ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നതൊടൊപ്പം ഓണചിത്രങ്ങളെയും വരവേല്‍ക്കാന്‍ ഓരോ പ്രേക്ഷകരും തയ്യാറായിക്കഴിഞ്ഞു. നല്ല നല്ല കൂട്ടുകെട്ടുകള്‍ ഒന്നിക്കുന്ന നിരവധി മലയാള ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് ബിഗ്സ്ക്രീനില്‍ എത്തുന്നത്. മോഹന്‍ലാലും, ദിലീപും, പൃഥ്വിരാജും കുഞ്ചാക്കോബോബനുമടക്കമുള്ള മുന്‍നിര താരങ്ങള്‍ തന്നെയാണ് ഈ ഓണത്തിനും പതിവ് പോലെ സാന്നിദ്ധ്യമറിയിക്കുന്നത്.
‘ഒപ്പം’
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഒപ്പം’ എന്ന ഓണചിത്രത്തെ ആവേശപൂര്‍വ്വം സ്വീകരിക്കാന്‍ ലാലേട്ടന് ആരാധകരും സിനിമാ പ്രേമികളും ഒരുങ്ങിക്കഴിഞ്ഞു. പഴയ കൂട്ടുകെട്ട് പുത്തന്‍ വിസ്മയം രചിക്കുന്നതും നോക്കി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ‘ജയരാമന്’ എന്ന അന്ധന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. നല്ല സംവിധാനവും, നല്ല തിരക്കഥയും, നല്ല ഗാനങ്ങളും മോഹന്‍ലാലിലെ സ്വാഭാവിക അഭിനയവുമെല്ലാം ഈ ചിത്രത്തില്‍ കൂടിചേര്ന്നാല് മികച്ചൊരു ഓണസദ്യ തന്നെയാകും പ്രേക്ഷകര്‍ക്ക് ‘ഒപ്പ’ത്തിലൂടെ ലഭിക്കാന്‍ പോകുന്നത്. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ മൂഡിലാണ് ചിത്രത്തിന്റെ സഞ്ചാരം. ഗോവിന്ദ് വിജയന്റെ കഥയക്ക് തിരക്കഥ രചിക്കുന്നത് പ്രിയദര്‍ശനാണ്. സെപ്തംബര്‍ 8-നു ചിത്രം പ്രദര്‍ശനത്തിനെത്തും. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബേബി മീനാക്ഷി, സമുദ്രക്കനി, അനുശ്രീ, വിമല രാമന്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
‘ഊഴം’
‘മെമ്മറീസ്’ എന്ന ചിത്രത്തിന് ശേഷം ജീത്തുജോസഫ്-പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ഊഴം’. ഓണം റിലീസായി ഒരുങ്ങുന്ന പൃഥ്വിരാജിന്റെ ‘ഊഴ’വും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. ആക്ഷന്‍ മൂഡിലുള്ള ഒരു പ്രതികാരകഥയാണ് ‘ഊഴ’ത്തിന്റെ പ്രമേയം. സൂര്യ എന്ന കഥാപാത്രമായിട്ടാണ് ‘ഊഴ’ത്തിലെ പൃഥ്വിരാജിന്റെ വരവ്. ‘അയാള്‍ ഞാനല്ല’ ഫെയിം ദിവ്യാപിള്ളയാണു നായിക. പുതുമുഖം രസ്നയാണ് മറ്റൊരു നായിക. സി.ജോര്‍ജ്, ആന്റോ പടിഞ്ഞാറേക്കര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഒപ്പത്തി’നൊപ്പം സെപ്റ്റംബര്‍ എട്ടിനാണ് ‘ഊഴ’ത്തിന്റെയും റിലീസ്. നീരജ് മാധവ്, സീത, തമിഴ് നടന്മാരായ ജെ.പി. പശുപതി, ഇര്‍ഷാദ്, അന്സബ പോള്‍, ടോണിലൂക്ക, കിഷോര്‍ സത്യ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’
പ്രിയന്-മോഹന്‍ലാല്‍ ടീം പോലെ പഴയൊരു മികച്ച കൂട്ടുകെട്ട് ഇവിടെയും ഒന്നിക്കുകയാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്തു ജനപ്രിയന് നായകനായെത്തുന്ന ഓണവിരുന്നാണ് ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’. വൈശാഖ് രാജന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബെന്നി.പി നായരമ്പലമാണ്. ഫെസ്റ്റിവല്‍ നേരം ചിരിപ്പിക്കാന്‍ എത്തുന്ന ദിലീപ് സിനിമകളെ പ്രേക്ഷകര്‍ ഇതുവരെയും തഴഞ്ഞിട്ടില്ല. കുടുംബപ്രേക്ഷകര്‍ക്കും, കുട്ടികള്‍ക്കുമടക്കം ആസ്വദിക്കാനുള്ള ചേരുവ പാകത്തിനുണ്ടാവും മിക്ക ദിലീപ് ചിത്രങ്ങളിലും. അത്തരമൊരു വിഭവസമൃദ്ധമായ ഓണസദ്യ തന്നെയാകും ഇതെന്നും നമുക്ക് പ്രതീക്ഷിക്കാം . വേദികയാണ് ചിത്രത്തിലെ നായിക. രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, അജുവര്‍ഗീസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറക്കുന്നത് സെപ്റ്റംബര്‍ 9-നാണ്.
‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’
30 വര്‍ഷത്തിനു ശേഷം ഉദയ പിക്ചേഴ്സ് ഒരു ചിത്രവുമായി നമുക്ക് മുന്നിലെത്തുകയാണ്. ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. കുഞ്ചാക്കോ ബോബന് നിര്‍മിച്ച് സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീഷിന്റെ മകന് രുദ്രാക്ഷ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുന്നു. നെടുമുടി വേണു, കെ.പി.എ.സി. ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. സെപ്റ്റംബര്‍ 9നാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’യും പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
‘ഒരു മുത്തശ്ശിഗദ’
ചിത്രത്തിന്റെ പേരിലെ പുതുമയാകും പലരെയും ഈ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നത്. ‘ഓംശാന്തി ഓശാ’ന എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന വളരെ രസകരമായ ചിത്രമാണ് ‘ഒരു മുത്തശ്ശി ഗദ’. രണ്ടു മുത്തശ്ശിമാരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് മെഹ്തയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനീത് ശ്രീനിവാസന്, അജു വര്‍ഗീസ്, രാജീവ് പിള്ള, ലെന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 15-നു ഈ മുത്തശ്ശിമാര്‍ ഗദയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
‘ഒരേ മുഖം’
എണ്‍പതുകളുടെ കാമ്പസ് പശ്ചാത്തലമാക്കി സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥപറയുന്നൊരു ചിത്രം കൂടി ഈ ഓണത്തിന് നിങ്ങള്‍ക്ക് മുന്നിലെത്തും. ‘ഒരേ മുഖം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് നവാഗതനായ സജിത് ജഗന്നാഥനാണ്. ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, അര്ജുന് നന്ദകുമാര്‍, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.
Post Your Comments