അജിത് പരമേശ്വരന്‍
അഭിനയമോഹം മനസ്സിലെങ്കിലും സൂക്ഷിക്കാത്തവര്‍ വിരളമാണ്. മനസ്സില്‍ തീവ്രമായ അഭിനയമോഹം ഉള്ളവര്‍ ഏതു വിധേനയും ചലച്ചിത്രരംഗത്ത് എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിന് പ്രായഭേദം ഒന്നും തന്നെയില്ല. ഒരുപാട് ശ്രമങ്ങള്‍ക്കൊടുവില്‍ വെള്ളിത്തിരയില്‍ എത്തിപ്പെട്ട് പിന്നീട് താരങ്ങളായവര്‍ നിരവധിയുണ്ട്.
ഇത്തരം ശ്രമങ്ങളെ ദുരുപയോഗം ചെയ്യുന്ന കുറെപേര്‍ ഒരിടവേളക്ക് ശേഷം വ്യാപകമാവുന്നു എന്നതാണ് പുതിയ വിവരങ്ങള്‍. പലരും ഇതിനകം തന്നെ തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.
പത്രത്തിലും സോഷ്യല്‍ മീഡിയകളിലും കാണുന്ന പരസ്യപ്രകാരമാണ് പലരും ഇതില്‍ പെട്ടുപോകുന്നത്. അബദ്ധം പറ്റുന്നതില്‍ കൂടുതല്‍ പേരും യുവാക്കള്‍ തന്നെ. ഓഡീഷന്‍ എന്ന പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. നിശ്ചയിച്ച സമയപ്രകാര എത്തുന്നവരില്‍ നിന്നും ഹാളിന്റെ വാടക , ക്യാമറയുടെ വാടക , രെജിസ്ട്രേഷന്‍ ഫീസ് എന്നൊക്കെ പറഞ്ഞു മോശമല്ലാത്ത ഒരു സംഖ്യ വാങ്ങുന്നു. ഫോട്ടോ അടക്കമുള്ള ബയോഡാറ്റ വാങ്ങുന്നു. പിന്നീട് ബന്ധപ്പെടാം എന്ന് അറിയിക്കുന്നു. അതിനു ശേഷം ഇവരുടെ പൊടിപോലും ഉണ്ടാകില്ല. അബദ്ധം പറ്റിയവര്‍ പിന്നീട് ഇതിനെക്കുറിച്ച് നാണക്കേട് കൊണ്ട് പുറത്തു പറയുകയും ഇല്ല. ഒരു സിനിമ പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഹാളിന്റെയോ ക്യാമറയുടെയോ വാടക പോലും കൊടുക്കാന്‍ ഇല്ലേ എന്ന് അവിടെ ഓഡീഷന് പോകുന്നവരാരും ചിന്തിക്കാറും ഇല്ല.
മറ്റൊരു തരം തട്ടിപ്പിന് സോഷ്യല്‍ മീഡിയയിലെ യുവാക്കളെയാണ് ഇവര്‍ നോട്ടമിടുന്നത്. പ്രൊഫൈല്‍ പിക്ചറുകളില്‍ മികച്ചതെന്ന് തോന്നുകയും ഫോട്ടോഫെയ്സ് അടക്കമുള്ള നല്ല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നവരെയും ഇവര്‍ നോട്ടമിടുന്നു. അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ , എങ്കില്‍ താഴെ പറയുന്ന നമ്പറിലോ വിലാസത്തിലോ പറയുന്ന ദിവസത്തില്‍ ബന്ധപ്പെടുക എന്ന് മെസ്സെജായി വരും. ആ മെസ്സേജ് വന്ന പ്രൊഫൈല്‍ പരിശോധിച്ചാല്‍ അവര്‍ ഏതെങ്കിലും മലയാള ചലച്ചിത്രത്തില്‍ വര്‍ക്ക് ചെയ്ത ഫോട്ടോയോ അല്ലെങ്കില്‍ സിനിമയിലെ ഏതെങ്കിലും മേഖലയിലെ ജോലിപ്പേരോ ഒക്കെ കാണും. സ്വാഭാവികമായും ഉള്ളില്‍ അഭിനയമോഹം ഉള്ളവര്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കും.
ഒന്നോ രണ്ടോ മൂന്നോ തവണ ചെല്ലേണ്ട സ്ഥലങ്ങള്‍ ഇവര്‍ മാറ്റിപ്പറയും. പിന്നീട് ഫോട്ടോഷൂട്ട് എന്നും പറഞ്ഞു വലിയ ഒരു തുക വേണ്ടി വരും എന്ന് പറയും. ചിലരൊക്കെ പോവുകയും പ്രഹസനമായി ഏതാനും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ട് പൈസയും കൊടുത്തു തിരികെ വരുകയും അവരുടെ ഒരു വിളിക്കായി കാത്തിരിക്കുകയും ചെയ്യും. അവര്‍ ഒരിക്കലും വിളിക്കുകയില്ല. പക്ഷെ പൈസ ചോദിച്ചതുകൊണ്ടു മാത്രം സംശയമായി ഇതിനു വഴങ്ങാത്തവരും ഉണ്ട്. ഫോട്ടോഷൂട്ടിന് പൈസ ഇല്ല എന്നോ മറ്റോ പറഞ്ഞവരെ ഫോണിലൂടെയോ മെസ്സേജ് വഴിയോ തെറി വിളിക്കുകയോ വരെ ചെയ്തിട്ടുണ്ട് ഈ തട്ടിപ്പുകാര്‍.
യഥാര്‍ത്ഥ സിനിമാക്കാര്‍ ആണെങ്കില്‍ ഇത്തരം നടപടികള്‍ ഒന്നും ഉണ്ടാകില്ല. ബാനറിനെയും നിര്‍മ്മാതാവിനെയും സംവിധായകനെയും ഒക്കെ ശ്രദ്ധയോടെ നോക്കി പോകുന്നവര്‍ക്ക് അബദ്ധം പിണയില്ല. അഭിനയം അടക്കമുള്ള കഴിവുകളെ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധയോടെ മുന്നേറുക മാത്രമാണ് പോംവഴി.
Post Your Comments