GeneralMollywood

നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ചാനൽ പരിപാടിക്കിടയിൽ സംസ്കാര രഹിതമായി പെരുമാറിയെന്ന പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് അവതാരകയും നടിയുമായ ഉർവ്വശിക്കും കൈരളി ചാനൽ എം ഡി ജോൺ ബ്രിട്ടാസിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയില്‍ നിന്നാണു വിശദീകരണം തേടിയത്. കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ്പരിപാടിയുടെ അവതാരകയായ ഉര്‍വശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നല്‍കിയത്. ഉര്‍വശി ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ദേഷ്യപ്പെടുകയും സംസ്കാരരഹിതമായി സംസാരിക്കുകയും ചെയ്തതായി സ്വകാര്യ പരാതിയില്‍ പറയുന്നു. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ രമ്യമായി ചർച്ച ചെയ്തു തീർക്കാം എന്ന് പറഞ്ഞു സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തുന്ന ദമ്പതികളോട് നടി മോശമായി പെരുമാറുന്നെന്നും ജുഡീഷ്യറി അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തുന്ന ഇത്തരം പെരുമാറ്റം കോടതി അലക്ഷ്യത്തിന് തുല്യമാണെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ദമ്പതികള്‍ക്ക് മുന്നില്‍ രോഷം പ്രകടിപ്പിക്കാന്‍ നടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പരാതിയില്‍ ചോദിക്കുന്നു. അങ്ങനെ രോഷം പ്രകടിപ്പിക്കാനുള്ള വിധത്തില്‍ മാന്യത ഉര്‍വശിക്ക് വ്യക്തിജീവിതത്തില്‍ ഇല്ലെന്നും പരാതിക്കാരന്‍ പറയുന്നു. ഷോയുടെ റേറ്റിംഗിനായാണ് നടി പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച്‌ സംസാരിക്കുന്നതെന്നും ദമ്പതികള്‍ ക്യാമറയ്ക്ക് മുന്നില്‍ വഴക്കിട്ടു കിട്ടിയാല്‍ അതും റേറ്റിംഗിനായി ഉപയോഗിക്കുമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പരാതിയിൽ ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. അടുത്ത മാസം ഒന്‍പതിനാണ് കേസ് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button