GeneralNEWS

അന്താരാഷ്ട്ര ചലച്ചിത്രമേള : ഒന്‍പതിന് നിശാഗന്ധിയില്‍ തിരിതെളിയും

തിരുവനന്തപുരം● ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഒമ്പതിന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയാകും. ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. മേളയോടനുബന്ധിച്ച് നല്‍കുന്ന ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ചെക്കോസ്ലോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സലിന് മുഖ്യമന്ത്രി സമ്മാനിക്കും. ഡോ. ശശി തരൂര്‍ എംപി., സുരേഷ് ഗോപി എം.പി., കെ.മുരളീധരന്‍ എം.എല്‍എ., എന്നിവര്‍ പങ്കെടുക്കും.

62 രാജ്യങ്ങളില്‍നിന്നായി 185 ചിത്രങ്ങളാണ് ഇക്കുറി പല വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുക. ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് ഇപ്രാവശ്യം തെരഞ്ഞെടുത്തിട്ടുള്ളതെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗ സമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും ഉള്‍പ്പെടുന്നതായിരിക്കും മേള. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രശസ്ത സംവിധായകന്‍ കെന്‍ ലോച്ചിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിങ് ആണ് ഉദ്ഘാടനചിത്രം. കുടിയേറ്റത്തിനിടെ കടല്‍ത്തീരത്ത് മരിച്ചുകിടക്കുന്ന ഐലന്‍ കുര്‍ദി എന്ന ബാലന്റെ സ്മരണകളുണര്‍ത്തുന്ന ഈ ചിത്രം അഫ്ഗാന്‍ സംവിധായകനായ നവീദ് മൊഹ്മൂദിയുടെ ആദ്യ ചിത്രം കൂടിയാണ്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കസാഖിസ്ഥാന്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമകാലിക സിനിമാ വിഭാഗത്തില്‍ മിയ ഹസന്‍ ലൗ സംവിധാനം ചെയ്ത സിനിമകളും ചിത്രകാരന്‍മാരുടെ ജീവിതം സംബന്ധിച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ വാന്‍ഗോഗ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള ആറ് സിനിമകളും പ്രദര്‍ശിപ്പിക്കും.

ആദരാഞ്ജലി വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്തമി, പോളിഷ് സംവിധായകന്‍ ആന്ദ്രേ വൈദ, മലയാള സിനിമാ സംവിധായകരായ രാജേഷ് പിള്ള (ട്രാഫിക്), ശശിശങ്കര്‍(നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ. റസാക്ക്(പെരുമഴക്കാലം), എ. ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്‍പന (തനിച്ചല്ല ഞാന്‍), നടന്‍ കലാഭവന്‍ മണി (ആയിരത്തില്‍ ഒരുവന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ.എസ്. സേതുമാധവന് ആദരമര്‍പ്പിച്ച് ഓപ്പോള്‍, പണിതീരാത്ത വീട് തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മൊഹ്‌സന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ദ നൈറ്റ്‌സ് ഓഫ് സയന്‍ദേ-റൂഡ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവാര്‍ഡ് നിര്‍ണയിക്കാന്‍ മൂന്ന് വിഭാഗങ്ങളിലായി അന്താരാഷ്ട്ര ജൂറിയെ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സര, നെറ്റ്പാക്, ഫിപ്രസി വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. ഇതിനോടൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവം മികച്ച രീതിയില്‍ കവര്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്കുള്ള മീഡിയാ അവാര്‍ഡും മികച്ച തീയേറ്ററിനുള്ള അവാര്‍ഡും നല്‍കും.

തിരുവനന്തപുരം നഗരത്തിലുള്ള പതിമൂന്ന് തീയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇവിടെ ദിവസേന വൈകുന്നേരം ആറ്, എട്ട്, പത്ത് മണിയാണ് പ്രദര്‍ശനങ്ങള്‍. എല്ലാ തീയേറ്ററിലും കൂടി ഏകദേശം ഒന്‍പതിനായിരത്തോളം സീറ്റുകള്‍ ഉണ്ട്. 16,767 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനോടകം പതിനോരായിരത്തോളം പേര്‍ പണമടച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ തീയേറ്ററില്‍ ഡിസംബര്‍ ആറിന് രാവിലെ 11ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും. ഭിന്നലിംഗക്കാര്‍ക്കുള്ള പാസിന്റെ വിതരണവും നടക്കും. ടാഗോര്‍ തീയേറ്ററിലെ ഫെസ്റ്റിവല്‍ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്യും.

മേളയുടെ സമാപന സമ്മേളനവും അവാര്‍ഡ് വിതരണവും ഡിസംബര്‍ 16ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരിക്കും. ദേവസ്വം, സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓഡിയന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് മീഡിയ അവാര്‍ഡ് വിതരണം ചെയ്യും. ഡോ. എ. സമ്പത്ത് എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാപോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button