രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തി പ്രത്യേക ദൃശ്യാവിഷ്കാരം മലയാളത്തിന്റെ പ്രിയനടന് ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ലോകചിത്രങ്ങളുടെ മഹോത്സവം നടക്കുന്ന നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണെങ്കിലും മേളയില്‍ ജഗതിയുടെ സാന്നിദ്ധ്യമുറപ്പിക്കുന്ന രണ്ട് ചടങ്ങുകള്‍ക്ക് ഇന്ന് ചലച്ചിത്രോത്സവ വേദി സാക്ഷിയാകും. രാവിലെ 10 ന് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ വിഷ്വല്‍ ഇന്‍സ്റ്റലേഷനും ഉച്ചയ്ക്ക് 1.00 ന് കൈരളി തിയേറ്റര്‍ ലോബിയില്‍ ‘അടൂര്‍ ഒരു ചിത്രലേഖനവും’ ജഗതി ഉദ്ഘാടനം ചെയ്യും.
പഴയകാല നോട്ടീസുകള്‍, ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും പുതിയകാല പരസ്യ സങ്കേതങ്ങളും സമന്വയിപ്പിച്ചാണ് ‘ഡിസൈനേഴ്സ് ആറ്റിക്’ എന്ന പേരില്‍ വീഡിയോ ഇന്സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്നത്.
സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും മൂന്നു സ്ക്രീനുകളില്‍ ദൃശ്യസമന്വയമായാണ് അവതരിപ്പിക്കുന്നത്. ലിജിന്‍ ജോസ്, റാസി എന്നിവരാണ് ദൃശ്യാവിഷ്കാരത്തിന്റെ അണിയറക്കാര്‍. മനു, അല്‍ത്താഫ് എന്നിവര്‍ ശേഖരിച്ച അപൂര്‍വമായ ചരിത്ര രേഖകളാണ് ദൃശ്യാവിഷ്കാരത്തില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗായത്രി അശോകന്, രാധാകൃഷ്ണന്, സാബു കൊളോണിയ, നീതി, കിത്തോ, ഭട്ടതിരി, രാജേന്ദ്രന്, ശ്രീജിത്ത് തുടങ്ങി പഴയകാലത്തേയും പുതിയ കാലത്തേയും കലാകാരന്മാര് ഡിസൈനേഴ്സ് ആറ്റിക്കില്‍ അതിഥികളായെത്തും.
Post Your Comments