“ഇതു വല്യ ഗതികേടായിപ്പോയല്ലോ ദൈവമേ! ഒരു അപ്പനെ കിട്ടാനായിട്ടുള്ള ബുദ്ധിമുട്ട്!’ സത്യം പറഞ്ഞാല്‍ കൈയില്‍ കുറെ കാശുണ്ടെങ്കില്‍ മര്ഗലീത്തയ്ക്ക് അതായത് എന്റെ അമ്മയ്ക്ക് കുറച്ചുകൂടി സ്ത്രീധനം കൊടുത്ത് വീണ്ടും ഒരു കല്യാണംകൂടി കഴിപ്പിച്ച്, ഒരു അപ്പനെ ഉണ്ടാക്കിയേനേ. അത്ര ഗതികേടായി എന്റെയീ ബുദ്ധിമുട്ട്!” നടന് ഇന്നസിന്റിന്റെതാണ് ഈ വാക്കുകള്‍. താരം ഇങ്ങനെ ചിന്തിക്കാനുള്ള സാഹചര്യമെന്തെന്നോ? അതും ഇന്നസെന്റ് തന്നെ വിവരിക്കുന്നുണ്ട്.
“എന്റെ വീട്ടില്‍ അംഗങ്ങള്‍ക്കു യാതൊരു കുറവും ഇല്ലാന്നു വായനക്കാര്‍ക്കറിയാമല്ലോ. മക്കളുതന്നെ തരാതരമായി എട്ടെണ്ണം. എട്ടു മക്കളില്‍ വമ്പന്‍ കുര്യാക്കോസ് തന്നെ. എന്നുവെച്ചാ അദ്ദേഹം ഡോക്ടറല്ലേ. നാട്ടില്‍ ബന്ധുക്കാരുടെ അല്ലെങ്കില്‍ പരിചയക്കാരുടെ വീടുകളില്‍ കല്യാണം. അല്ലെങ്കില്‍ എന്തെങ്കിലും വിശേഷങ്ങള്‍. ഇതിനൊക്കെ അപ്പന് പോകും. കൂട്ടത്തില്‍ ഞാനോ സ്റ്റെന്സിലാവോസോ, വെല്‍സോ ആരെങ്കിലും ഉണ്ടായെന്നുവരും. ചിലപ്പോള്‍ അമ്മയും ഉണ്ടാവും. ഇങ്ങനെ ചെല്ലുന്നിടത്തു ഞങ്ങളുടെ പിതാശ്രീ തെക്കേത്തല വറീതിനെ അറിയാത്തവരും കുറേപ്പേരുണ്ടാവും.അറിയാത്തവരെ മറ്റുള്ളവരു പരിചയപ്പെടുത്തിക്കൊടുക്കും: ‘മനസ്സിലായില്ലേ?’
‘ഇല്യാ, മനസ്സിലായില്ല.’
‘ഡോക്ടര്‍ കുര്യാക്കോസിന്റെ അപ്പനാ.’
ഇതു കേള്‍ക്കുമ്പോള്‍ പരിചയപ്പെടുന്നയാള്ക്ക് ഇയാളു കേമനായൊരു മകന്റെ സ്രഷ്ടാവെന്ന മട്ടില്‍.
‘ ആണോ’
എന്നൊരു പ്രത്യേക ഭാവം. ഇനി ഞാനോ മറ്റുള്ളവരോ എവിടെയെങ്കിലും ചെന്നുപെട്ടാല്‍
‘അറിയില്ലേ കുര്യാക്കോസിന്റെ അനീനാ’ എന്നാകും പരിചയപ്പെടുത്തല്‍.
ഞാനൊക്കെ കൂട്ടത്തില്‍ നില്ക്കുമ്പോള്ത്തന്നെ ഞങ്ങടെ അപ്പന് ‘ഡോക്ടര്‍ കുര്യാക്കോസിന്റെ അപ്പനാ’ എന്നു പരിചയപ്പെടുത്തുന്നതു കേള്‍ക്കുമ്പോള്‍ എനിക്കൊരു സംശയം,
ഞങ്ങളും ഇയാളുടെതന്നെ മക്കളല്ലേ?
എവിടെ ചെന്നാലും പറഞ്ഞും പരിചയപ്പെടുത്തീം വരുമ്പോ തെക്കേത്തല വറീത് കുര്യാക്കോസിന്റെ മാത്രം അപ്പനാവും. എന്നുവെച്ചാല്‍ കുര്യാക്കോസ് ഡോക്ടറായിപ്പോയില്ലേ. സ്വന്തമായി മേല്‍വിലാസം ഉള്ളയാള്‍. അതില്ലാത്ത എനിക്കൊക്കെ എവിടുന്നാ അപ്പനെ കിട്ടുക! ബാക്കി ഏഴു മക്കളേയും അങ്ങോട്ട് തഴഞ്ഞിട്ട്, കുര്യാക്കോസ് സ്വന്തമായി ഈ അപ്പനെ ഒറ്റയ്ക്ക് കൊണ്ടുനടന്നു വിലസുന്നു. ഇടയ്ക്കൊക്കെ ഇതു കണ്ടിട്ട് എനിക്കു വിഷമം. എങ്ങനെ വിഷമിക്കാതിരിക്കും. ഞാനൊക്കെ നോക്കുകുത്തിപോലെ നില്‍ക്കുമ്പോഴല്ലേ ഓരോത്തരു പരിചയപ്പെടുത്തുന്നത്,
‘കുര്യാക്കോസിന്റെ അപ്പനാ’ ‘കുര്യാക്കോസിന്റെ അപ്പനാ’ന്ന്.
പിന്നെ സ്വയം സമാധാനിച്ചു. എന്തെങ്കിലുമാകട്ടെ. പഠിത്തമൊക്കെ നിര്‍ത്തി ചില ചില്ലറ ബിസിനസ്സുകളൊക്കെയായി നടക്കുകയാണ് അന്നു ഞാന്‍. പക്ഷേ, അതുകൊണ്ടൊന്നും ഒരു നേട്ടോം ഉണ്ടായിരുന്നുവെന്ന് ആരും കരുതണ്ട. ഏതൊക്കെ ബിസിനസ് ഇട്ടിട്ടുണ്ടോ അതൊക്കെ ഠേ, ഠേ ന്നു പൊളിച്ച ചരിത്രമാണല്ലോ. കുറച്ചു നാളു കഴിഞ്ഞപ്പോള്‍ ഡോ. കുര്യാക്കോസ് സ്വന്തമായി കൊണ്ടുനടന്ന അപ്പനേം വിട്ടു നാട്ടില്‍നിന്നും കെട്ടുകെട്ടി. അദ്ദേഹം അമേരിക്കയിലാക്കി പിന്നീടുള്ള വിലസല്.
ഇങ്ങോരു പോകുന്ന തക്കം നോക്കി പതുങ്ങിയിരിക്കുകയായിരുന്നു മിസ്റ്റര്‍ സ്റ്റെന്‍സിലാവോസ്. എന്തിനെന്നോ, അപ്പനെ തട്ടിയെടുക്കാന്‍. ഇയാള്‍ അപ്പോഴേക്കും കോളേജില്‍ പോയി ഡിഗ്രിയൊക്കെ സമ്പാദിച്ചു. അവിടെ അടുത്തുള്ളൊരു ട്യൂട്ടോറിയലില് മാഷായി ജോലി നോക്കുന്നു. അതോടൊപ്പം കല്ലേറ്റിന്‍കര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ‘ബേബി മാച്ച് ഫാക്ടറീ’ന്നുള്ളൊരു തീപ്പെട്ടിക്കമ്പനിയും നടത്തുന്നുണ്ട്. ചുരുക്കത്തില്‍ നാട്ടിലൊക്കെ ഇയാള്‍ക്കും ഒരു ഒരു വിലാസമുണ്ട്. ഈ കുന്ത്രാണ്ടം ഒന്നുമില്ലാത്തത് എനിക്കാണല്ലോ. അതുകൊണ്ട് പഴയതുപോലെ അപ്പന് ഏതെങ്കിലും കല്യാണത്തിനോ മറ്റോ ചെന്നാല്‍ പരിചയപ്പെടുത്തല്‍ ഇങ്ങനെയാകും.
ഒന്നാമന്: ‘അറിയില്ലേ?’
രണ്ടാമന്: ‘ഇല്ലല്ലോ.’
‘ഹാ! ബേബി മാച്ച് ഫാക്ടറി നടത്തുന്ന ആളില്ലേ നമ്മുടെ മാഷ്, സ്റ്റെന്സിലോവോസ്,
അയാള്ടെ അപ്പനാ.’
ഇങ്ങനെ പരിചയപ്പെടുത്തുമ്പോഴും ഞാന്‍ അപ്പന്റെ ഒപ്പം കാണും. ഈ പറയുന്ന സ്റ്റെന്സിലോവോസ് അവിടെയെങ്ങും ഉണ്ടാവുകയുമില്ല. അപ്പന്റെ തൊട്ടരികത്തു നില്ക്കുന്ന ഈയുള്ളവന്റെ തന്തയാണു തെക്കേത്തല വറീത് എന്നു പറയാന്‍ ഒരു എമ്പോക്കിയും മിനക്കെട്ടില്ല. ഇതു കേള്‍ക്കുമ്പോ എനിക്കു തോന്നും – ഒരു കേമനുണ്ടായിരുന്നു. അയാള്‍ അമേരിക്കയിലേക്ക് കുടിയേറി. ഈ കുടിയേറ്റം കഴിഞ്ഞപ്പോഴെങ്കിലും തെക്കേത്തല വറീത് എന്റേംകൂടി അപ്പനാവും എന്നു കരുതി. ദാ ഇപ്പോ അത് ഇല്ലാണ്ടായേക്കുന്നു.
കുറെനാള്‍ കഴിഞ്ഞ് സ്റ്റെന്സിലാവോസും അമേരിക്കയ്ക്കു പോയി. അയാളും സ്വന്തമായി കൊണ്ടുനടന്ന അപ്പന് തെക്കേത്തല വറീതിനെ കൂട്ടത്തില്‍ കൊണ്ടുപോയില്ല. പാവം, ഞാന്‍ അല്ലറചില്ലറ പരിപാടികളുമായി ഇരിങ്ങാലക്കുട തെക്കേത്തല വീട്ടില്‍ത്തന്നെയുണ്ട്. സ്റ്റെന്സിലാവോസുകൂടി സ്ഥലം വിട്ടപ്പോള്‍ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു, ഇനിയെങ്കിലും അപ്പന് എന്റേതാവുമെന്ന്. പക്ഷേ, അപ്പോഴേക്കും എന്റെ അനുജന് വെല്‍സ് വക്കീല്‍ പരീക്ഷ ജയിച്ചു കേമനായി. പിന്നെ നാട്ടുകാര്‍ അപ്പനെ ഇവനുവേണ്ടി തരമാക്കിക്കൊടുത്തു. പരിചയപ്പെടുത്തല്‍:
‘നമ്മുടെ അഡ്വക്കേറ്റ് വെല്സില്ലേ അങ്ങോരുടെ അപ്പനാ.’
അങ്ങനെ എന്നെ ഓവര്‍ടേക്ക് ചെയ്ത് അനിയന് വെല്‍സ് അപ്പനെ സ്വന്തമാക്കി. അല്ലെങ്കില്‍ നാട്ടുകാര്‍ അവന് സ്വന്തമാക്കിക്കൊടുത്തു. ഞാന്‍ വീണ്ടും കോര്‍ട്ടില്‍നിന്ന് ഔട്ട്. ഡോക്ടര്‍ കുര്യാക്കോസ്, അമേരിക്കയിലുള്ള സ്റ്റെന്‍സിലാവോസ്, പിന്നെ അഡ്വക്കേറ്റ് വെല്‍സ്, എനിക്ക് അപ്പനില്ല. മൂന്നാം ഊഴംകൂടി ആയപ്പോഴാണ് നമ്മുടെ ഇന്നസെന്റ് ചേട്ടന് ഇങ്ങനെ ചിന്തിച്ചു തുടങ്ങിയത് : “ഇതു വല്യ ഗതികേടായിപ്പോയല്ലോ ദൈവമേ! ഒരു അപ്പനെ കിട്ടാനായിട്ടുള്ള ബുദ്ധിമുട്ട്!’ സത്യം പറഞ്ഞാല്‍ കൈയില്‍ കുറെ കാശുണ്ടെങ്കില്‍ മര്ഗലീത്തയ്ക്ക് അതായത് എന്റെ അമ്മയ്ക്ക് കുറച്ചുകൂടി സ്ത്രീധനം കൊടുത്ത് വീണ്ടും ഒരു കല്യാണംകൂടി കഴിപ്പിച്ച്, ഒരു അപ്പനെ ഉണ്ടാക്കിയേനേ. അത്ര ഗതികേടായി എന്റെയീ ബുദ്ധിമുട്ട്!”
ഇന്നസെന്റിന്റെ ആത്മകഥാ കുറിപ്പുകളായ “ഞാന്‍ ഇന്നസെന്റ് “ലൂടെയാണ് താരം ഈ ദുരവസ്ഥ പങ്കു വെക്കുന്നത്.
Post Your Comments