തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ഐഎഫ്എഫ്‌കെയില്‍ ഹരിത പ്രോട്ടോക്കോള്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം മേളയുടെ എല്ലാ വേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്.
എല്ലാ വേദികളും മുള കൊണ്ടുള്ള തീമിലാണ് ഒരുങ്ങിയിരിക്കുന്നത്. ചലച്ചിത്രോത്സവത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഇത്തരത്തിലൊരു പദ്ധതിയില്‍ കുടുംബശ്രീയുടെ സഹകരണവുമുണ്ട്. ഫെസ്റ്റിവല്‍ ഓഫീസ്, ഡെലിഗേറ്റ് സെല്‍, വേദികളിലെ കമാനം എന്നിവയ്ക്ക് പ്ലാസ്റ്റിക് ഒഴിവാക്കി മുളയും തുണിയും ചണവുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീനിങ് വിവരങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഫ്ലക്സ്സിന്റെ ഉപയോഗം.
ഡെലിഗേറ്റുകള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള കിറ്റുകള്‍ തുണി കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മേളയ്‌ക്കെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പികളും ക്യാരിബാഗുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചലച്ചിത്ര അക്കാദമി അഭ്യര്‍ഥിച്ചു.
Post Your Comments