മലയാള സിനിമയിൽ എക്കാലവും ഉണ്ടായിരുന്ന ഒരു വിളിപ്പേരാണ് “ന്യൂ ജനറേഷൻ”. അതാത് കാലഘട്ടങ്ങളിൽ വെവ്വേറെ പേരുകളിൽ അറിയപ്പെട്ടിരുന്നു എങ്കിലും, അവയുടെയൊക്കെ ആകെത്തുകയാണ് “ന്യൂ ജനറേഷൻ” എന്നത്. “ചെമ്മീൻ”, “മുറപ്പെണ്ണ് “, “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ”, “റാംജിറാവ് സ്പീക്കിങ്ങ്”, “ബിഗ് ബി” തുടങ്ങിയ പല സിനിമകളും ഓരോ കാലഘട്ടത്തിന്റെയും മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇവയിൽ പലതും ട്രെൻഡ് സെറ്ററുകളായി മാറുകയായിരുന്നു. കൂട്ടത്തിൽ 1989 ‘ന് ശേഷമുള്ള കുറേക്കാലം മലയാളസിനിമയിൽ നിറഞ്ഞാടിയ “മൂവർ സംഘം” ട്രെൻഡ് സമ്മാനിച്ച “റാംജിറാവ് സ്പീക്കിങ്ങ്” എന്ന സിനിമയും, അതിന്റെ അമരക്കാരും പ്രേക്ഷകശ്രദ്ധ ഏറെയാകര്‍ഷിച്ചു എന്നതാണ് സത്യം. പ്രധാന വില്ലന്‍റെ പേര് സിനിമയ്ക്ക് ഇടുക എന്ന അപാരമായ വ്യത്യസ്തതയോടെ നവാഗത സംവിധായകരായ സിദ്ദിക്ക്, ലാല്‍ എന്നിവര്‍ മലയാള സിനിമയിലെ സംവിധായകരുടെ നിരയില്‍ ഏറ്റവും മുന്നിലേക്ക് കുതിച്ച് ചാടുകയായിരുന്നു.
തൊഴില്‍ രഹിതരായ മൂന്ന് സുഹൃത്തുക്കള്‍, തമാശ, സാമ്പത്തിക ക്ലേശം, പ്രശ്നങ്ങള്‍, പരിഹാരം, ശുഭം ഇങ്ങനെയൊരു ഓര്‍ഡറില്‍ എണ്ണമറ്റ സിനിമകള്‍ മലയാളത്തില്‍ റിലീസാകാനുള്ള പ്രധാന കാരണം “റാംജിറാവ്സ്പീക്കിംഗ്” ആയിരുന്നു. ഏതാണ്ട് തൊണ്ണൂറുകളുടെ പകുതിയോളം കാലം ഈ ഒരു ട്രെന്‍ഡില്‍, ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ റിലീസായി.സിദ്ദിക്ക്-ലാലുമാരുടെ രണ്ടാമത്തെ ചിത്രമായ “ഇന്‍ ഹരിഹര്‍ നഗര്‍” 1990 ‘ൽ റിലീസായതിനു ശേഷം, “റാംജി റാവ് സ്പീക്കിങ്ങ്” കൊണ്ടു വന്ന മൂവർ സംഘം ഒരാളെക്കൂടെ ചേർത്ത് നാൽവർ സംഘമായി മാറി. അങ്ങനെ ഈ രണ്ടു സിനിമകളും ഒരേ സമയത്ത് ട്രെൻഡ് സെറ്ററുകളായി തുടർന്നു. ജയറാം, മുകേഷ്, സിദ്ദിക്ക്, ജഗദീഷ് തുടങ്ങിയവരുടെ ഫിലിമോഗ്രാഫി പരിശോധിച്ചാൽ അറിയാൻ കഴിയും, എത്രയെത്ര സിനിമകളിൽ ഇവർ മൂവർ / നാൽവർ സംഘമായി അഭിനയിച്ചിട്ടുണ്ട് എന്ന്
ശേഷം, 1991 ‘ൽ റിലീസായ “ഗോഡ്‌ഫാദർ” ആണ് മലയാള സിനിമയില്‍ ഇന്ന് ഈ നിമിഷം വരെ ഒഴിഞ്ഞു പോകാത്ത ഏറ്റവും വലിയ ട്രെൻഡ് സെറ്ററായി മാറിയത്! “ഗോഡ്‌ഫാദർ” എന്ന സിനിമ, മലയാള സിനിമയിൽ, രണ്ട് കുടുംബക്കാർ, രണ്ട് തറവാടുകൾ, രണ്ടു കരക്കാർ , രണ്ട് ഗ്രാമങ്ങൾ, രണ്ട് പഞ്ചായത്തുകൾ , ഇങ്ങനെ എന്തിനെയും രണ്ടായി പിരിച്ച് ഒരു ഭാഗത്ത് നായകനും, മറു ഭാഗത്ത് വില്ലനും സംഘം ചേർന്ന് അടിപിടി കൂടുന്ന സംഗതികൾ ട്രെൻഡായി മാറാനുള്ള പ്രധാന കാരണമായി. 1991 ‘ന് ശേഷമുള്ള മലയാളത്തിലെ കൊമേഴ്‌സ്യൽ വിജയങ്ങൾ പരിശോധിച്ചാൽ അവയില്‍ ഏറിയ പങ്കും ഇത്തരത്തിൽ രണ്ട് അറ്റത്ത് നിൽക്കുന്നവരുടെ കഥകളാണ് പറഞ്ഞിട്ടുള്ളത്. കാലം മാറിയപ്പോൾ അതിന് ഉത്സവം നടത്തിപ്പ് എന്നൊരു കൂട്ടിച്ചേർക്കലും ഉണ്ടായി. എന്നാലും, അന്നും ഇന്നും “ഗോഡ്‌ഫാദർ” ഏറ്റവും വലിയ ചിരിപ്പടമായി പ്രേക്ഷകരുടെ മനസ്സിൽ നിലകൊള്ളുന്നു.
1992 ‘ൽ റിലീസായ “വിയറ്റ്‌നാം കോളനി”യും ശേഷം വന്ന മറ്റൊരുപാട് സിനിമകൾക്ക് കാരണമായി. കള്ളം പറഞ്ഞ് വില്ലന്മാരുടെ ഇടയിൽ കടന്നു കൂടി അവരെ പറ്റിച്ച് കാര്യങ്ങൾ ശരിയാക്കിയെടുക്കുന്ന ഇതിവൃത്തവുമായി ധാരാളം സിനിമകൾ ഇവിടെ നിറഞ്ഞാടി. ആദ്യത്തെ മൂന്നു സിനിമകൾ പോലെ അസാധ്യമായ ജനപ്രീതി നേടിയില്ലെങ്കിലും “വിയറ്റ്‌നാം കോളനി” ഇന്നും ടി.വി ചാനലുകളിൽ വന്നാൽ ഏറ്റവും അധികം ടി.ആർ.പി റേറ്റിങ് കിട്ടുന്ന സിനിമയാണ്. ഈ പറഞ്ഞ നാല് സിനിമകൾക്ക് ശേഷം സിദ്ദിക്ക്-ലാൽ ടീമിന് ഈ ഒരു അളവിൽ ട്രെൻഡ് സെറ്ററുകൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു നഗ്നസത്യമാണ്. പതിവ് ക്യാമറാമാൻ, പതിവ് സംഗീത സംവിധായകൻ എന്നിങ്ങനെയുള്ള പതിവ് ടീമിനെ പൊളിച്ചു മാറ്റി, ഇവരുടെ പേരില്‍ അഞ്ചാമതായി പുറത്തിറങ്ങിയ “കാബൂളിവാല” ഹിറ്റായെങ്കിലും ട്രെന്‍ഡ് സെറ്റര്‍ എന്ന വിശേഷണത്തിന് ഒരു വിധത്തിലും അര്‍ഹമല്ലാത്ത ഒന്നായിരുന്നു.
ഇന്ന് സിദ്ദിക്ക്-ലാല്‍ എന്നത് സിദ്ദിക്കും, ലാലുമായി മാറി ഒറ്റകളായി ഫീല്‍ഡില്‍ നിലനില്‍ക്കുന്നുവെങ്കിലും, ആദ്യത്തെ 4 സിനിമകളുടെ പേരിലായിരിക്കും ഇവര്‍ അവസാനകാലം വരെയും അറിയപ്പെടുക. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകളുടെ തമ്പുരാക്കന്മാര്‍!
Post Your Comments