വിക്രം എന്ന അഭിനേതാവിനെയും, മികച്ച ഡാൻസറെയും കുറിച്ചാണ് എല്ലാവർക്കും അറിയാവുന്നത്. എന്നാൽ സിനിമയിൽ വേറൊരു കലയിലും വിക്രം മാസ്റ്ററായിരുന്നു. ഡബ്ബിങ്ങായിരുന്നു അത്. ഒട്ടേറെ സിനിമകളിൽ പ്രധാന നടന്മാർക്ക് വിക്രം തന്‍റെ ശബ്ദം കടം കൊടുത്തിട്ടുണ്ട്. ഷങ്കറിന്റെ സംവിധാനത്തിൽ, 1994-ൽ പുറത്തിറങ്ങിയ “കാതലൻ” എന്ന സിനിമയിൽ പ്രഭുദേവയ്ക്ക് ശബ്ദം കൊടുത്തത് വിക്രമാണ്. 1999’ൽ “അമരാവതി” എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതിനിടെ, ഒരു ബൈക്ക് റേസിൽ പങ്കെടുത്ത നായകൻ അജിത്തിന് സാരമായി പരിക്കേൽക്കുകയും, 20 മാസങ്ങളോളം ബെഡ് റെസ്റ്റ് എടുക്കേണ്ടി വരികയും ചെയ്‌തു. ശേഷം വിക്രമാണ് അജിത്തിനു വേണ്ടി ആ സിനിമയിൽ പൂർണ്ണമായും ഡബ്ബ് ചെയ്തത്. അതേ വർഷം തന്നെ “കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ” എന്ന സിനിമയിൽ അബ്ബാസിന് വേണ്ടിയും വിക്രം ഡബ്ബ് ചെയ്‌തു.
ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി മാത്രം സിനിമയിൽ ഒതുങ്ങേണ്ടി വരുമോ എന്ന ഭയം കാരണം പതിയെ ആ വിഭാഗത്തിൽ നിന്നും വിക്രം പിൻവാങ്ങുകയായിരുന്നു. മാത്രമല്ല അക്കാലത്ത് തനിക്ക് വന്ന അഭിനയിക്കാനുള്ള ഓഫറുകളിൽ പലതും വിക്രം നിരസിച്ചിരുന്നു. “അലൈപായുതേ ” എന്ന ചിത്രത്തിൽ ശാലിനിയുടെ ചേച്ചിയുടെ ഭർത്താവ്, “കന്നത്തിൽ മുത്തമിട്ടാൽ” എന്ന ചിത്രത്തിൽ നന്ദിതാ ദാസിന്റെ ഭർത്താവായ ശ്രീലങ്കൻ തമിഴ് കഥാപാത്രം, ഇതൊക്കെ മണിരത്നം ആദ്യം വിക്രത്തിനാണ് ഓഫര്‍ ചെയ്തത്. എന്നാൽ, തനിക്ക് ഇത്തരം റോളുകൾ സ്വീകരിച്ച് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹമില്ല എന്ന് അദ്ദേഹം മണിരത്നത്തോട് തുറന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. പിന്നീട് “കന്നത്തിൽ മുത്തമിട്ടാൽ” എന്ന ചിത്രത്തിലെ ആ കഥാപാത്രം തെലുങ്ക് താരം ദീപൻ ചക്രവര്‍ത്തി ചെയ്തെങ്കിലും, ഡബ്ബിംഗ് നിര്‍വ്വഹിച്ചത് വിക്രം തന്നെയായിരുന്നു.
Post Your Comments