പറവൂര്‍ ഭരതന്‍ എന്ന അതുല്യ പ്രതിഭ ഓര്‍മയായിട്ടു ഒരുവര്‍ഷം തികയുകയാണ്. എത്രയോ മലയാള സിനിമകളില്‍ സ്വഭാവിക അഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. പറവൂര്‍ ഭരതന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ‘മഴവില്‍കാവടി’ എന്ന സിനിമയിലെ മീശയില്ലാ വാസു. യാഥാര്‍ത്ഥ്യ ജീവിതത്തില്‍ നിന്ന് സിനിമയിലേക്ക് പറിച്ചു നട്ട കഥാപാത്രമായിരുന്നു മീശയില്ലാ വാസുവെന്ന് സിനിമയുടെ രചയിതാവായ രഘുനാഥ് പലേരി പറയുന്നു.
‘മഴവില്‍കാവടി’ എന്ന സിനിമയുടെ രചിയതാവായ രഘുനാഥ് പലേരി പറവൂര്‍ ഭരതന്‍ ചെയ്ത മീശയില്ലാ വാസുവിനെ കുറിച്ച് മുഖ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നതിങ്ങനെ
മഴവിൽ കാവടിയിൽ, “മീശയില്ലാ വാസു” ജനിക്കുന്നതിനും മുൻപാണ് “കളരിക്കൽ ശങ്കരൻകുട്ടി മേനോൻ അവർകൾ” പിറന്നത്. മേനോനൊരു കാര്യസ്ഥനെ എനിക്ക് വേണമായിരുന്നു. നിഷ്‌ക്കളങ്കനും എന്നാൽ രൗദ്രനുമായ ഒരാൾ. കാത്തിരുന്നപ്പോഴാണ് വലിയൊരു മീശയും വെച്ച് വാസു മുന്നിൽ വന്നത്.
കാടുപോലെ വളർന്ന മീശ.
നിഷ്‌ക്കളങ്ക പുരുഷ ലക്ഷണം.
മീശക്കു മുകളിലെ കണ്ണിൽ തെളിഞ്ഞ നീലാകാശമല്ലാതെ ഒരു പരുന്തുപോലും ഇല്ല.
എന്നെയെന്തിന് പുരുഷനാക്കി എന്ന സങ്കടം മാത്രം മുഖത്ത്. മനസ്സിൽ തെളിഞ്ഞ വാസുവിനോട് ഞാൻ ചോദിച്ചു.
“എങ്ങിനീ മീശ ഇത്രയധികം വളർന്നു…”
എന്നോടൊപ്പം വളർന്നതാണെന്ന് വാസു.
“വടിച്ചു കളയാനേ തോന്നിയില്ല…?”
വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് വാസു.
വാസുവിന് ഞാൻ പേരിട്ടു.
മീശയില്ലാ വാസു.
ആ കഥയിലെ ഏറ്റവും ശുദ്ധ ശുദ്ധൻ മീശയില്ലാ വാസുവാണ്.
മരം കാറിൽ വന്നിടിച്ചാലും അങ്ങിനൊരു മരം ഇതുവരെ അവിടെ ഞാൻ കണ്ടിട്ടില്ലെന്ന് സത്യം പറഞ്ഞ് മരത്തിനെ രക്ഷപ്പെടുത്താൻ വെമ്പുന്ന വാസു. വാസു പറയുന്നതും ചോദിക്കുന്നതും മണ്ടത്തരമല്ല. സത്യമാണ്. വാസുവിന് എല്ലാവരേയും ഇഷ്ടമാണ്. സ്‌നേഹമാണ്. അതുകൊണ്ടാണ് മീശയില്ലാ വാസു, കളരിക്കൽ ശങ്കരൻകുട്ടി മേനോന്റെ മകളെ പെണ്ണുകാണാൻ വന്നവരെ ഇത്തിരി പ്രതാപംകൊണ്ട് വീഴ്ത്താനായി മുതലാളിക്ക് ആനയെ ഉണ്ടാക്കാൻ കുഞ്ഞാപ്പുവും മുതലാളിയും പറഞ്ഞതനുസരിച്ച് പിണ്ടവും ചങ്ങലയും വാരാൻ പോയത്. ഇല്ലാത്ത ആനയെ മുതലാളിക്കായി മനസ്സിൽ വളർത്തിയത്. പെണ്ണുകാണാൻ വന്നവർ ആനയെക്കുറിച്ച് ചോദിച്ചതും വിരണ്ടുപോയ കളരിക്കൽ മേനോനെയും ബ്രോക്കർ കുഞ്ഞാപ്പുവിനെയും പുഷ്പ്പംപോലെ രക്ഷിച്ച്, അവരെ കടത്തി വെട്ടി വന്നവരോട് സത്യം പറഞ്ഞത്.
“ആനയെ മേയാൻ വിട്ടിരിക്ക്യാ… ”
മീശയില്ലാവാസുവിന് മീശയില്ലെന്ന് ആരാ പറഞ്ഞത്
Post Your Comments