സിനിമയില്‍ നടിക്ക് മാത്രമാണ് പ്രായമേറുന്നത് നടന് പ്രായമാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരനുഭവമാണ് നടി മേനകയും പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന വേളയില്‍ തന്നോട് ചിലര്‍ ചോദിച്ച ചോദ്യം അത്തരത്തിലുള്ളതായിരുന്നു എന്ന് മേനക പറയുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മയായി അഭിനയിക്കുമോ? എന്നായിരുന്നു പലരുടെയും ചോദ്യം. ‘ഓപ്പോളും ഓര്‍മച്ചിത്രങ്ങളും’ എന്ന പേരില്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ആത്മകഥയിലാണ് മേനക ഇതിനെ കുറിച്ച് പങ്കുവെച്ചത്.
“ഏതാനും വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം പ്രിയദര്ശന് സുരേഷ്കുമാര്‍ ടീം ഒരുമിച്ച പടമായിരുന്നു ‘വെട്ടം’. ലൊക്കേഷനില്‍ ഞാനും പോകുമായിരുന്നു. ഇടവേളക്ക് ശേഷമുള്ള അഭിനയത്തിലേക്കുള്ള വരവ് സമയം ചെലവഴിക്കാന്കൂടിയുള്ളതായിരുന്നു എനിക്ക്. അഭിനയിക്കാന്‍ വരുന്നു എന്ന് കേട്ടപ്പോള്‍ പലരുടെയും ചോദ്യം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മയായി അഭിനയിക്കുമോ എന്നായിരുന്നു. ആ ചോദ്യം തന്നെ എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് ഏത് റോളും ചെയ്യണം എന്നുള്ളത് ശരിതന്നെയാണ്. ലാലേട്ടന്റെയും മമ്മുക്കയുടെയും അമ്മയായി അഭിനയിക്കാനുള്ള ശരീരവും മുഖവും പാകപ്പെട്ടിട്ടുണ്ടെങ്കില്‍ അഭിനയിക്കുന്നതില്‍ വലിയ കുഴപ്പമൊന്നും ഇല്ല. പക്ഷേ, എനിക്ക് അങ്ങനെയൊരു മുഖമുണ്ടോ, ഇല്ല. മോഹന്‍ലാലിന്റെ അമ്മയാണെന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കില്ല. ചില പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടാകും. അത് ചെയ്യുന്നതില്‍ കുഴപ്പവുമില്ല. നസീര്‍ സാറിന്റെ അമ്മയായി ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഇത് പക്ഷേ അങ്ങനെയൊന്നുമല്ല. ഒരു നടിയോട് ചുമ്മാ അങ്ങ് ചോദിക്കുകയാണ്. നടന് ഒരിക്കലും പ്രായമാകുന്നില്ല, നടിക്കേ പ്രായമാകുന്നുള്ളൂ എന്നപോലെ”.
Post Your Comments