്ലെന്നു ഞാൻ കരുതുന്നു.
എന്റെ അവസാന സിനിമയിൽ മമ്മൂട്ടിയിൽ നിന്നുണ്ടായതും ഇത്തരം അനുഭവമാണ്. അദ്ദേഹത്തിലെ നടനെ കണ്ടെത്തിയത് “ദേവലോകം” എന്ന ചിത്രത്തിൽ അവസരം നൽകിയ എം.ടി.യും, വളർത്തിയത് വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങൾ നൽകിയ കെ.ജി.ജോർജ്ജ് എന്ന സംവിധായകനുമായിരുന്നെന്ന് മമ്മൂട്ടി എവിടയോ പറഞ്ഞതായി കണ്ടു. അദ്ദേഹത്തിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ ഓർമ്മിച്ചാൽ അത് ശരിയുമാണ്. പിന്നീട് അദ്ദേഹം വളർന്നു. വലിയ താരമായി. അപ്പോൾ എന്റെ ചിത്രങ്ങൾക്കു നൽകിയിരുന്ന അറ്റൻഷൻ തുടർന്നും നൽകാൻ അദ്ദേഹത്തിനു കഴിയാത്തതിൽ എനിക്ക് പരിഭവമില്ല. സ്വാഭാവികം മാത്രം. അതിന്റെ പേരിൽ അപ്പോഴോ, പിന്നീടോ എനിക്ക് ദു:ഖമൊന്നും തോന്നിയിട്ടില്ല. കാരണം, എന്റെ സംസ്ക്കാരത്തെയോ, പാരമ്പര്യത്തെയോ തിരുത്താൻ അദ്ദേഹത്തിന്റെ മനസ്ഥിതി കൊണ്ടായിട്ടില്ല. എന്നാൽ സിനിമാ പ്രവർത്തനം പഴയ രീതിയിൽ തുടരാനാവില്ലെന്ന തീരുമാനത്തിലേക്ക് നയിക്കാൻ അത്തരം അനുഭവങ്ങൾക്കായി.”

shortlink

Related Articles

Post Your Comments


Back to top button