കാഴ്ചയില്ലായ്മയുടെ പരിമിതിയില്‍ നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് ഗോവ അന്താരാഷ്ട്രചലച്ചിത്രോല്‍വം. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സിനിമാപ്രദര്‍ശത്തിന് മേളയില്‍ തുടക്കമായി. പശ്ചാത്തല സംഗീതത്തിനൊപ്പം വെള്ളിത്തിരയില്‍ നടക്കുന്നതൊക്കെയും ഉറച്ച ശബ്ദത്തില്‍ തിയേറ്ററിനുള്ളിലെ സൌണ്ട് സിസ്റ്റത്തിലൂടെ വിവരിക്കപ്പെടുകയാണ് വിവരണ സിനിമയിലൂടെ. റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയാണ് ഇത്തരത്തില്‍ മേളയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്.
യുനസ്കോയുടേയും കാഴ്ചാപരിമിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രത്യേക സിനിമാപ്രദര്‍ശനം ഒരുക്കുന്നത്. രജനികാന്തിന്റെ കബാലി അടക്കം ഇരുപതിലേറെ ഇന്ത്യന്‍ സിനിമകള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രത്യേക ശബ്ദട്രാക്കായി വിവരണവും കേള്‍പ്പിച്ചാല്‍ കാഴ്ചയില്ലാത്തവര്‍ക്ക് എല്ലാ നാടകീയതയോടെയും സിനിമ ആസ്വദിക്കാനാകും. ജനകീയ പങ്കാളിത്തത്തോടെയാണ് സിനിമകള്‍ക്ക് വിവരണശബ്ദപഥം ഒരുക്കുന്നത്.കാഴ്ചാ പരിമിതരായ അമ്പതിലേറെ പേര്‍ ഗാന്ധിചിത്രം മേളയില്‍ ഇപ്രകാരം ആസ്വദിച്ചു. റേഡിയോ സനിമാ പ്രക്ഷേപണത്തിന്റെ പരിഷ്കരിച്ച രീതിയാണ് ഇത്.
സിനിമയ്ക്ക് ഒപ്പം ദൃശ്യവിവരണം നല്കുന്നത് തിയേറ്ററില്‍ മറ്റ് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കും. ശബ്ദപഥം കേള്‍പ്പിക്കാനായി സീറ്റുകളില്‍ പ്രത്യേകഹെഡ്സെറ്റുകള്‍ ഒരുക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്നും കാഴ്ചയില്ലാത്ത പ്രേക്ഷകരെ പരിഗണിച്ച് രാജ്യത്തെ എല്ലാ തിയേറ്ററുളിലും ഇത്തരത്തിലുള്ള പരിഷ്കാരം വരേണ്ടതുണ്ടെന്നും സക്ഷത്തിന്റെ സഹസ്ഥാപകന്‍ റുമി കെ സെയ്ത് പറഞ്ഞു.
Post Your Comments