തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര, സീരിയല്‍ നടി ശ്രീലത മേനോന്‍ അന്തരിച്ചു. എല്ലുകള്‍ തനിയെ പൊട്ടുന്ന ‘സിസ്റ്റമിക് ലൂപ്പസ് എറിത്രോമാറ്റിസ്’ എന്ന അപൂര്‍വ അസ്ഥിരോഗത്തെ തുടര്‍ന്നു ശ്രീലത 23 വര്‍ഷമായി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ ഇരു വൃക്കകളും തകരാറിലായി. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സുമനസുകളുടെ സഹായത്തോടെയാണ് ശ്രീലതയും മുന്ന് മക്കളും ജീവിതം തള്ളിനീക്കിയിരുന്നത്. തിരുവനന്തപുരം കുന്നുകുഴി വടയ്ക്കാട് മടവിളാകം തറവാട്ടില്‍ റിട്ടയേഡ് തഹസീല്‍ദാര്‍ നാരായണ മേനോന്റെയും ഖാദി ബോര്‍ഡ് റിട്ടയേഡ് സൂപ്രണ്ട് ഭവാനിയുടേയും മകളാണ് ശ്രീലത മേനോന്‍. ബിരുദധാരിയാണ്. 1985ല്‍ മിസ് തിരുവനന്തപുരം പട്ടം നേടിയാണ് ശ്രീലത കലാരംഗത്തേക്ക് വരുന്നത്. പെരുന്തച്ചന്‍, അര്‍ഹത, ദിനരാത്രങ്ങള്‍, കേളി തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങള്‍. ഇരുനൂറോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് കെ.എസ്. മധു രക്താര്‍ബുദം ബാധിച്ചു മരിച്ചു. മധുവിന്റെ ചികിത്സയ്ക്കുവേണ്ടി കടക്കെണിയിലായ കുടുംബത്തിനുവേണ്ടി വേദന കടിച്ചമര്‍ത്തി അഭിനയം തുടരുകയായിരുന്നു. പിന്നീട് ഇരുകണ്ണുകളുടേയും കാഴ്ചശക്തി അവര്‍ക്ക് നഷ്ടമായി. അര്‍ജുന്‍, ആദി, അരവിന്ദ് എന്നിവരാണ് മക്കള്‍.
Post Your Comments