General

ഈ മുരുകന്‍ വാറുണ്ണിയെ പിന്നിലാക്കുമോ?

ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാല്‍ ‘പുലിമുരുകാനാ’യി അവതരിക്കുന്നത്. ‘പുലി മുരുകന്‍’ എന്ന നാമമാണ് ചിത്രത്തിന് നല്‍കിയതെങ്കിലും മോഹന്‍ലാലിനോട് ചിത്രത്തില്‍ ഏറ്റുമുട്ടാന്‍ എത്തുന്നത് കടുവയാണ്. കടുവയും,മോഹന്‍ലാലും തമ്മിലുള്ള ഉശിരന്‍ പോരാണ്‌ വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്‍റെ ഇതിവൃത്തം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ മമ്മൂട്ടിയും മോഹന്‍ലാലിന് സമാനമായ ഇത്തരമൊരു റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഐ.വി ശശി-ലോഹിതദാസ് കൂട്ടുകെട്ടിലെ ‘മൃഗയ’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയുടെ വാറുണ്ണി പ്രേക്ഷകര്‍ക്ക് വിസ്മയമായത്. നാട്ടില്‍ ഭീതി സൃഷ്ട്ടിക്കുന്ന പുലിയെ കൊല്ലാനായെത്തുന്ന നായാട്ടുകാരനെ മമ്മൂട്ടി മികച്ചതാക്കി. ഐ.വി ശശി എന്ന ഹിറ്റ് മേക്കറും തൂലിക അത്ഭുതമാക്കിയ ലോഹിതദാസും ചേര്‍ന്നപ്പോള്‍ ‘മൃഗയ’ മലയാള സിനിമയിലെ മികച്ച കലാസൃഷ്ടിയായി.

‘മൃഗയ’ എന്ന കഥയ്ക്ക് സമാനമായ രീതിയില്‍ മറ്റൊരു മൃഗവേട്ട ചിത്രം വരുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. ഇവിടെ നായാട്ടുകാരനായി അവതരിക്കുന്നത് മലയാളത്തിന്‍റെ നരസിംഹമാണ്.
പഴയ ‘മൃഗയ’ മികച്ച തിരക്കഥയുടെ മേന്മയാണെങ്കില്‍ പുതിയ ‘മുരുകന്‍’ സാങ്കേതിക വിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാവും. കാലഘട്ടത്തിനനുസരിച്ചു മാറിയ ഇന്നത്തെ സാങ്കേതിക വിദ്യയുടെ പുരോഗമനം ചിത്രത്തില്‍ ഭംഗിയായി നിര്‍വഹിക്കും എന്ന് തന്നെ കരുതാം. സിനിമയുടെ കഥയേക്കാളുപരി പ്രേക്ഷകരുടെ മനം നിറയുന്നത് ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ നന്നായി പ്രയോജനപ്പെടുത്തുമ്പോഴാണ്‌. മോഹന്‍ലാലിലെ നടന്‍ മുരുകനെ അസ്സലാക്കി മാറ്റും എന്നതില്‍ തര്‍ക്കമില്ല. മമ്മൂട്ടിയുടെ വാറുണ്ണി കടന്നു പോയ അതേ മലയാള സിനിമയില്‍ മുരുകനും വിസ്മയം രചിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
നമുക്കിനി കാത്തിരുന്നു കാണാം മലയാള സിനിമയിലെ മികച്ച നായാട്ടുകാരന്‍ വാറുണ്ണിയാകുമോ അതോ മുരുകനാകുമോ?

shortlink

Post Your Comments


Back to top button