Uncategorized

ദേശീയഗാനവും മഹേഷിന്റെ പ്രതികാരവും

ദേശീയഗാനം തിയേറ്ററില്‍ കേള്‍പ്പിക്കുമ്പോള്‍ ദേശീയത പ്രകടിപ്പിച്ചില്ല എന്ന പേരിലുള്ള അറസ്റ്റ് നമ്മള്‍ കണ്ടു കഴിഞ്ഞു. ആ സമയത്ത് ഒരു ചിന്ത. സിനിമയ്ക്കുള്ളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ പ്രേക്ഷകന്‍ എഴുന്നേറ്റു നില്‍ക്കണമോ വേണ്ടയോയെന്നതാണ്. അതിനെ കുറിച്ച് വ്യക്തമായ ഒരു തീരുമാനം ആരും ഇതുവരെ പറയുന്നില്ല.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനവും സിനിമയും വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ്‌ ദിലീഷ് പോത്തന്‍ സംവിധാന ചെയ്ത്, ഫഹദ് ഫാസില്‍ അഭിനയിച്ച മഹേഷിന്റെ പ്രതികാരം. ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ ദേശീയ ഗാനരംഗത്ത് എന്തായിരിക്കും കാണികളുടെ പ്രതികരണം.

ഇന്നലെ ടാഗോര്‍ തീയറ്ററിലായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ഏറ്റവും ചിരിപ്പിക്കുന്ന ആ രംഗത്ത് ദേശീയ ഗാനമെത്തി. പൊലീസ് പിടിച്ചാലോ എന്ന് പേടിച്ചോ എന്തോ, വേഗം തീയറ്ററില്‍ എല്ലാവരും ചാടി എഴുന്നേറ്റു. ചിലയാളുകള്‍ക്ക് ഒന്നും ഈ സമയത്ത് ഒന്നും മനസിലായില്ലെങ്കിലും അവരും എഴുന്നേറ്റുനിന്നു. എഴുന്നേല്‍ക്കാതെ ഇത് സിനിമയുടെ ഭാഗമാണെന്ന് കരുതി സീറ്റില്‍ ഒന്ന് സംശയിച്ച് ഇരുന്നവരുമുണ്ട്. എന്തായാലും ഇങ്ങനെയുള്ള സമയത്ത് എഴുന്നേല്‍ക്കണോ ഇരിക്കണോ എന്ന് പുതിയ സാഹചര്യത്തില്‍ വലിയ സംശയമാണ് കാണികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

മലയാളം ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് മേളയില്‍ ഇനിയും രണ്ട് പ്രദര്‍ശനങ്ങള്‍ കൂടിയുണ്ട്. അമിത ദേശീയതയ്‌ക്കെതിരെയുള്ള ശക്തമായ സന്ദേശമായാണ് സിനിമയിലെ ഈ രംഗം പൊതുവേ വിലയിരുത്തിപ്പോന്നത്. ഈ ദൃശ്യം കാണുമ്പോള്‍ തീയറ്ററിലെണീക്കണോ വേണ്ടയോ എന്ന് ഇനിയും കാണികള്‍ക്ക് സന്ദേഹം നിലനില്‍ക്കുകയാണ്. വിഷയത്തില്‍ അക്കാദമി തന്നെ ഒരു തീരുമാനം പറയണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വേഗം തീരുമാനം പറഞ്ഞില്ലെങ്കില്‍ വീണ്ടും അറസ്റ്റും ബഹളവുമുണ്ടാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും മഹേഷിന്റെ പ്രതികാരവും മേളയുടെ സജീവ ചര്‍ച്ചകളിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button