General

ഇവരില്‍ അന്ധവേഷം മനോഹരമാക്കിയതാര്?

ത്രില്ലര്‍ ടച്ചുള്ള ‘ഒപ്പം’ എന്ന പ്രിയദര്‍ശന്‍ ചിത്രം കൂടുതല്‍ ആളുകളില്‍ ആകര്‍ഷണമുണ്ടാക്കിയതിനു പ്രധാന കാരണം മോഹന്‍ലാലിന്‍റെ അന്ധവേഷമാണ്. ഒരു അന്ധന്‍റെ സൂക്ഷ്മമായ ഭാവ ചലനങ്ങളിലൂടെയാണ് മോഹന്‍ലാലിന്‍റെ അഭിനയ സഞ്ചാരം. മലയാള സിനിമയില്‍ അന്ധ വേഷമങ്ങനെ അധികമാരും കെട്ടിയാടിയിട്ടില്ല. 1999-ല്‍ പുറത്തിറങ്ങിയ വിനയന്‍റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ മണിയുടെ അന്ധവേഷം ജനഹൃദയങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. മണിയുടെ പ്രകടനത്തിന് ദേശീയ അംഗീകാരം വരെ ലഭിക്കുകയുണ്ടായി എന്നാല്‍ മികച്ച നടനുള്ള ദേശീയ അംഗീകാരം മണിയില്‍ നിന്നകന്നുപോയി. ‘വാനപ്രസ്ഥ’ത്തിലെ ലാല്‍ നടനം വിവരണങ്ങാല്‍ വര്‍ണിക്കാന്‍ കഴിയാത്ത തരത്തില്‍ ഉയര്‍ന്നു നിന്നതാകം അതിനു കാരണം. മലയാളത്തിലെ രണ്ട് മികച്ച നടന്മാര്‍ അന്ധവേഷം വെള്ളിത്തിരയില്‍ അന്വശരമാക്കിയപ്പോള്‍ അന്ധ കഥാപാത്രങ്ങളില്‍ ഏറ്റവും ഭംഗിയായി അഭിനയരസം വിരിയിച്ച നടനാര്? എന്ന ചോദ്യം പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. കഥയ്ക്ക് കൂടുതല്‍ പ്രാധാന്യമുള്ള വൈകാരികമായ നിമിഷങ്ങളിലൂടെയായിരുന്നു മണിയിലെ അന്ധ നടനം കടന്നു പോയത്. മോഹന്‍ലാല്‍ ‘ഒപ്പ’ത്തിലെ ജയരാമനാകുമ്പോള്‍ മറ്റൊരു പശ്ചാത്തലമാണ് പറയപ്പെടുന്നത്. മോഹന്‍ലാലിലെ അന്ധന്‍റെ വേഷപകര്‍ച്ചയിലേക്ക് കണ്ണും നട്ടിരിക്കുന്ന പ്രേക്ഷകന് ‘ഒപ്പം’ എന്ന ചിത്രത്തിന്‍റെ വേഗതക്കൊപ്പം കൂടി നീങ്ങേണ്ടതുണ്ട്. എന്നിരുന്നാലും സൂക്ഷ്മമായ ഒരു നിരീക്ഷണം നടത്തിയാല്‍ മോഹന്‍ലാലിലെ ജയരാമന്‍ സ്വാഭാവികതയോടെ കത്തി നിന്ന അഭിനയ മികവായിരുന്നു. മോഹന്‍ലാലിനോളം മോഹന്‍ലാല്‍ മാത്രം എന്ന ചൊല്ലാണ് ശരിക്കും ഇവിടെ പരാമര്‍ശിക്കാന്‍ തോന്നുന്നത്. കലാഭവന്‍ മണിക്ക് അന്ധനായി പകര്‍ന്നാട്ടം നടത്താന്‍ അവസരം ലഭിച്ചത് ജെ. പള്ളാശേരിയുടെ കാമ്പുള്ള തിരക്കഥയിലായിരുന്നു, അവിടെ മണിയുടെ അന്ധവേശം അസ്സലായി നിലകൊണ്ടു. വിഭിന്നമായ പശ്ചാത്തലത്തില്‍ അരങ്ങ് തകര്‍ത്ത ഇവരുടെ അന്ധവേഷങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇരു നടന്മാരുടെ നടനവും സൂക്ഷ്മതയോടെ തന്നെ സിനിമയില്‍ നിറഞ്ഞു നിന്നു.സംഭാഷണങ്ങളിലെ പ്രാധാന്യവും നിലാവരുമൊക്കെ മണിയുടെ അഭിനയത്തിന് കൂടുതല്‍ നിറം പകരുന്നുണ്ട്.
ആശയം വ്യത്യസ്തമാണ്, പക്ഷേ കഥയിലോ തിരക്കഥയിലോ ഒന്നും അധികം കെട്ടുറപ്പില്ലാത്ത ഒപ്പത്തില്‍ മോഹന്‍ലാലിലെ ജയരാമന്‍ മാത്രമാണ് ഹീറോയെന്നതും എടുത്തു പറയേണ്ടതായ കാര്യമാണ്. ആര് ആര്‍ക്ക് മുന്നില്‍ എത്തുന്നു എന്നുള്ളതല്ല അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കുള്ളില്‍ നിലയുറപ്പിക്കുന്നുണ്ടോ? എന്നതിലാണ് കാര്യം. അങ്ങനെ നോക്കിയാല്‍ ‘ഒപ്പ’ത്തിലെ ജയരാമനും ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനി’ലെ രാമുവും പ്രേക്ഷകരെ ഒരുപാട് ഇഷ്ടപ്പെടുത്തിയ രണ്ട് മികവുറ്റ കഥാപാത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button