GeneralNEWS

ഈ കിലുക്കത്തിന് ഇരുപത്തഞ്ചു വയസ്സ്

1991 ആഗസ്ത് പതിനഞ്ചിനാണ് ഈ കിലുക്കം മലയാളത്തില്‍ ആദ്യമായി കേട്ടുതുടങ്ങിയത്.ഇരുപത്തഞ്ചു വര്‍ഷങ്ങളുടെ യാത്രയില്‍ മലയാള സിനിമ ഒരുപാട് മാറിയിട്ടും മലയാളിയുടെ ഗൃഹാതുര ഹൃദയം തുറന്ന ഒരു ചിരി പോലെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്നുണ്ട് പ്രിയദര്‍ശന്‍ തന്ന ഈ ചിരിക്കിലുക്കം.

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലും ജഗതിയും തിലകനും ഇന്നസെന്റുമൊന്നും നടന്മാരല്ല പകരം ഊട്ടിയില്‍ കാമറ തൂക്കിയും വെല്‍കം പറഞ്ഞും മോണിംഗ് വോക്കിനു പോയും ലോട്ടറിയെടുത്തുമൊക്കെ ജീവിയ്ക്കുന്ന കഥാപാത്രങ്ങള്‍ ആണെന്ന് സങ്കല്‍പ്പിയ്ക്കാനും ആ സങ്കല്‍പ്പത്തില്‍ രസിയ്ക്കാനും നമുക്ക് ഇന്നും ഇഷ്ടമാണ്.ഇന്നും ദൈനംദിന ജീവിതസംഭാഷണങ്ങള്‍ക്കിടയില്‍ കിലുക്കത്തിലെ ഒരു ദയലോഗ് എടുത്തു പ്രയോഗിയ്ക്കാതെ നമ്മുടെ ദിവസങ്ങള്‍ കടന്നു പോകാറില്ല. എച്ചിയെന്നും എച്ചിയാടാ എന്ന് കൂട്ടുകാരനോട് പറയുമ്പോള്‍ അതിന്‍റെ ഒരു പശ്ചാത്തലം പറയുന്നവനോ കേള്‍ക്കുന്നവനോ ആലോചിക്കേണ്ടി വരാറില്ല..പെട്ടിയില്‍ കല്ലും മണ്ണും മഞ്ചാടിക്കുരുവും സൂക്ഷിയ്ക്കുന്ന,അങ്കമാലിയിലെ അമ്മാവന്റെ സ്വന്തം നന്ദിനി തമ്പുരാട്ടിമ്മാരേ ചെറു ചിരിയോടെ നമ്മള്‍ കാണാറുണ്ട്.അവരോട് സഹികെട്ട് പെണ്ണെ ‘പോയിക്കിടന്നുറങ്ങ് പെണ്ണേ’ എന്ന് പറയാന്‍ തോന്നാറില്ലേ?ജീവിതത്തില്‍ അറിയാതെ വരുന്ന ഭാഗ്യങ്ങളോട് ‘അടിച്ചു മോനെ’ എന്ന് നമ്മള്‍ പോലും അറിയാതെ സ്വാഭാവികമായി പ്രതികരിയ്ക്കാനും നമുക്ക് കഴിയുന്നുണ്ടെങ്കില്‍ അതിനു കാരണം കിലുക്കം എന്ന മാജിക്ക് ആണ്.

കിലുക്കം കാണുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത് ജഗതി ശ്രീകുമാര്‍ എന്ന നടനവിസ്മയത്തെ മലയാള സിനിമ എത്ര ആഴത്തില്‍ മിസ്സ്‌ ചെയ്യുന്നു എന്ന്.പകരം വയ്ക്കാനില്ലാത്ത തിലകന്‍ എന്ന പ്രതിഭയെ നഷ്ടമായതിന്റെ വേദന മനസ്സിലേയ്ക്ക് വരുന്നത്.പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ച് പോകുന്നത്.വളരെ കുറച്ചു നേരം മാത്രം വന്നുപോകുന്ന സുകുമാരിയും ജഗദീഷും ഉള്‍പ്പെടെയുള്ളവരുടെ കഥാപാത്രങ്ങള്‍ പോലും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.

വേണു നാഗവള്ളിയാണ് കിലുക്കത്തിന്റെതിരക്കഥയെഴുതിയത്.പ്രേക്ഷക മനസ്സില്‍ നേടിയ അനശ്വരമായ സ്ഥാനത്തിനപ്പുറം കിലുക്കം സാമ്പത്തികമായും വന്‍ വിജയമായിരുന്നു.മുന്നൂറു ദിവസമാണ് ഈ ചിത്രം തിയേറ്ററില്‍ ഓടിയത്.അഞ്ചു കോടി നേടുന്ന മലയാളത്തിലെ ആദ്യത്തെ സിനിമയുമായി മാറി കിലുക്കം.അഞ്ചു സംസ്ഥാന അവാര്‍ഡുകളും നേടി ഈ എവര്‍ ഗ്രീന്‍ ചിത്രം.

shortlink

Post Your Comments


Back to top button