CinemaGeneralMovie Reviews

‘ഒരേമുഖം ആസ്വദിക്കാം ഒരേ മനസ്സോടെ’

പ്രവീണ്‍.പി നായര്‍

ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സജിത് ജഗദ്നന്ദൻ സംവിധാനം ചെയ്ത ‘ഒരേമുഖം’ കേരളത്തിലെ തീയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി. കാമ്പസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പടെ ഒരുകൂട്ടം യുവതാരങ്ങളും അണിനിരക്കുന്നു.

‘അടി കപ്യാരെ കൂട്ടമണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധ്യാന്‍-അജു വര്‍ഗീസ്‌ കോമ്പിനേഷന്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ധ്യാന്‍-അജു കൂട്ടുകെട്ട്  ഒന്നിച്ചെത്തുന്ന മൂന്നാമത്തെ ചിത്രമാണ്‌ ‘ഒരേമുഖം’. ചിത്രത്തിന്റെ ടീസര്‍ തമാശയോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ട്രെയിലര്‍ നിഗൂഡതകളോടെയാണ് പ്രേക്ഷകര്‍ക്ക് അരികിലെത്തിയത്. സിനിമ കാണാനുള്ള ആവശം തുടക്കംമുതല്‍ക്കുതന്നെ ‘ഒരേമുഖം’ എന്നചിത്രം  പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. ദീപു എസ്.നായരും സന്ദീപ്‌ സദാനന്ദനും  ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാങ്കേതികപരമായും, രചനപരമായുമൊക്കെ പുത്തന്‍ ടീം അണിചേരുമ്പോള്‍ പുതുമയുള്ളത് തന്നെലഭിക്കും എന്ന വിശ്വാസത്താലാണ് ‘ഒരേമുഖം’ എന്ന ചിത്രത്തിന് മുന്നില്‍ ഇരുപ്പുറപ്പിച്ചത്. കാമ്പസ് പശ്ചാത്തലമാകുന്ന നിരവധി സിനിമകള്‍ മുന്‍പും  മലയാള സിനിമയില്‍ വന്നുപോയിട്ടുണ്ട്.അവയില്‍ ചിലത് തീയേറ്ററില്‍ നിറഞ്ഞു കളിച്ചവയായിരുന്നു ചിലത് ഇടറിവീഴുകയും  ചെയ്തു’  .അതില്‍  നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു കാമ്പസ് ചിത്രം അണിയിച്ചൊരുക്കാനുള്ള ശ്രമത്തിലാണ് നവാഗതനായ സജിതും ടീമും.

ഒരു കൊലപാതകത്തിന്റെ ആരംഭത്തോടെയാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീട് പഴയകാലങ്ങളിലേക്ക് ചേക്കേറുന്ന സിനിമ സക്കറിയ പോത്തന്റെ കോളേജ് കാലഘട്ടത്തിലൂടെയാണ് മുന്നേറുന്നത്. ത്രില്ലര്‍ മൂഡില്‍ പറഞ്ഞു നീങ്ങുന്ന ചിത്രം പ്രേക്ഷകരെ തെല്ലും അലോസരപ്പെടുത്താതെയാണ് കടന്നുനീങ്ങിയത്. സസ്പന്‍സ് പരുവത്തിലെ ചിത്രമായതിനാല്‍ സിനിമയിലെ കഥവിവരിച്ചു  പ്രേക്ഷകരെ നിരുല്‍സാഹപ്പെടുത്തുന്നില്ല.

 

സംവിധാനത്തിലെ കയ്യടക്കം

 

ഒരു ത്രില്ലര്‍ സ്വഭാവത്തിന് ചേരുന്ന രീതിയിലുള്ള ചിത്രീകരണകാഴ്ച ഒരേമുഖം എന്ന ചിത്രത്തില്‍ ദൃശ്യമായിരുന്നു. കഥയ്ക്ക്‌ അനുസരിച്ചുള്ള ആവിഷ്കാര ശൈലിയാണ് സംവിധായകനില്‍ നിന്ന് പ്രകടമായത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരേമുഖത്തെ സംവിധായകന്റെ മിടുക്കാര്‍ന്ന പരിശ്രമം എന്നനിലയില്‍  വിലയിരുത്താം. ഭാവി മലയാള സിനിമകള്‍ക്ക് കരുത്തേകുന്ന പുത്തന്‍ പ്രതീക്ഷയാണ് സജിത് എന്ന നവാഗത സംവിധായകന്‍.

 

തിരക്കഥ നിലവാരം പുലര്‍ത്തിയപ്പോള്‍

 

ദീപു എസ്.നായരും സന്ദീപ്‌ സദാനന്ദനും  ചേര്‍ന്ന് എഴുതിയ തിരക്കഥ നിലവാരമുള്ളതായിരുന്നു. ഇരുവരും ചേര്‍ന്ന് എഴുതിയ ചിത്രത്തിലെ സംഭാഷണം വളരെയധികം മികവ് പുലര്‍ത്തുന്നുണ്ട്. കഥയ്ക്ക് അനുസരണമായരീതിയില്‍ തിരക്കഥ പരുവപ്പെടുത്തിയെടുത്തതില്‍ ഇരുവരും വിജയിച്ചിട്ടുണ്ട്. പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാത്തവിധം സിനിമ ചലിപ്പിക്കണം എന്നൊരു തോന്നല്‍ രചയിതാക്കളുടെ  ഉള്ളില്‍ തങ്ങിനിന്നത്കൊണ്ടായിരിക്കണം. ഓരോ ഭാഗങ്ങളും സൂക്ഷ്മതയോടെ തിരക്കഥയില്‍ എഴുതിചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചത്. ചില രംഗങ്ങള്‍ ചിത്രത്തിന്‍റെ സ്വഭാവവുമായി തീരെ ഇണങ്ങുന്നതായി തോന്നിയില്ല. തിരക്കഥയിലെ ഇത്തരം പാകപ്പിഴകള്‍ ചിത്രത്തെ ചിലപ്പോഴൊക്കെ പിന്നിലേക്ക്‌ വലിച്ചുനിര്‍ത്തുന്നുണ്ട്.

 
ധ്യാന്‍ ശ്രീനിവാസനും, ചിത്രത്തിലെ  മറ്റ്അഭിനേതാക്കളും

 
ധ്യാന്‍ ശ്രീനിവാസന്‍ സക്കറിയ പോത്തന്‍ എന്ന കഥാപാത്രം ആലോങ്കലമാക്കാതെ ആടിതീര്‍ത്തിട്ടുണ്ട്. വരുംകാല മലയാളസിനിമയ്ക്ക് ഭാവിവാഗ്ദാനമാണ് ധ്യാന്‍  എന്ന വിലയിരുത്തലിലേക്കൊന്നും ധ്യാനിലെ നടന്‍  വളര്‍ന്നിട്ടില്ല. അച്ഛനേക്കാള്‍ നല്ല നടനാവാന്‍ ധ്യാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. നല്ലൊരു കഥാപാത്രം ലഭിച്ചതാണ് ധ്യാന്‍ശ്രീനിവാസന്‍റെ മറ്റൊരുനേട്ടം. മലയാളത്തിലെ മികച്ച സംവിധായാകരുടെയൊ, നല്ല നിര്‍മ്മാതാക്കളുടെയോ ഫോണ്‍വിളി ഉടന്‍തന്നെ ധ്യാനിന് പ്രതീക്ഷിക്കാം.സക്കറിയ പോത്തന്‍ എന്ന കഥാപാത്രം ധ്യാനിന്‍റെ കരിയറില്‍ മികച്ച ബ്രേക്കാകും എന്നകാര്യത്തില്‍  തര്‍ക്കമില്ല. അജുവര്‍ഗീസ്‌ സ്ഥിരം ശൈലിയിലുള്ള അഭിനയരസം നിറച്ചപ്പോള്‍ മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജിപണിക്കര്‍, ശ്രീജിത്ത് രവി തുടങ്ങിയവര്‍ നിലവാരമുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചിത്രത്തിലെ നായികമാരായ പ്രയാഗ മാര്‍ട്ടിന്‍, ജുവല്‍ മേരി, ഗായത്രി സുരേഷ്,എന്നിവര്‍ അവര്‍ക്ക് നല്‍കിയ വേഷം മികച്ചതാക്കിയിട്ടുണ്ട്.

 
മനോഹരമായ ബിജിബാല്‍ ഈണം

 
ചിത്രത്തിന്റെ പശ്ചാത്തല ഈണവും ഗാനങ്ങളും അതീവ ഹൃദ്യമായിരുന്നു. പഴയ കാലഘട്ടത്തെ സിനിമ ചേര്‍ത്ത് നിര്‍ത്തുമ്പോഴും ബിജി ബാലിന്റെ പശ്ചാത്തല ഈണം സുന്ദരമായി സിനിമയില്‍ ലയിച്ചു ചേര്‍ന്നു. നല്ല മലയാള സിനിമ ഗാനങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ് ‘ഒരേമുഖം’. മധു ബാലകൃഷ്ണന്‍ ആലപിച്ച ‘ആരും അറിയാതൊരു മൗനമഴ’ എന്ന മെലഡിഗാനവും,  വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘സദിരുമായ്’ എന്ന ഫാസ്റ്റ് മെലഡിയും പ്രേക്ഷകപ്രീതി നേടിയെടുക്കുന്നുണ്ട്.

 
ഛായാഗ്രഹണം ചാരുതപടര്‍ത്തി

 

 

ഭൂതകാലത്തിലേക്കും വര്‍ത്തമാനകാലത്തിലും സതീഷ്‌ കുറുപ്പിന്റെ ക്യാമറ തിരിഞ്ഞപ്പോള്‍ ‘ഒരേമുഖം’ എന്ന ചിത്രത്തിന് കൂടുതല്‍ മനോഹാരിത കൈവന്ന പോലെ അനുഭവപ്പെട്ടു. മലയാള സിനിമയില്‍ കാമ്പസ് പശ്ചാത്തലമായ സിനിമകളിലെല്ലാം അവയിലെ ഛായാഗ്രഹണശോഭ എടുത്തുപറയേണ്ടതായ ഒന്നാണ്.ഒരേമുഖത്തിലെ സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണഭംഗി സിനിമയ്ക്ക് കൂടുതല്‍ നിറം സമ്മാനിച്ചുവെന്ന് സധൈര്യം പറയാം.

ചിത്രത്തിലെ സമീറയുടെ കോസ്റ്റ്യൂമുകള്‍ ഒന്നാംതരമാണ്.ഈ മേഖലയില്‍ അവരെപിന്നിലാക്കാന്‍ മറ്റൊരു അവതാരം ഇനിയും പിറവിയെടുക്കേണ്ടിയിരിക്കുന്നു. മലയാള സിനിമയില്‍ വര്‍ഷങ്ങളായി വളരെമനോഹരമായ രീതിയില്‍ കത്രികവെച്ചുകൊണ്ടിരിക്കുന്ന രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം വളരെയധികം മികവ്പുലര്‍ത്തിയിട്ടുണ്ട്.

 
അവസാന വാചകം

 

 

വ്യത്യസ്ത  സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ ചിത്രം സ്വീകാര്യമാകൂ എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ കൂടുതലായി കാണുന്നുണ്ടെങ്കിലും  വ്യത്യസ്ത സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ മാത്രം വന്നുകാണേണ്ട ഒരു സിനിമയല്ല ഒരേമുഖം, സിനിമയെ ആത്മാര്‍ഥമായി സമീപിക്കുന്ന ഒരുകൂട്ടം നവാഗതരുടെ നല്ല ശ്രമമാണ് ഒരേമുഖം. എന്നെന്നും ഓര്‍മ്മയിലുണ്ടാകുന്ന നല്ലൊരു ചിത്രത്തെ ഒഴിവാക്കിയാല്‍  അതിന്റെ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button