GeneralNEWS

ആകാശഗംഗയുടെ 125 ാം ദിനാഘോഷ വിവാദം: സത്യാവസ്ഥ വെളിപ്പെടുത്തി വിനയന്‍

സംവിധായകന്‍ വിനയന്റെ നിര്‍മ്മാണത്തിലും സംവിധാനത്തിലും 1999 പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ്‌ ‘ആകാശഗംഗ’. വന്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ 125 ാം ദിനാഘോഷത്തിന് ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിനെ വിളിച്ചില്ലെന്ന് പരാതിയുര്‍ന്നിരുന്നു. മതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനത്തില്‍ രാമചന്ദ്ര ബാബു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സംഭവം വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ചിത്രന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ മനോരമയുടെ വാചകമേളയില്‍ രാമചന്ദ്രബാബുവിന്റെ വാക്കുകള്‍ വീണ്ടും പ്രസിദ്ധീകരിച്ചതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിനയന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

ചിത്രത്തിന്റെ 125 ാം ദിനം ആഘോഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ വിനയന്‍ താന്‍ സ്വന്തമായി നിര്‍മ്മിച്ച ഒരു ചിത്രത്തിന്റെ ഗംഭീരവിജയം ആഘോഷിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല മറിച്ച്, അന്നത്തെ സാഹചര്യവും, തിരക്കും മൂലമാണ് അങ്ങനെ ഒരു പരിപാടി പ്ലാന്‍ ചെയ്യാന്‍ പറ്റാതെ പോയതെന്നും പറഞ്ഞു. പകരം മെമെന്റൊ ഉണ്ടാക്കി എല്ലാവര്‍ക്കും എത്തിച്ചിരുന്നു. ബാബുവേട്ടനും രാജന്‍ ഫിലിപ്പ് വഴി ആ മെമെന്റൊ കിട്ടിയെന്നാണ് അറിഞ്ഞതെന്നും വിനയന്‍ പറഞ്ഞു.

വിനയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പ്രിയമുള്ള ബാബുവേട്ടന്,
കഴിഞ്ഞ ലക്കം മതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ആകാശഗംഗയെ” കുറിച്ച് എഴുതിയ ലേഖനം വായിച്ചു തീര്‍ന്നപ്പോള്‍ സത്യത്തില്‍ എനിക്ക് അത്ഭുതം തോന്നി. ഒത്തിരി നല്ല കാര്യങ്ങള്‍ വസ്തുനിഷ്ഠമായി തന്നെ എഴുതിയിട്ടുണ്ട്. പക്ഷേ അവസാന ഖണ്ഡികയില്‍ “ചിത്രത്തിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ദിവസം ആഘോഷിച്ചപ്പോള്‍ എന്നെ വിളിച്ചില്ല” എന്ന് ആരോപണരൂപേണ എഴുതിയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. നടക്കാത്ത ഒരാഘോഷത്തെ പറ്റി ആ ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും എന്ന നിലയില്‍ എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ ബാബുവേട്ടന്‍ പരസ്യമായി പ്രതികരിച്ചതിനു മറുപടി എഴുതാം എന്നാദ്യം തീരുമാനിച്ചെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. മിനിഞ്ഞാന്നിറങ്ങിയ (ഓഗസ്റ്റ് 27) മനോരമ പത്രത്തിന്റെ “വാചകമേളയില്‍? ആ വാക്കുകള്‍ വീണ്ടും എടുത്തു കൊടുത്തിരിക്കുന്നു. എത്രയോ നല്ല കാര്യങ്ങളുണ്ടെങ്കിലും ഒരു നെഗറ്റീവ് ന്യൂസ് എവിടെക്കിട്ടും എന്നാണല്ലോ ആദ്യമേ നോക്കുന്നത്.കൂടെ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാരെയും തൊഴിലാളികളെയും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അങ്ങയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാവനയുടെ നിജസ്ഥിതി എന്നെ സ്നേഹിക്കുന്ന എന്റെ അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളോട് വ്യക്തമാക്കണം എന്ന് ഒടുവില്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ആകാശഗംഗയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആയി പ്രവര്‍ത്തിച്ച ശ്രീ. രാജന്‍ ഫിലിപ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഒരു പോസ്റ്റിട്ടത് (ആ പോസ്റ്റ് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്).

ഞാന്‍ സ്വന്തമായി നിര്‍മ്മിച്ച ഒരു ചിത്രത്തിന്റെ ഗംഭീരവിജയം ആഘോഷിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല മറിച്ച്, അന്നത്തെ സാഹചര്യവും, തിരക്കും മൂലമാണ് അങ്ങനെ ഒരു പരിപാടി പ്ലാന്‍ ചെയ്യാന്‍ പറ്റാതെ പോയത്. പകരം മെമെന്റൊ ഉണ്ടാക്കി എല്ലാവര്‍ക്കും എത്തിച്ചിരുന്നു. ബാബുവേട്ടനും രാജന്‍ ഫിലിപ്പ് വഴി ആ മെമെന്റൊ കിട്ടിയെന്നാണ് അറിഞ്ഞത്. ആകാശഗംഗ ഇറങ്ങിയതിനു ശേഷം ആ വര്‍ഷം തന്നെ മൂന്നു ചിത്രങ്ങള്‍ കൂടി (പ്രണയനിലാവ്, ഇന്‍ഡിപ്പെന്‍ഡന്‍സ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) എന്റേതായി റീലീസു ചെയ്യുകയുണ്ടായി. ഒരു വര്‍ഷം നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അതില്‍ ഒരു ചിത്രം സ്വന്തമായി നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തിരക്കും മാനസിക സംഘര്‍ഷവുമൊക്കെ ഊഹിക്കാവുന്നതല്ലെ ഉള്ളു.
ആകാശഗംഗയുടെ ഛായാഗ്രാഹകനായി ആദ്യമേ നിശ്ചയിച്ചിരുന്നത് ക്യാമറാമാന്‍ വേണുഗോപാലിനെയായിരുന്നു. അതിനു മുന്‍പ് ഞാന്‍ സംവിധാനം ചെയ്ത “അനുരാഗ കൊട്ടാരം” എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വേണുഗോപാലായിരുന്നു. ആ ചിത്രത്തില്‍ ഇളയരാജ ട്യൂണ്‍ ചെയ്ത ഒരു പാട്ടില്‍ ദിലീപും സുവലക്ഷ്മിയും പങ്കെടുക്കുന്നു നിരവധി മിച്ചല്‍ ക്യാമറാ ഷോട്ടുകള്‍ പിക്ചറൈസ് ചെയ്തിരുന്നു. ആ ഷോട്ടുകളെല്ലാം പെര്‍ഫക്റ്റായിരുന്നതുകൊണ്ടും, ആകാശഗംഗയില്‍ ധാരാളം മിച്ചല്‍ ക്യാമറാ ഷോട്ടുകള്‍ വേണ്ടിയിരുന്നതിനാലും ആണ് വേണുവിനെ നിശ്ചയിച്ചതും അഡ്വാന്‍സ് കൊടുത്തതും. എന്നാല്‍ നേരത്തെ ശ്രീ ലോഹിതദാസിന്റെ ചിത്രത്തിന് എഗ്രിമെന്റിടുകയും (അരയന്നങ്ങളുടെ വീട് ആണെന്നു തോന്നുന്നു) അതിന്റെ ഡേറ്റ് മാറിയതിനാല്‍ ആകാശഗംഗയുടെ ഡേറ്റുമായി ക്ലാഷ് ആകുമെന്ന് ക്യാമറാമാന്‍ വേണുഗോപാല്‍ അറിയിച്ചപ്പോളാണ് കേരളത്തിന്റെ മാസ്റ്റര്‍ ഛായാഗ്രാഹകനായ ശ്രീ രാമചന്ദ്രബാബുവിനെ “ആകാശഗംഗയുടെ” DOP ആയി നിശ്ചയിക്കുന്നത്. ബാബുവേട്ടന്‍ ആ ജോലി അതിമനോഹരമായി നിര്‍വ്വഹിക്കുകയും ചെയ്തു.

ആ ചിത്രത്തിന്റെ നിര്‍മ്മാണസമയത്ത് ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റിയും പ്രശ്നങ്ങളെ പറ്റിയും ബാബുവേട്ടന്‍ എഴുതിയത് സത്യം തന്നെയാണ്. ഒന്നൊഴിച്ച്… ആ ചിത്രം വിജയിച്ചില്ലായിരുന്നുവെങ്കില്‍ വിനയനു പലതും നഷ്ടപ്പെടുമെന്നും, വിനയന്‍ തകര്‍ന്നു പോകുമെന്നും ഒക്കെ എഴുതിയത് എന്നെ താങ്കള്‍ക്ക് ശരിക്കും അറിയാത്തകൊണ്ടാണ്. പലതും നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു. വീടുപണിക്കായി ലോണെടുത്ത 40 ലക്ഷം രൂപയും വേറെ കുറെ പൈസയും നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ടൊക്കെ തകര്‍ന്നുപോകുന്നതാണോ നമ്മുടെയൊക്കെ ജീവിതം? അതിലുമൊക്കെ എത്രയോ പണം ഉണ്ടാക്കുകയും പോകുകയും ചെയ്തിരിക്കുന്നു. കുട്ടനാട്ടിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളരുമ്പോഴും ഉലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥനാകുമ്പോഴും സിനിമയുടെ വര്‍ണ്ണപ്രപഞ്ചത്തിന്റെ ഗ്ലാമറും പ്രശസ്തിയുമൊന്നും ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. പാടത്ത് മട വീണാല്‍ പട്ടിണിയും വിളവുണ്ടായാല്‍ ധനികനും എന്ന കുട്ടനാടന്‍ കര്‍ഷകന്റെ മാനസികാവസ്ഥ ഞാനിപ്പോഴും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് പണം ഇല്ലാത്തപ്പോഴും, ഉണ്ടായിരിക്കുമ്പോഴും, പ്രതിസന്ധിയിലും, സന്തോഷത്തിലും എല്ലാം എന്നിലെ വ്യക്തിത്വത്തിനും നിലപാടിനും ഒരു മാറ്റവും ഞാന്‍ വരുത്തിയിട്ടില്ല. എന്നെ വ്യക്തിപരമായി ഒത്തിരി ഇഷ്ടമുണ്ടെന്ന് എന്നോട് തന്നെ പറഞ്ഞിരുന്ന ബാബുവേട്ടന്‍ ഇപ്പോള്‍ തന്നെക്കൊണ്ടാവുന്ന രീതിയില്‍ കുത്തിനോവിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പുതിയ സാഹചര്യങ്ങളും സംഘടനാ പ്രശ്നങ്ങളും ഒക്കെ കാരണമായിരിക്കുമോ എന്നു ഞാന്‍ സംശയിക്കുന്നു. എന്തെന്നാല്‍ ഞാന്‍ സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചവര്‍ പോലും എന്നെക്കുറിച്ച് ഒരു വാക്ക് നല്ലതു പറയരുതെന്നും, എഴുതരുതെന്നും സിനിമാതമ്പുരാക്കന്മാര്‍ തീട്ടൂരം കൊടുത്തിരിക്കുന്ന ഒരു കാലഘട്ടമാണല്ലൊ ഇപ്പോള്‍.

ആകാശഗംഗയുടെ വിജയത്തിന് ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രീ രാമചന്ദ്രബാബുവിന്റെ ഒത്തിരി സംഭാവനകളുണ്ട്. അതിനു ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ തന്നെ തിരക്കഥ എഴുതിയ ബെന്നി പി. നായരമ്പലവും, കലാസംവിധായകന്‍ R. K.യും, സംഗീതസംവിധാകര്‍ ബേര്‍ണി ഇഗ്നേഷ്യസും, പശ്ചാത്തല സംഗീതമൊരുക്കിയ ശ്രീ രാജാമണിയും, ഗാനരചയിതാവ് രമേശന്‍ നായരും ആ ചിത്രത്തിലെ അഭിനേതാക്കളും, ആകാശഗംഗയുടെ വിതരണക്കാരന്‍ സി. സി. സ്റ്റാന്‍ലിയുമൊക്കെ അന്നത്തെ ആ വിജയത്തിന് സംഭാവന നല്‍കിയവരാണ്. എല്ലാവരോടുമുള്ള നന്ദി ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും.
ആകാശഗംഗയിലേക്ക് അന്നൊരു പ്രശസ്തനായ യുവനായകനാണ് അഡ്വാന്‍സ് കൊടുത്തിരുന്നത്. യക്ഷിക്കഥയുടെ ക്ലൈമാക്സില്‍ ഹീറോയിസം മന്ത്രവാദിക്കു പോകുന്നു എന്ന പരാതി അദ്ദേഹം ശക്തമായി ഉന്നയിച്ചപ്പോള്‍ ആ യുവനടനെ മാറ്റി ഒരു പുതുമുഖത്തെ നായകനാക്കുകയായിരുന്നു. കഥ മാറ്റിയാലും വേണ്ടില്ല യുവനടനെ ഇടണമെന്ന് വാശിപിടിച്ച വിതരണക്കാരന്‍ ഞാന്‍ അതിനു സമ്മതിക്കാതെ വന്നപ്പോള്‍ കാലുമാറി – അതറിഞ്ഞ നിര്‍മ്മാതാവും ടെന്‍ഷനിലായി. എന്തു സംഭവിച്ചാലും ഈ കഥയായിരിക്കും എന്റെ അടുത്ത സിനിമ എന്നു തീരുമാനിച്ചതുകൊണ്ടു തന്നെ ആ ടെന്‍ഷനെല്ലാം സ്വയം ഏറ്റെടുത്തുകൊണ്ട് നിര്‍മ്മാതാവിന്റെ മേലങ്കിയും ഞാന്‍ അണിയുകയായിരുന്നു. എന്റെ സിനിമാജീവിതത്തില്‍ ഇത്തരം ധാരാളം പ്രതിസന്ധിഘട്ടങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവയൊന്നും എന്നെ തളര്‍ത്തിയിട്ടില്ല, കൂടുതല്‍ കരുത്തേകിയിട്ടേയുള്ളു.

സ്ഥിരം ഛായാഗ്രാഹകനെ വെയ്ക്കാതെ ഓരോ ചിത്രങ്ങള്‍ക്കും വ്യത്യസ്തരായവരെ പരീക്ഷിക്കുക എന്നുള്ളത് എനിക്കൊരു ആവേശമായിരുന്നു. പ്രഗത്ഭരായ പല ഛായാഗ്രാഹകരുമായി വര്‍ക്ക് ചെയ്യുന്നത് ഒരു അനുഭവം തന്നെയായിരുന്നു. മലയാളത്തിലെ No. 1 ഛായാഗ്രാഹകനായ ശ്രീ വേണുവും (ശിപായി ലഹള) സുകുമാറും (തമിഴ്ചിത്രം കാശി) ദിനേശ് ബാബുവും (ഉല്ലാസപ്പൂങ്കാറ്റ്) ശ്രീ രാമചന്ദ്രബാബുവുമൊക്കെ എന്റെ ഓരോ ചിത്രങ്ങളെ ചെയ്തിട്ടുള്ളു. ഒരു സംവിധായകന്റെയും കൂടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്ര സംവിധായകനായതുകൊണ്ടു തന്നെ വ്യത്യസ്തരായ DOPമാരുടെ ലൈറ്റിംഗ് പാറ്റേണുകളും വര്‍ക്കുകളും ഞാനൊരു പാഠപുസ്തകം പോലെയാണു കണ്ടത്. എന്റെ കൂടെ വര്‍ക്ക് ചെയ്ത ഛായാഗ്രാഹകരായ ശ്രീ വിപിന്‍ മോഹനും, അഴകപ്പനും, സഞ്ജീവ് ശങ്കറും, ഉത്പലും, ഷാജിയും, രാജരത്നവുമെല്ലാം എനിക്കു പ്രിയങ്കരരായവര്‍ തന്നെയായിരുന്നു.
ഡി. റ്റി. എസ്. ശബ്ദസംവിധാനമോ, ഗ്രാഫിക്സിന്റെ മേന്മയോ ഒന്നും വന്നിട്ടില്ലാത്ത, സൂപ്പര്‍ സ്റ്റാറുകള്‍ കൊടികുത്തി വാഴുന്ന ഒരു കാലത്ത് ഒരു സൂപ്പര്‍ താരവും ഇല്ലാതെ ആകാശഗംഗപോലെ ഒരു ഹൊറര്‍ ചിത്രം സൂപ്പര്‍ ഹിറ്റാക്കാന്‍ കഴിഞ്ഞത് അഭിമാനപൂര്‍വ്വം ഞാന്‍ സ്മരിക്കുകയാണ്. അതിനു ശേഷം ഉടനെ ഹൊറര്‍ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം നിര്‍മ്മാതാക്കള്‍ സമീപിച്ചെങ്കിലും വാസന്തിയും ലക്ഷ്മിയും, ഇന്‍ഡിപ്പെന്‍ഡന്‍സും, കരുമാടിക്കുട്ടനും, ദാദാസാഹിബും, ഊമപ്പെണ്ണും പോലെയുള്ള റിയലിസ്റ്റിക് ആയ കഥകളാണ് ഞാന്‍ അതിനു ശേഷം തിരഞ്ഞെടുത്തത്. ആകാശഗംഗ കഴിഞ്ഞ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൃഥ്വിരാജും ബേബി തരുണിയും അഭിനയിച്ച വെള്ളിനക്ഷത്രം എന്ന ഹൊറര്‍ ഫിലിം ഞാന്‍ ചെയ്തത്. അതിന്റെ ഛായാഗ്രാഹകന്‍ ഷാജി ആയിരുന്നു. 100 ദിവസം തീയറ്ററുകളില്‍ ഓടിയ ആ ചിത്രവും ഹിറ്റായിരുന്നു എന്ന കാര്യം മറച്ചുവെച്ച് ആകാശഗംഗയ്ക്കു ശേഷം വിനയന്റെ ഹൊറര്‍ ചിത്രങ്ങളൊന്നും ഹിറ്റായില്ല എന്ന് ബാബുവേട്ടന്‍ പറഞ്ഞത് ശരിയായോ? അങ്ങു തന്നെ ആലോചിക്കുക.

എല്ലാ സിനിമകളും വിജയിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ഥന. വ്യക്തിപരമായ അഭിപ്രായവ്യത്യാസമോ ശത്രുതയോ ഒക്കെ ഉണ്ടാകാം. പക്ഷെ സിനിമ, അതു നമ്മള്‍ സിനിമാക്കാരുടെ എല്ലാം ചോറാണ്. അതുകോണ്ട് എല്ലാ സിനിമകളും വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു. നടക്കാത്ത ഒരു ആഘോഷത്തിന് വിളിച്ചില്ല എന്ന ആരോപണം അങ്ങു തന്നെ തിരുത്തും എന്നു പ്രതീക്ഷിച്ചുകോണ്ട് നിര്‍ത്തട്ടെ.

സ്നേഹപൂര്‍വ്വം വിനയന്‍

shortlink

Related Articles

Post Your Comments


Back to top button