CinemaFilm Articles

തീയേറ്ററുകൾ മാണ്ട്രോ തുരുത്തിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നു നടി അഭിജ ശിവകല

നവാഗതനായ മനു സംവിധാനം ചെയ്ത് ആഷിഖ് അബു വിതരണത്തിനെത്തിച്ച മൻഡ്രോതുരുത്ത് എന്ന സിനിമ  പ്രദശനത്തിനെത്തുകയുണ്ടായി. എന്നാൽ തീയേറ്ററുകൾ സിനിമ കാണിക്കാനുള്ള താല്പര്യം കാണിക്കുന്നില്ലെന്നും ടിക്കറ്റ് കൗണ്ടറിൽ വെച്ചുതന്നെ സിനിമ കാണാനെത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമുണ്ടെന്നും പറയുകയാണ് നടി അഭിജ ശിവകല. അഭിജ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട് . ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം പറഞ്ഞത് .

അഭിജയുടെ ഫേസ്ബുക് പോസ്റ്റ്;

ഒരു നല്ല സിനിമ ഉണ്ടാക്കുക എന്നതിൽ നിന്ന്, അത് കാഴ്ചക്കാരിലേക്ക് എത്തിച്ചേരുക എന്നതു വരെയുള്ള പ്രൊസസ്സ് നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് സംഭവിക്കുന്നതാണെന്ന് നമുക്കറിയാം. പ്രത്യേകിച്ചും വമ്പൻ ബാനറുകളുടെ പിൻബലത്തോടെ അല്ലാതെ വരുന്നവ. അതിൽ കലാമൂല്യമുള്ള ചിത്രങ്ങൾ നിരവധിയുണ്ട്. അവ തിയേറ്ററുകളിൽ എത്തുന്നത് കാത്തിരിക്കുന്ന ആൾക്കാരുണ്ട്, അത് കണ്ടേ തീരൂ എന്ന് വിചാരിച്ചു തന്നെ അതിനായി സമയം കണ്ടെത്തി വരുന്ന ആളുകളുണ്ട്, അവർ വിജയിപ്പിച്ച സിനിമകളുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, പൊതുജന പ്രാതിനിധ്യമുള്ള അന്തർ ദേശീയ ചലച്ചിത്ര മേള, IFFK, അതിന്റെ പ്രത്യക്ഷ ഉദാഹരണവുമാണു. അത്തരം നല്ല സിനിമക്ക് കാഴ്ചക്കാർ ഇല്ല എന്ന കാഴ്ചപ്പാട് മാറി വരുന്നതും നമ്മൾ അറിയുന്നുണ്ട്. അത്തരം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന സംരംഭങ്ങളും കാഴ്ചാ ശീലങ്ങളും ഉണ്ടായി വരുന്ന ഈ കാലഘട്ടം പ്രധാനപ്പെട്ടതാണെന്നിരിക്കെ തന്നെ ഇന്നലെ, ഗവണ്മെന്റ് തീയേറ്ററായ നിളയിൽ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം അല്പം ആശങ്ക സൃഷ്ടിക്കുന്നു.

മിനിമം ആറു പേർ സിനിമ കാണാൻ ഉണ്ടെങ്കിൽ ആ സിനിമ പ്രദർശിപ്പിക്കപ്പെടേണ്ടതാണല്ലോ. ഇപ്പോൾ നിളയിൽ ദിവസവും 2 ഷോകൾ ഉള്ള ‘മണ്ട്രോത്തുരുത്ത്’ എന്ന സിനിമക്ക് ടിക്കറ്റെടുക്കാൻ 12 പേർ എത്തിയിരുന്നു. പതിമൂന്നാമത്തെ ടിക്കറ്റെടുക്കാൻ ചെന്ന എന്റെ സുഹൃത്തിനോട് കൗണ്ടറിലുള്ള ആൾ, സിനിമക്ക് ആളു കുറവാണെന്നും ഇന്നു ഷോ ഇല്ല എന്നും അറിയിച്ചു. നിരാശയായി പുറത്തിറങ്ങിയ സുഹൃത്തിനോട്, അതിനു മുൻപു സിനിമ കാണാനെത്തി നിരാശരായ മറ്റുള്ള ചിലർ വന്ന് കാര്യംതിരക്കി. അവർ അപ്പോഴേക്കും കൗണ്ടറിലുള്ളവർ ഉപദേശിച്ചതനുസരിച്ച് അന്നു റിലീസായ മറ്റൊരു ചിത്രത്തിനു ടിക്കറ്റ് എടുത്തും കഴിഞ്ഞിരുന്നു. സ്വാഭാവികമായും മണ്ട്രോത്തുരുത്തിന്റെ ആ ഷോ കാൻസലായി(ക്കി).
ഇതെന്തു പ്രവണതയാണു?! ടിക്കറ്റ് കൗണ്ടറിൽ ഇരുന്ന് ടിക്കറ്റ് ഇഷ്യൂ ചെയ്യുക എന്ന ജോലി ചെയ്യേണ്ട ആൾ, ആളുകൾ ഈ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക! മുൻപ് ‘കരി’ എന്ന സിനിമ കാണാൻ ചെന്നപ്പോൾ എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ആ സിനിമ നന്നായി ആസ്വദിച്ചു. സിനിമ കാണാനെത്തുന്നവരെ കൗണറിലുള്ളവർ തന്നെ നിരുത്സാഹപ്പെടുത്തി മടക്കി അയക്കുകയും മറ്റൊരു സിനിമക്കു കയറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ആത്മഹത്യാപരമാണു! അത് കാണണം എന്ന് തീരുമാനിച്ചെത്തിയവരാണവർ. ആറു പേരിൽ കുറവുള്ളപ്പോൾ ഷോ നടത്താൻ സാധിക്കില്ല എന്ന നിയമം മനസിലാക്കാം. പക്ഷേ ഇന്നലെ സംഭവിച്ച വിധമാണു കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് എന്നുണ്ടെങ്കിൽ അത് അത്ര പന്തിയല്ല. ഇതേ അനുഭവം സിനിമക്കാരും കാഴ്ചക്കാരുമായ സുഹൃത്തുക്കൾ മുൻപും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ കാഴ്ചക്കാരി ആയാണു ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത്.
മണ്ട്രോത്തുരുത്ത് കാണാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേരെ എനിക്ക് നേരിട്ടറിയാം. കറൻസി പ്രതിസന്ധിയിൽ പെട്ടു പോയതു കൊണ്ട് അവർ വെയ്റ്റ് ചെയ്യുകയാണു. ഈ സാഹചര്യങ്ങൾ പോലും താണ്ടി ചിത്രം രണ്ടാം വാരം ഓടുന്നു! നോട്ടു പ്രതിസന്ധി മറികടന്ന് ആളുകൾ സിനിമക്ക് എത്തുന്നു. അപ്പോഴാണു ഈ ‘കൗണ്ടർ’ ഇടപെടൽ!
ഇതിനെതിരേ പ്രതികരിക്കേണ്ടതുണ്ട് എന്ന് തോന്നി. ദൗർഭാഗ്യകരമാണു ഇത്.”

shortlink

Related Articles

Post Your Comments


Back to top button